വെളിയന്നുര്‍: ജീവിതത്തിലെ 75-ാം പിറന്നാള്‍ ദിനമായ ഓഗസ്റ്റ് 23-ന് ഭവനരഹിതരായ ഒരു കുടുംബത്തിന് പുതിയ വീടിന്റെ താക്കോല്‍ കൈമാറി തന്റെ കാരുണ്യപ്രവര്‍ത്തനത്തിന്റെ 22-ാം ഭവനം പൂര്‍ത്തിയാക്കുകയാണ് വാലിമറ്റത്തില്‍ വി.കെ. സൈമണ്‍. കഴിഞ്ഞ 25 വര്‍ഷത്തിനിടെ 22 കുടുംബങ്ങള്‍ക്കാണ് സ്വന്തം നിലയില്‍ സൈമണ്‍ വീടുകള്‍ നിര്‍മിച്ച് നല്‍കിയത്.
2001-ല്‍ തന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ചാണ് സൈമണ്‍ ആദ്യമായി ഒരു ഭവനം നിര്‍മിച്ച് നല്‍കിയത്. അന്ന് ആരംഭിച്ച സേവനപ്രവര്‍ത്തനം 25 വര്‍ഷം പിന്നിടുമ്പോള്‍ 22 വീടുകളായി വളര്‍ന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 17 വീടുകളും മറ്റ് സ്ഥലങ്ങളിലായി അഞ്ച് വീടുകളുമാണ് ഇതുവരെ നിര്‍മിച്ചുനല്‍കിയത്.

ഇത്തവണത്തെ വീട് സൈമണിന്റെ ജീവിതത്തിലെ ഏറെ പ്രത്യേകതയുള്ള ഒരു ദിവസത്തിലാണ് കൈമാറുന്നത്. ഓഗസ്റ്റ് 23-ന് 75-ാം പിറന്നാള്‍ ആഘോഷിക്കുന്ന സൈമണ്‍, അതേ ദിവസം തന്നെ 22-ാമത്തെ വീടിന്റെ താക്കോല്‍ അര്‍ഹരായ കുടുംബത്തിന് കൈമാറും. സ്വന്തം പിറന്നാള്‍ ആഘോഷം മറ്റൊരു കുടുംബത്തിന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കമാകണമെന്ന ആഗ്രഹമാണ് ഇതിനു പിന്നില്‍.കുടുംബത്തിന്റെ ആവശ്യത്തിനനുസരിച്ച് വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിനൊപ്പം ചിലര്‍ക്ക് വിദ്യാഭ്യാസ-ചികിത്സാ സഹായങ്ങളും സൈമണ്‍ നല്‍കിവരുന്നു.
മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും ഈ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളും ചില ഭവനനിര്‍മാണങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.
75-ാം വയസ്സിലും കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് സൈമണ്‍. സ്വന്തം പിറന്നാള്‍ ദിനത്തില്‍ തന്നെ ഒരു കുടുംബത്തിന് സുരക്ഷിതമായ ഭവനം സമ്മാനിക്കുമ്പോള്‍, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം മറ്റൊരാളുടെ സന്തോഷമാണെന്ന സന്ദേശം കൂടിയാണ് അദ്ദേഹം നല്‍കുന്നത്.
അതുപോലെ തമിഴ്‌നാട്ടില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലേക്ക് പോയ സൈമണ്‍ സാമൂഹികസേവനം ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. നാട്ടിലും അമേരിക്കയിലുമായി സജീവമായിരുന്നു സൈമണിന്റെ ജീവിതം. മൂത്ത മകന്‍ സിംസണിന്റെ വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി മൂന്ന് നിര്‍ധന യുവതികള്‍ക്ക് വിവാഹസഹായം നല്‍കി. മകള്‍ സ്‌നേഹയുടെ വിവാഹത്തിന്റെ ഭാഗമായി മിയാവാ റോഡില്‍ പുതിയ ആരാധനാലയം നിര്‍മിച്ചുനല്‍കി. ഇളയ മകന്‍ സാംസന്റെ വിവാഹവേളയില്‍ ഫാ. ഡേവിസ് ചിറമേലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആംബുലന്‍സ് വാങ്ങിനല്‍കി. ഭാര്യ മേരിയുടെ സ്മരണയ്ക്കായി പുതിയൊരു വീടും നിര്‍മിച്ചുനല്‍കി.



