അര്‍ബുദം: അറിഞ്ഞതിനുമപ്പുറം

പുസ്തക പരിചയം

കാന്‍സര്‍ രോഗത്തെ സംബന്ധിച്ച് ഇംഗ്ലീഷിലും മലയാളത്തിലും അനേകം പുസ്തകങ്ങള്‍ അടുത്തകാലത്ത് പ്രസിദ്ധീകൃതമായിട്ടുണ്ട്. കാന്‍സര്‍ വിദഗ്ധര്‍ രചിച്ച പുസ്തകങ്ങളില്‍ ഏറ്റവും പ്രസിദ്ധമായതും പുലിറ്റ്‌സര്‍ സമ്മാനം നേടിയതുമായ സിദ്ധാര്‍ത്ഥാ മുഖര്‍ജിയുടെ ഇംഗ്ലീഷ് പുസത്കം ”എല്ലാ രോഗങ്ങളുടേയും ചക്രവര്‍ത്തി തന്നെ. ഒരേസമയം ഡോക്ടറും അതേ സമയം കാന്‍സര്‍ രോഗിയുമായ പോള്‍ കലാനിധിയുടെ ”പ്രാണന്‍ വായുവിലലിയുമ്പോള്‍” അത്യന്തം ഹൃദ്യവും ദാര്‍ശനികവുമാണ്. മലയാളത്തില്‍ ഡോ. കൃഷ്ണന്‍ നായരുടെ ”ഞാനും ആര്‍.സി.സി” യും ഡോ. വി. പി. ഗംഗാധരന്റെ ജീവിതമെന്ന അത്ഭുത”വും സവിശേഷ ശ്രദ്ധയാകര്‍ഷിക്കും. കാന്‍സര്‍ രോഗികളുടെ അതിജീവന കഥകളുമായി ബന്ധപ്പെട്ട മലയാളത്തിലെ ആദ്യകാല പുസ്തകങ്ങള്‍ ജയിംസ് മാക്കീലിന്റെ ”കാന്‍സര്‍ രോഗിയുടെ ആത്മകഥ”യും ചന്ദ്രമതിയുടെ ”ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള”യും ഇന്നസെന്റിന്റെ ”കാന്‍സര്‍ വാര്‍ഡിലെ ചിരി”യും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്റെ കാന്‍സര്‍ എന്ന അനുഗ്രഹ”വും ജോര്‍ജ് കടുപ്പാറയുടെ ”കുന്തുരുക്കവും ശ്രദ്ധേയമാണ്.
കോട്ടയം കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒങ്കോളജിസ്റ്റ് ഡോ. ബോബന്‍ തോമസിന്റെ ”അര്‍ബുദം അറിഞ്ഞതിനപ്പുറം” എന്ന പുസ്തകം കാന്‍സറിനെ സംബന്ധിച്ച് പഠനവും അറിവും വിജ്ഞാനവും വായനാക്ഷമതയോടെ വിവരിക്കുന്ന വേറിട്ടൊരു പുസ്തകമാണ്. നമ്മുടെ പേടി സ്വപ്നങ്ങള്‍ക്കപ്പുറം പ്രതീക്ഷയുടെ കിരണങ്ങള്‍ ഡോ. ബോബന്‍ തോമസ് വരച്ചു കാട്ടുന്നു. കേരളത്തില്‍ വ്യാപകമായ സ്തനാര്‍ബുദത്തെ സംബന്ധിച്ച് രോഗികളും ബന്ധുക്കളും അവലംബിക്കേണ്ട കാര്യങ്ങള്‍ ലളിതമായും കൃത്യമായും അവതരിപ്പിക്കുന്നതില്‍ ഗ്രന്ഥകാരനായ ഒങ്കോളജി ഡോക്ടര്‍ വിജയിച്ചിട്ടുണ്ട്. തന്റെ ചികിത്സാനുഭവങ്ങള്‍ അദ്ദേഹത്തിന് രോഗികളോട് ”എമ്പതി” കാട്ടുവാനും അതുവഴി രാസ മരുന്നുകള്‍ക്കപ്പുറം രോഗികളെ പരിഗണിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ വായനക്കാരുടെ കണ്ണുകള്‍ ഈറനണിയിക്കും.
കാന്‍സര്‍ രോഗികളുടെ ജീവിതത്തേയും മരണത്തേയും കാത്തിരിപ്പിനേയും കടലാസിലേക്ക് ആര്‍ദ്രതയോടെ പകര്‍ത്തുവാന്‍ ഡോ. ബോബനു കഴിഞ്ഞിട്ടുണ്ട്. കാന്‍സര്‍ രോഗ ചികിത്സയിലെ നൂലാമാലകള്‍ മാറ്റി വച്ച് ഏവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം മലയാളികള്‍ക്ക് ഒരനുഗ്രഹമാണ്. ആരോഗ്യമുള്ള ശരീരത്തിനൊപ്പം ആരോഗ്യമുള്ള മനസ്സും കൂടി രോഗിക്ക് ഉണ്ടാക്കുവാന്‍ സമൂഹത്തേയും ഡോ. ബോബന്‍ ഓര്‍മ്മപ്പെടുത്തുന്നു. പോരാട്ടത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും ബാക്കിപത്രങ്ങളായി കാന്‍സര്‍ രോഗികളെ നാമെല്ലാം കണ്ടാല്‍ അതെത്ര മനോഹരമായിരിക്കും. ഡോ. ബോബന്‍ നല്‍കുന്ന പ്രതീക്ഷാകിരണങ്ങളാണിവ. ഈ പുസ്തകം മലയാള ഭാഷയ്ക്ക് ഒരു മുതല്‍കൂട്ടാണ്. സംശയമില്ല.

ഗ്രന്ഥകാരന്‍: ഡോ. ബോബന്‍ തോമസ്  (കാരിത്താസ് ആശുപത്രി)- 9645904422

അവലോകനം: ഫാ. തോമസ് എം. കോട്ടൂര്‍

 

Previous Post

തോട്ടറ: തെക്കേടത്ത് പിന്‍േറാ

Next Post

പഞ്ചാബ് മിഷന് മിഷന്‍ലീഗ് ഫണ്ട് സമാഹരണം നടത്തി

Total
0
Share
error: Content is protected !!