മെട്രീസ് ഫിലിപ്പ് സിങ്കപ്പൂര്‍
മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ’…. എല്ലാ അപ്നാദേശ് വായനക്കാര്‍ക് ഓണാശംസകള്‍. ഗ്രഹാതുരത്വത്തിന്റെ, സ്മരണകള്‍ ഉണര്‍ത്തികൊണ്ട്, മഹാബലി തമ്പുരാനെ വരവേല്‍ക്കാന്‍, ചിങ്ങ മാസത്തിലെ ഓണം നാളുകള്‍കായ്, നാടും, മറു നാടും ഒരുങ്ങി കഴിഞ്ഞു. കൊല്ലവര്‍ഷം 1202, ചിങ്ങം 1, മലയാളം മാസത്തിലെ പുതു വര്‍ഷം, 2026 ഓഗസ്റ്റ് 17ന് ആയിരുന്നു. പത്തു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഓണം ആഘോഷങ്ങള്‍ ആരംഭിക്കുന്ന ദിനം. മലയാളികള്‍ എവിടെയൊക്കെ ഉണ്ടോ അവിടെ ഓണം ആഘോഷം ഉണ്ടാകും. കേരളത്തില്‍ ഒരു വാരം മാത്രമേ ആഘോഷങ്ങള്‍ ഉണ്ടാകു, എന്നാല്‍ ലോകം മുഴുവന്‍ ഉള്ള പ്രവാസി മലയാളികള്‍ക്ക് മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാണ്. സിങ്കപ്പൂരില്‍, ജൂലൈ 19 ന്, വള്ളംകളിയോടെ ആരംഭിച്ചു. വിവിധ കമ്മ്യൂണിറ്റി ക്ലബ്കള്‍, വിവിധ അസോസിയേഷന്‍, മത, സാമൂഹ്യ, സാംസ്‌കാരിക സംഘടനകള്‍ ഉള്‍പ്പടെയുള്ളവര്‍ എല്ലാം ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കുന്ന, ഗംഭീരമായ കമ്പോങ് (നാട്ടിന്‍ പുറം )രീതിയില്‍ ഉള്ള ഓണാഘോഷമാണ് എല്ലായിടത്തും. ഓണ പൂക്കളവും, കളികളും, സദ്യയും, വടം വലിയും ഉള്‍പ്പടെ, ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഓണം ആഘോഷം. ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ പച്ച പുതച്ച നെല്‍പാടങ്ങളും പുഴകളും തോടുകളും നദികളും വനങ്ങളും നിറഞ്ഞ കേരളം. നാട്ടു രാജാക്കന്മാര്‍ ഭരണം നടത്തിയും, കലാ സാംസ്‌കാരിക വാണിജ്യ മേഖലകളിലും വിദ്യാഭ്യാസ മേഖലയിലും നാടന്‍ കലാരൂപങ്ങളും നൃത്തങ്ങളും നാടന്‍ പാട്ടുകളും അരങ്ങേറിയ കേരളം. ആ പഴയകാല കേരളത്തിന്റെ ഓര്‍മ്മകളില്‍ എന്നും സന്തോഷം കണ്ടെത്തുന്ന മലയാളികള്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പ് മഹാബലിത്തമ്പുരാന്‍ നാടു വാണ ഒരു കാലമുണ്ടായിരുന്നു. ആ കാലഘട്ടം വളരെയധികം സുന്ദരമായിരുന്നു. കള്ളവും ചതിയും ഇല്ലാത്ത കാലം. എവിടേയും സന്തോഷവും പരസ്പര സ്‌നേഹവും മാത്രം. തന്റെ പ്രജകളെ കാണുവാന്‍ ആ മഹാബലിത്തമ്പുരാന്റെ വരവാണ് നമ്മള്‍ ഓണമായി ആചരിക്കുന്നത്. ഓണക്കാലം എന്നു കേട്ടാല്‍ നമ്മുടെ മനസിലേക്ക് ഒരായിരം ചിന്തകളും സന്തോഷകരമായ മുഹൂര്‍ത്തങ്ങളുമാണ് കടന്നുവരുന്നത്. കേരളത്തില്‍ ആഘോഷിക്കുന്ന ഏറ്റവും വലിയ ഉത്സവമാണ് ഓണം. സംസ്ഥാന ഗവര്‍മ്മെന്റ് ടൂറിസം വാരമായി ആഘോഷിക്കുന്നത് ഓണക്കാലത്താണ്. കേരളത്തിന്റെ തനത് കലാ രൂപങ്ങള്‍ പ്രകടിപ്പിക്കുന്നതും ഈ സമയത്തുതന്നെ. ഓണക്കാലം ആഘോഷങ്ങളുടേയും കലാ കായിക മത്സര ങ്ങളുടേയും സമയമാണ്. നാടന്‍ പാട്ടുകളും നാടന്‍ കളികളും ഒത്തു ചേരുന്നു. പഞ്ഞക്കര്‍ക്കിടകം മാറി ചിങ്ങം പിറക്കുമ്പോള്‍ത്തന്നെ മലയാളികളുടെ മനസില്‍ സന്തോഷത്തിന്റെ അലയടികളാണ്. ഫുട്‌ബോള്‍, തലപ്പന്തുകളി, കുട്ടിയും കോലും, ചീട്ടുകളി, സുന്ദരിക്കൊരു പൊട്ടുതൊടല്‍, വാഴയില്‍ കേറ്റം, ചുണ്ടന്‍ വള്ളംകളി എന്നിങ്ങനെ വിവിധയിനം മത്സരക്കളികള്‍ അരങ്ങേറുന്ന ഓണക്കാലത്ത് വളരെ വാശിയോടെയാണ് കേരളീയര്‍ ഈ മത്സരങ്ങളില്‍ പങ്കു ചേരുന്നത്. ഓണത്തിന് ഒരാഴ്ച മുമ്പേ വീടും പരിസരവും ശുചിയാക്കും. ഓണസദ്യക്കുള്ള സാധനങ്ങള്‍ എല്ലാം മുമ്പേ ഒരുക്കിവച്ചിരിക്കും. കുടുംബാംഗങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്ന് പൂക്കളം ഒരുക്കുകയും ഓണസദ്യ ഒരുക്കുകയും തുടര്‍ന്ന് കുളിച്ച് പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് വാഴയിലയിട്ട് വിഭവസമൃദ്ധമായ ഓണ സദ്യ ഉണ്ട് ആഘോഷിക്കുന്നു. സിങ്കപ്പൂരിലെ മലയാളികള്‍ക്ക് എല്ലാ വര്‍ഷവും ഓണം വലിയ ആഘോഷം തന്നെയാണ്. പ്രവാസി ലോകത്തില്‍, തിരുവോണത്തിന്റെ അന്ന് വീടുകളില്‍ കുടുംബാംഗങ്ങള്‍ എല്ലാരും ഒത്തുചേര്‍ന്ന് ഓണം ആഘോഷിക്കുവാന്‍ സാധിച്ചില്ലങ്കില്‍ കൂടി, മറ്റൊരു ദിവസം ജോലി എല്ലാം ഒഴിവാക്കി ഉച്ചക്കോ അല്ലെങ്കില്‍ വൈകിട്ടോ ഓണസദ്യയുണ്ട് ആഘോഷിക്കുന്നു. ഓണക്കളികളും ബോട്ട് റെയ്സും സാംസ്‌കാരിക സമ്മേളനങ്ങളും കലാസന്ധ്യയും ഓണസദ്യയുമൊരുക്കി പ്രവാസി ലോകം ഓണം ആഘോഷിക്കുന്നു. മധുരകരവും സുന്ദരവുമായ നല്ല ഓര്‍മ്മകളെ താലോലിച്ചുകൊണ്ട് ഓണക്കാലം നമുക്ക് ആഘോഷിക്കാം. എല്ലാവര്‍ക്കും സ്‌നേഹവും നന്മയും നിറഞ്ഞ ഒരായിരം ഓണാശംസകള്‍.




