ഇടുക്കിയുടെ മലനിരകളില്‍ നിന്നും ലഡാക്കിലെ മഞ്ഞുമലകളുടെ താഴവാരരങ്ങളില് താമസിക്കുന്ന കുട്ടികളോട് പരിസ്ഥിതിയുടെ സംരക്ഷണത്തെക്കുറിച്ചും, ലഹരിയില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സന്ദേശം നല്‍കിക്കൊണ്ടുള്ള യാത്രയില്‍ പങ്കാളിയായ കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ അധ്യാപകന് ജിനോ തോമസിനെ ഇടുക്കി ജില്ലാ കളക്ടര്‍ ഡോക്ടര്‍ ദിനേശന് ചെറുവാത്ത് അഭിനന്ദിച്ചു.
ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ശിശു ദിനത്തൊടാനുബന്ധിച്ചു കളക്ടറേറ്റിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തില്‍ വിധികര്‍ത്താവായി പങ്കെടുത്ത അധ്യാപകന് തന്റെ യാത്രാനുഭവങ്ങള്‍ കളക്ടറോട് പങ്കു വച്ചപ്പോഴാണ് കളക്ടര്‍ യാത്രയുടെ വിശദാംശങ്ങള്‍ അന്വേഷിക്കുകയും അധ്യാപകനെ അനുമോദിക്കുകയും ചെയ്തത്.
കഴിഞ്ഞ ആഴ്ചയിലാണ് ലഡാക്കില്‍ ഉടനീളം സഞ്ചരിച്ച് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി ആളുകളുമായി നേരിട്ട് ആശയവിനിമയം നടത്തുകയും, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും, ലഹരി ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും, പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെ പറ്റിയും പറഞ്ഞുകൊണ്ട് സന്ദേശ യാത്ര നടത്തിയത്.
ശിശു സംരക്ഷണത്തിന്റെയും, പ്രകൃതി സംരക്ഷണത്തിന്റെയും, തൂഫാന് സന്ദേശത്തിന്റെയും പ്രിന്റിങ്ങുകള്‍ ഉള്‍ക്കൊള്ളുന്ന ടീഷര്‍ട്ട് ജിനോ തോമസില്‍ നിന്നും കയ്യിലേറ്റുവാങ്ങിക്കൊണ്ട് കളക്ടര്‍ അനുമോദനങ്ങള്‍ അറിയിച്ചത്.
രണ്ടാഴ്ചക്കാലം താന്‍ ലഡാക്കില്‍ താമസിച്ച് വിവിധ ഇടങ്ങളില്‍ സഞ്ചരിച്ചതിന്റെ അനുഭവങ്ങളും കളക്ടര്‍ പങ്കുവെച്ചു.
അറിവുകള്‍ സമ്പാദിക്കുന്നതിന് യാത്രകള്‍ വളരെ ഉത്തമമാണെന്നും, നമുക്ക് ലഭിക്കുന്ന അറിവുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് മാതൃകാപരമായ പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ അദ്ധ്യാപകനായ ജിനോ തോമസ് അരീക്കര ഇടവക ചാഴികാട്ട് തട്ടാറുകുന്നേല്‍ കുടുംബാംഗവും,ഇടവകയിലെ വിശ്വാസ പരിശീലകനും, അതിരൂപതയിലെ ജീസസ് യൂത്ത് മൂവ്മെന്റ്, കാരിസ്മറ്റിക്, ലഹരി വിരുദ്ധ കമ്മീഷന് പ്രവര്‍ത്തകനുമാണ്.




