16-ാമത് KCCNA കണ്‍വെന്‍ഷന്‍ : പ്രഥമ പ്രസിഡന്റ് പരേതനായ എബ്രഹാം നിരവത്തിന്റെ സ്മരണയ്ക്ക് കണ്‍വെന്‍ഷന്‍ ഹാളിന് നാമകരണം

ഫോര്‍ട്ട് ലോഡര്‍ഡെയില്‍,( ഫ്‌ലോറിഡ): വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ഏറ്റവും വലിയ ദേശീയ സംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കണ്‍വെന്‍ഷന്റെ ഭാഗമായി, ബ്രൗവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രധാന കണ്‍വെന്‍ഷന്‍ ഹാളുകളിലൊന്നയായ Floridian D ക്ക് KCCNAയുടെ പ്രഥമ പ്രസിഡന്റ് പരേതനായ എബ്രഹാം നിരവത്തിന്റെ പേര് നല്‍കാന്‍ KCCNA തീരുമാനിച്ചു. സംഘടനയുടെ ചരിത്രത്തിലെ മഹത്തായ സേവനങ്ങള്‍ക്ക് അര്‍പ്പിക്കുന്ന ആദരാഞ്ജലിയാണ് ഈ നാമകരണം.

KCCNAയുടെ രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അസാധാരണമായ നേതൃത്വവും ദീര്‍ഘവീക്ഷണവും കാഴ്ചവെച്ച വ്യക്തിയായിരുന്നു പരേതനായ എബ്രഹാം നിരവത്ത്. സംഘടനയുടെ ആശയരൂപീകരണത്തിലും, പ്രവര്‍ത്തനഘടന ഒരുക്കുന്നതിലും, വിവിധ ക്‌നാനായ സംഘടനകളെ ഒരുമയുടെ കുടക്കീഴില്‍ കൊണ്ടുവരുന്നതിലും അദ്ദേഹം വഹിച്ച പങ്ക് അതുല്യമാണ്. ഇന്ന് KCCNA കൈവരിച്ചിരിക്കുന്ന ശക്തിയും ഐക്യവും വളര്‍ച്ചയും അദ്ദേഹത്തെപ്പോലുള്ള ദീര്‍ഘദര്‍ശികളായ നേതാക്കളുടെ ആത്മസമര്‍പ്പിത പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് സംഘടന സ്മരിക്കുന്നു.

2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ ഫ്‌ലോറിഡയിലെ ബ്രൗവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 16-ാമത് KCCNA കണ്‍വെന്‍ഷനില്‍ ‘Abraham Niravath Memorial Hall’ എന്ന പേരില്‍ ഈ ഹാള്‍ അറിയപ്പെടും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് പ്രതിനിധികള്‍ക്ക് KCCNAയുടെ ചരിത്രവും അതിന്റെ സ്ഥാപക നേതാക്കളുടെ മഹത്തായ സംഭാവനകളും ഓര്‍മ്മപ്പെടുത്തുന്ന ശാശ്വത സ്മാരകമായിരിക്കും ഈ ഹാള്‍.

എബ്രഹാം നിരവത്തിന്റെ ജീവിതം നേതൃത്വത്തിന്റെയും, നിസ്വാര്‍ത്ഥ സേവനത്തിന്റെയും, സംഘടനാ പ്രതിബദ്ധതയുടെയും ഉജ്ജ്വല മാതൃകയാണെന്ന് KCCNA നേതൃത്വം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ നന്മയ്ക്കായി അദ്ദേഹം നടത്തിയ അക്ഷീണ പ്രയത്‌നങ്ങളും ദൂരദര്‍ശിയായ തീരുമാനങ്ങളും വരുംതലമുറകള്‍ക്കും പ്രചോദനമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഘടനയുടെ പ്രഥമ പ്രസിഡന്റായിരുന്ന എബ്രഹാം നിരവത്തിന്റെ സേവനപാരമ്പര്യത്തോടുള്ള ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്ന ഈ തീരുമാനം, KCCNAയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമായി വിലയിരുത്തപ്പെടുന്നു.

KCCNAയ്ക്ക് നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ (ഫ്‌ലോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക്), ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി സൂസന്‍ തെങ്ങുംതറയില്‍ (സാന്‍ ഹൊസെ), ട്രഷറര്‍ ജോജോ തറയില്‍ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോര്‍ക്ക്), ജോയിന്റ് ട്രഷറര്‍ ജെസ്നി കൊട്ടിയാനിക്കല്‍ (അറ്റ്‌ലാന്റ) എന്നിവരാണ്.

ഇവര്‍ക്കൊപ്പം കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ ജോബി ഊരാളില്‍, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോള്‍ മൂശാരിപ്പറമ്പില്‍ (ടാമ്പാ), എബി തെക്കനാട്ട് (മയാമി) എന്നിവരും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും മാസങ്ങളായി നടത്തിയ കൂട്ടായ പരിശ്രമമാണ് 16-ാമത് KCCNA നാഷണല്‍ കണ്‍വെന്‍ഷന്റെ വിജയത്തിനുള്ള ശക്തമായ അടിത്തറ.

ബൈജു ആലപ്പാട്ട് : KCCNA PRO.

Previous Post

ജെസിന്‍ ജോബിയെ ആദരിച്ചു

Next Post

ക്‌നാനായ കത്തോലിക്ക വിശ്വാസസംഗമം – വാഴ്വ് 2026′ സെപ്റ്റംബര്‍ 26ന്

Total
0
Share
error: Content is protected !!