അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉത്പാദന പ്രചരണങ്ങളുടെ പാരമ്പര്യമാണ് ഇന്ത്യയുടെ എക്കാലത്തെയും ഔന്നത്യം : ഗവര്‍ണര്‍ 

ഉഴവൂർ: അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉത്പാദന പ്രചരണങ്ങളുടെ പാരമ്പര്യമാണ് ഇന്ത്യയുടെ എക്കാലത്തെയും ഔന്നത്യം എന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഡോ. കെ. ആര്‍. നാരായണന്‍ ചെയറിന്റെയും ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ തിയേറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടാഗോറിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഭാരതത്തില്‍ ജനിച്ചു എന്നതിലല്ല മറിച്ച് ഭാരതീയര്‍ സജീവമായ വാക്കുകളെ വിജയകരമായി സംരക്ഷിക്കുന്നു എന്നതിനാല്‍ ഞാന്‍ ഭാരതത്തെ സ്‌നേഹിക്കുന്നു വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലാന്തരത്തില്‍ ജ്ഞാനലഭ്യത പൊതുസാമാന്യത്തില്‍ നിന്ന് അന്യവത്കരിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി. സ്വാമി രംഗ്‌നാഥ്‌നന്ദയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് ജ്ഞാനത്തിന്റെ ആരാധകരില്‍ നിന്ന് ജ്ഞാനത്തിന്റെ പ്രതിനായകരായി നാം മാറിയതോടെ ‘ അഹം ബ്രഹ്‌മാസമി, തത്വമസി’എന്ന ഭാരതീയ ദര്‍ശനങ്ങളില്‍ നിന്ന് നാം വ്യതിചലിച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വ്യതിചലനമാണ് ഡോ. കെ.ആര്‍. നാരായണന്‍ അടക്കമുളള ആളുകള്‍ ബാല്യത്തില്‍ നേരിട്ട വിവേചനമെന്നും നാം മനസ്സിലാക്കണം. വിദ്യാഭ്യാസം തന്നെത്തന്നെയും സമൂഹത്തെയും രൂപാന്തരപ്പെടുത്തുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഡോ. കെ. ആര്‍. നാരായണന്റെ ജീവിതമെന്നും ഗവര്‍ണര്‍ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

ഡോ. കെ. ആര്‍. നാരായണന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക, ജീവിതവിജയം കൈവരിക്കുന്നതിന് അദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങള്‍ പകര്‍ന്നു കൊടുക്കുക എന്നിങ്ങനെയുളള ഉദ്ദേശ്യത്തോടെ പ്രഭാഷണ പരമ്പകള്‍ സംഘടിപ്പിക്കുകയാണ് ഈ ചെയറിന്റെ ലക്ഷ്യം.
അത്യാധുനിക മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ മാതൃകയില്‍ രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങളോടുകൂടിയ ബിഷപ്പ് തറയില്‍ സ്മാരക എഡ്യൂക്കേഷണല്‍ തീയേറ്ററും ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സൗകര്യങ്ങളോടുകൂടിയ ഈ തീയേറ്റര്‍ പൂര്‍ണ്ണമായി ശീതീകരിച്ചതാണ്. 127 സീറ്റുകള്‍, അത്യാധുനിക സൗകര്യങ്ങളുളള മികച്ചവേദി, ശബ്ദസംവിധാനം, വൈഫൈ കണക്ഷന്‍ തുടങ്ങിയവയുണ്ട്. ഡിജിറ്റല്‍ സൗകര്യങ്ങളോടുകൂടിയ ഈ തീയേറ്റര്‍ ആധുനിക പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കു പഠനസൗകര്യം ഉറപ്പാക്കുന്നതിനും വിനോദത്തിലൂടെ വിജ്ഞാനം എന്ന ലക്ഷ്യത്തിലെത്താന്‍ സിനിമ ഉള്‍പ്പെടെയുളളവയുടെ അവതരണത്തിനും വേണ്ടിയാണ് സജ്ജമാക്കിയിരിക്കുന്നത്.

കോളേജ് മാനേജര്‍ ഫാ: അലക്‌സ് ആക്കപ്പറമ്പില്‍ കോളേജിന്റെ ഉപഹാരം ഗവര്‍ണര്‍ക്ക് സമ്മാനിച്ചു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷതവഹിച്ച  സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റീഫന്‍ മാത്യു സ്വാഗതം ആശംസിച്ചു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മോന്‍സ് ജോസഫ് എം.എല്‍.എ,  തോമസ് ചാഴികാടന്‍ എം.പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി ഐശ്വര്യ സുരേന്ദ്രന്‍ കൃതജ്ഞത അര്‍പ്പിച്ചു.

Previous Post

കാരിത്താസ് ആശുപത്രി ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക്​  ഉജ്ജ്വല സമാപനം 

Next Post

നീറിക്കാട്‌: കൂലേട്ട്‌ ഏലിയാമ്മ

Total
0
Share
error: Content is protected !!