ഹൂസ്റ്റണ്‍: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം സന്ദര്‍ശിച്ച മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ഇടവകസമൂഹം പ്രൗഢഗംഭീര സ്വീകരണം നല്‍കി. തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ദൈവാലയത്തിലേക്ക് ആനയിച്ച വിശിഷ്ടാതിഥികളെ വികാരി ഫാ. അബ്രാഹം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍, ട്രസ്റ്റി ജെയിംസ് വടക്കേക്കര എന്നിവര്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു. ദൈവാലയത്തില്‍ പ്രവേശിച്ച പിതാക്കന്മാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയുടെ പ്രവേശന പ്രദക്ഷിണത്തില്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, മതബോധന അധ്യാപകര്‍, അള്‍ത്താര ശുശ്രൂഷകര്‍ എന്നിവര്‍ പങ്കെടുത്തു.
സമ്മേളനത്തിന്റെ ആമുഖപ്രസംഗത്തില്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്, ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയില്‍ 25 വര്‍ഷത്തിലേറെയായി മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്ന ഫാ. ഏബ്രാഹം മുത്തോലത്തിനെ അഭിനന്ദിച്ചു. രൂപതയുടെ പ്രഥമ വികാരി ജനറാളായി 12 വര്‍ഷം അദ്ദേഹം നിര്‍വഹിച്ച സ്തുത്യര്‍ഹമായ ശുശ്രൂഷകളെയും ബിഷപ് അനുസ്മരിച്ചു. കൂടാതെ, അമേരിക്കയിലെ ഷെക്കീന ഗ്ലോബല്‍ ന്യൂസിന്റെ ചാപ്ലെയിനായും ഫാ. മുത്തോലത്തിനെ നിയമിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.

സ്വാഗതപ്രസംഗത്തില്‍ ഫാ. അബ്രാഹം മുത്തോലത്ത്, ഹൂസ്റ്റണില്‍ ഷെക്കീന ഗ്ലോബല്‍ ന്യൂസിനായി 12 ഏക്കര്‍ സ്ഥലം സ്വന്തമാക്കുകയും അവിടെ ആരാധനാ ചാപ്പല്‍, ടെലിവിഷന്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ, ഓഫീസ് സൗകര്യങ്ങള്‍, താമസസൗകര്യം എന്നിവ ഒരുക്കുകയും ചെയ്ത ബ്രദര്‍ സന്തോഷ് കരുമത്രയെ പ്രത്യേകം അഭിനന്ദിച്ചു. 2026 ജൂലൈ 13-ന് ഈ ആധുനിക സൗകര്യങ്ങളുടെ ആശീര്‍വാദം നിര്‍വഹിക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്, ഫാ. ഫ്രാന്‍സിസ് ഇലവുത്തുങ്കല്‍, ഫാ. ഏബ്രാഹം മുത്തോലത്ത്, ഫാ. റോയി മൂലേച്ചാലില്‍, ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഐക്യം കാത്തുസൂക്ഷിക്കുന്നതിലും പുരാതനമായ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിലും ക്‌നാനായ സമൂഹം നല്‍കുന്ന വിലയേറിയ സംഭാവനകളെ മേജര്‍ ആര്‍ച്ച്ബിഷപ്പ് തന്റെ വചനസന്ദേശത്തില്‍ പ്രശംസിച്ചു. ക്‌നാനായ സമുദായത്തിന്റെ ന്യായമായ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിന് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സംസാരിച്ച ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഷെക്കീന ന്യൂസ് ചാനലിന്റെ ദൈവപരിപാലനയിലുള്ള വളര്‍ച്ചയെ അഭിനന്ദിച്ചു. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട സത്യസന്ധവും വസ്തുനിഷ്ഠവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഈ മാധ്യമം ആധുനിക ലോകത്ത് നിര്‍വഹിക്കുന്ന ദൗത്യം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കായി ഒരു പ്രത്യേക ഇംഗ്ലീഷ് ചാനല്‍ കൂടി ആരംഭിച്ച ബ്രദര്‍ സന്തോഷ് കരുമത്രയുടെ ദീര്‍ഘവീക്ഷണത്തെ അദ്ദേഹം പ്രത്യേകം ശ്ലാഘിച്ചു.
കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയോടു ചേര്‍ന്നുനിന്ന് ക്‌നാനായ കത്തോലിക്കാ സമൂഹത്തിനുവേണ്ടി ഫാ. അബ്രാഹം മുത്തോലത്ത് നിര്‍വഹിച്ച സ്തുത്യര്‍ഹ സേവനങ്ങളെ മാനിച്ച്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും ഇടവക ട്രസ്റ്റിമാരും ചേര്‍ന്ന് അദ്ദേഹത്തിന് ആദരസൂചകമായി മേജര്‍ ആര്‍ച്ച്ബിഷപ്പിലൂടെ ഫലകം സമര്‍പ്പിച്ചു.
ഷെക്കീന ന്യൂസ് ചാനലിലൂടെയും അമേരിക്കയില്‍ ഹൂസ്റ്റണ്‍ ആസ്ഥാനമായി ആരംഭിച്ച ഷെക്കീന ഗ്ലോബല്‍ ന്യൂസിലൂടെയും സഭയ്ക്ക് നല്‍കുന്ന മഹത്തായ മാധ്യമശുശ്രൂഷകളെ മുന്‍നിര്‍ത്തി ബ്രദര്‍ സന്തോഷ് കരുമത്രയെ മേജര്‍ ആര്‍ച്ച്ബിഷപ്പും മറ്റു പിതാക്കന്മാരും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങില്‍ പങ്കെടുത്ത പിതാക്കന്മാര്‍ക്കും വൈദികര്‍ക്കും ആത്മീയമായി ഒപ്പം നിന്ന വിശ്വാസികള്‍ക്കും ഫാ. അബ്രാഹം മുത്തോലത്ത് നന്ദി രേഖപ്പെടുത്തി. ഹൂസ്റ്റണില്‍ സ്വന്തമായ സ്ഥലവും ഓഫീസും സ്റ്റുഡിയോയും ആരാധനാ ചാപ്പലുമായി ഷെക്കീന ഗ്ലോബല്‍ ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചതിന് ദൈവത്തിന് നന്ദിയര്‍പ്പിക്കുന്ന വലിയൊരു പ്രാര്‍ത്ഥനാമുഹൂര്‍ത്തം കൂടിയായി ഈ ശുശ്രൂഷകള്‍ മാറി.
ബിബി തെക്കനാട്ട്





