ലണ്ടന്‍: ക്നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്നാനായ കത്തോലിക്ക വിശ്വാസ-പാരമ്പര്യ സംഗമമായ ‘വാഴ്വ് 2026’ സെപ്റ്റംബര്‍ 26-ന് ബഥേല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും.
ക്നാനായ കാത്തലിക് മിഷന്‍സ് യു.കെയുടെ കോര്‍ഡിനേറ്ററായി ഫാ. സുനി പടിഞ്ഞാറേക്കര ചുമതലയേറ്റതുമുതല്‍, യുകെയിലെ ക്നാനായ കത്തോലിക്കരുടെ വിശ്വാസ-പാരമ്പര്യ കൂട്ടായ്മയായ ‘വാഴ്വ്’ കൂടുതല്‍ സജീവവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പ്രവര്‍ത്തനങ്ങളിലേക്ക് വളര്‍ന്നു. ഒരു വാര്‍ഷിക സംഗമം എന്നതിലുപരി, പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്ന മാതൃകാപരമായ സംരംഭമായാണ് ‘വാഴ്വ്’ മാറിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ‘വാഴ്വ്’ പരിപാടിയുടെ വരുമാനത്തില്‍ നിന്ന് രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യം ഒരു ഭവനം എന്ന ലക്ഷ്യമായിരുന്നെങ്കിലും, വിശ്വാസികളുടെ ഉദാരമായ പിന്തുണയിലൂടെ അത് രണ്ട് ഭവനങ്ങളായി വികസിപ്പിക്കാന്‍ സാധിച്ചു. ഇത്തവണത്തെ ‘വാഴ്വ്’ വഴി കൂടുതല്‍ ഭവനനിര്‍മാണത്തിനും ചികിത്സാസഹായ പദ്ധതികള്‍ക്കും ധനസമാഹരണം ലക്ഷ്യമിടുന്നു.

മെയ് 16-ന് ലിവര്‍പൂളില്‍ നടന്ന എന്‍ട്രി പാസ് കിക്കോഫ് ചടങ്ങില്‍ നിരവധി കുടുംബങ്ങള്‍ ഗ്രാന്‍ഡ് സ്പോണ്‍സര്‍മാരായി പങ്കുചേര്‍ന്നു. ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹിച്ച് തെളിയിച്ച സ്നേഹദീപം വിവിധ മിഷനുകളിലേക്കും വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലേക്കും കൈമാറി. ഓരോ ഇടവകയിലും നടന്ന സ്നേഹദീപ പ്രയാണത്തിന് വിശ്വാസികളില്‍ നിന്ന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. നിലവില്‍ 15 ക്നാനായ കാത്തലിക് മിഷനുകളിലും വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും ‘വാഴ്വ്’ എന്‍ട്രി പാസ് കിക്കോഫ് പരിപാടികള്‍ പുരോഗമിക്കുകയാണ്.
വിശ്വാസവും ക്നാനായ പാരമ്പര്യവും പുതുതലമുറയ്ക്ക് കൈമാറുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, പുരാതന ക്നാനായ പാട്ടുകള്‍, നടവിളികള്‍ എന്നിവയുടെ അകമ്പടിയോടെ ‘വാഴ്വ് 2026’ അരങ്ങേറും. വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ഉത്സവവേദിയായി ബഥേല്‍ കണ്വെന്ഷന് സെന്റര്‍ മാറും.
– സക്കറിയ പുത്തന്‍കളം



