സീറോ മലബാര്‍ സഭയുടെ രാജ്കോട്ട് രൂപത മുന്‍ ബിഷപ്പ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ സിഎംഐ അന്തരിച്ചു. 93 വയസായിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ച രണ്ടിന് രാജ്കോട്ടില്‍ നടക്കും.രാജ്കോട്ട് രൂപതയുടെ രണ്ടാമത്തെ മെത്രാനായിരുന്ന അദ്ദേഹം നീണ്ട 27 വര്‍ഷക്കാലം രൂപതയെ വിജയകരമായി നയിച്ച വ്യക്തിത്വമാണ്. പാലാ രൂപതയിലെ ഈരാറ്റുപേട്ട ചെമ്മലമറ്റം കരോട്ടെമ്പ്രേല്‍ ദേവസ്യ-റോസമ്മ ദമ്പതികളുടെ നാല് മക്കളില്‍ മൂന്നാമനായി 1933 മേയ് 6-നാണ് ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം സി.എം.ഐ കൊച്ചി തിരുഹൃദയ പ്രൊവിന്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് വൈദികപഠനം പൂര്‍ത്തിയാക്കി 1963 മേയ് 17-ന് പൗരോഹിത്യം സ്വീകരിച്ചു. ദീര്‍ഘകാലത്തെ സഭാ ശുശ്രൂഷയ്ക്ക് ശേഷമാണ് അദ്ദേഹം രാജ്കോട്ട് രൂപതയുടെ അമരത്തേക്ക് എത്തുന്നത്.





