തൂവാനിസ ബൈബിള്‍ കണ്‍വന്‍ഷന് ഡിസംബര്‍ ഒന്നിന് തുടക്കം

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷന് ഇന്നു തുടക്കം. കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും പ്രത്യേകം സമര്‍പ്പിച്ചിട്ടുളള ഇന്നത്തെ ശുശ്രൂഷകള്‍ രാവിലെ 9.30 ന് ജപമാലയോടെ ആരംഭിക്കും. കടുത്തുരുത്തി ഫൊറോന വികാരി ഫാ. അബ്രാഹം പറമ്പേട്ടിന്റെ കാര്‍മ്മികത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയില്‍ ആദ്യദിനത്തിലെ വചന ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. തുടര്‍ന്ന് 11.45 ന് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും കണ്‍വന്‍ഷന്‍ ഉദ്ഘാടനവും നടത്തപ്പെടും. കടുത്തുരുത്തി, കിടങ്ങൂര്‍, പിറവം, ചങ്ങലേരി, മലങ്കര ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മ്മികരായിരിക്കും.
രണ്ടാം ദിവസമായ നാളെ ഡിസംബര്‍ രണ്ടാം തീയതിയിലെ വചനശുശ്രൂഷകള്‍ക്ക് അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും. രാവിലെ 11.45 ന് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ കൈപ്പുഴ, ഉഴവൂര്‍, ചുങ്കം, ഇടയ്ക്കാട്ട്, പടമുഖം ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മ്മികരായിരിക്കും. ഡിസംബര്‍ 3-ാം തീയതി രാവിലെ 10 മണിക്ക് അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ അതിരൂപത സ്ഥാപനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികര്‍ സഹകാര്‍മ്മികരായി പങ്കെടുക്കും. ഷെക്കെയ്ന മിനിസ്ട്രി എം.ഡി ബ്രദര്‍ സന്തോഷ് കരുമാത്ര വചനശുശ്രൂഷ നയിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഫാ. ജിബില്‍ കുഴിവേലിന്റെ നേതൃത്വത്തില്‍ അഭിഷേക ആരാധന നടത്തപ്പെടും. 3.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സമാപനാശീര്‍വ്വാദം നല്‍കും. കേരളസഭാ നവീകരണകാലഘട്ടവുമായി ബന്ധപ്പെട്ട് ‘ദിവ്യകാരുണ്യത്തിലൂടെ ജീവിതനവീകരണം’ എന്നതാണ് ബൈബിള്‍ കണ്‍വന്‍ഷന്റെ പ്രമേയം. കോട്ടയം അതിരൂപത കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ കമ്മീഷനുകളുടെയും ഇടവകകളുടേയും സംഘടനകളുടേയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷന്റെ തത്സമയസംപ്രേഷണം അപ്നാദേശ് ടിവിയിലും ക്രമീകരിച്ചിട്ടുണ്ടെന്ന് തൂവാനിസ ഡയറക്ടര്‍ ഫാ. റെജി മുട്ടത്തില്‍ അറിയിച്ചു.

 

Previous Post

പഞ്ചാബ് മിഷന് പിറവത്തിന്‍െറ കൈത്താങ്ങ്

Next Post

സൗജന്യ തയ്യല്‍മെഷീന്‍ വിതരണം നടത്തി മാസ്സ്

Total
0
Share
error: Content is protected !!