കോട്ടയം: ഉഴവൂര്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഹൈസ്കൂളിലെ (OLLHS) 1992 എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓര്‍മ്മക്കൂട്ട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പുതിയ കാരുണ്യപദ്ധതിയായ ‘ഓര്‍മ്മക്കൂട്ട് – സ്നേഹസ്പര്‍ശം’ ആരംഭിച്ചു. അരീക്കര കുഞ്ഞച്ചന് മിഷനറി ഭവനില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ ഭദ്രദീപം തെളിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.
2018-ലെ സില്‍വര്‍ ജൂബിലി പുനഃസംഗമത്തെത്തുടര്ന്ന് രൂപംകൊണ്ട ഓര്‍മ്മക്കൂട്ട് കൂട്ടായ്മയുടെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും പരിചരണകേന്ദ്രങ്ങളില്‍ കഴിയുന്ന നിരാലംബരായ വയോജനങ്ങള്‍ക്കും സ്നേഹവും കരുതലും പകരുകയാണ് ലക്ഷ്യം. രണ്ടുവര്‍ഷക്കാലം എല്ലാ മാസവും വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കൂട്ടായ്മയുടെ തീരുമാനം.
ഓര്‍മ്മക്കൂട്ട് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി അജി വേളൂപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സജീവ് കുരുവിള അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും അദ്ദേഹം വിശദീകരിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ ജോജോ ആനാലില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ നിന്നുള്ളവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓര്‍മ്മക്കൂട്ട് അംഗങ്ങളും നല്കുന്ന പിന്തുണയെക്കുറിച്ച് സംസാരിച്ചു.
ഉദ്ഘാടന പ്രസംഗത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരിലേക്ക് സ്നേഹവും കരുതലും എത്തിക്കേണ്ടതിന്റെ ആവശ്യകതയും മാര്‍ തോമസ് ആനിമൂട്ടില്‍ ഓര്‍മിപ്പിച്ചു. ഉഴവൂര്‍ ഫൊറോന വികാരി ഫാ. അലക്സ് ആക്കപ്പറമ്പില്‍, കുഞ്ഞച്ചന് മിഷനറി ഭവന് ഡയറക്ടര്‍ ബ്ര. ബിനോയ് ജെയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിനി ചാക്കോയും ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന് ഏലവുങ്കലും ചേര്‍ന്ന് പദ്ധതിയുടെ ലോഗോ അനാച്ഛാദനം ചെയ്തു. മാര്‍ തോമസ് ആനിമൂട്ടിലിനെയും ബ്ര. ബിനോയ് ജെയിംസിനെയും ഓര്‍മ്മക്കൂട്ടിന്റെ പ്രത്യേക ഫലകങ്ങള്‍ നല്കി ആദരിച്ചു. അന്തേവാസികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. ഭവനിലെ അന്തേവാസികളായ പ്രവീണും ജെയ്ക്കും ഗാനങ്ങള്‍ അവതരിപ്പിച്ചു. ഓര്‍മ്മക്കൂട്ട് അംഗവും ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ സ്റ്റീഫന്‍ കുന്നുംപുറത്ത് നന്ദി പറഞ്ഞു. ഭക്ഷണാശീര്വാദത്തോടെ സമ്മേളനം സമാപിച്ചു.
ഓരോ മാസവും തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അന്തേവാസികള്‍ക്കൊപ്പം സമയം ചെലവഴിക്കുക, ഭക്ഷണം ഒരുക്കി നല്‍കുക, വിനോദപരിപാടികള്‍ സംഘടിപ്പിക്കുക, ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറുക എന്നിവയാണ് പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. സഹായവിതരണത്തിനപ്പുറം അന്തേവാസികള്‍ക്കൊപ്പം സന്തോഷം പങ്കിടാനും അവര്‍ക്ക് സ്നേഹവും പരിഗണനയും അനുഭവവേദ്യമാക്കാനുമാണ് സ്നേഹസ്പര്‍ശം ലക്ഷ്യമിടുന്നത്.
റിപ്പോര്‍ട്ട്: ജോജോ ആനാലില്‍




