കോട്ടയം: സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. വിവിധങ്ങളായ സാമൂഹ്യ ശുശ്രൂഷ മേഖലകളില്‍ സുത്യര്‍ഹമായ സേവനം അനുഷഠിച്ചു കൊണ്ടിരിക്കുന്ന സന്ന്യാസിനികളെ ആദരിക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയ സമരിറ്റന്‍ സമര്‍പ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിഭാഗം ജനങ്ങളേയും കോര്‍ത്തിണക്കികൊണ്ടുള്ള സാമൂഹ്യ ശുശ്രൂഷയിലൂടെ മുന്‍പോട്ട് പോകുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് എസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പിരീയര്‍ ജനറല്‍ റവ. സിസ്റ്റര്‍ സൗമി എസ്.ജെ.സി, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടും പീഡിയാട്രിക് ആന്റ് നിയോനാറ്റോളജി കണ്‍സള്‍ട്ടന്റുമായ സിസ്റ്റര്‍ ഡോ. ലത എസ്.വി.എം, ഇടുക്കി ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ലിറ്റില്‍ ഡോട്ടേഴ്‌സ് ഓഫ് സെന്റ് ജോണ്‍ ഗില്‍ബര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റോമില്‍ഡ, ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ദി മോസ്റ്റ് പ്രേഷ്യസ് ബ്ലെഡ് കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റിന്‍സി കോയിക്കര എന്നിവരാണ് ആദരിച്ചത്. പുരസ്‌കാര ജേതാക്കള്‍ക്ക് 5001 രൂപായും മൊമന്റോയും പൊന്നാടയുമാണ് സമ്മാനിച്ചത്. അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പേടത്തുമലയില്‍, ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈനി സിറിയക്, കെ.എസ്.എസ്.എസ് അസ്സി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. വൈദിക സന്ന്യസ്ത അല്‍മായ പ്രതിനിധികള്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുത്തു.




