മടമ്പം: ടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷന് നിരവധി മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച പ്രിന്‍സിപ്പല്‍ ഡോ. എന്‍.സി. ജെസി കോളജ് കാമ്പസിനോട് 31 ന് വിടപറയും. സംസ്ഥാനത്തും ദേശീയ, അന്തര്‍ദേശീയ തലങ്ങളിലും പികെഎം കോളജിനെ അക്കാദമിക രംഗത്ത് ഉയരങ്ങളിലെത്തിച്ചാണ് പ്രിന്‍സിപ്പല്‍ വിരമിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ പിഎച്ച്ഡി നേടിയ ഡോ. ജെസി 2018 ലാണ് പ്രിന്‍സിപ്പലായി നിയമിതയായത്. 1998-99 കാലയളവില്‍ അധ്യാപക വിദ്യാര്‍ത്ഥിയായും 2000 മുതല്‍ അധ്യാപക പരിശീലകയായും പിന്നീട് 8 വര്‍ഷം പ്രിന്‍സിപ്പലായും 27 വര്‍ഷമാണ് ഈ കലാലയത്തിന്റെ ഭാഗമായിരുന്നത്. പഠന, പാഠ്യേതര, ഭരണനിര്‍വഹണ രംഗങ്ങളിലും അടിസ്ഥാനസൗകര്യ വികസനകാര്യങ്ങളിലും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ഡോ.ജെസി കോളജിന്റെ വളര്‍ച്ചയുടെ അതിനിര്‍ണായകമായ ഒരു കാലഘട്ടത്തെ വിവിധ നേട്ടങ്ങള്‍കൊണ്ട് അടയാളപ്പെടുത്തിയാണ് പിന്‍വാങ്ങുന്നത്.
2024 ല്‍ മൂന്നാം തവണയും ‘നാക് എ ഗ്രേഡ് ‘, ‘ടിഇഐഎസി’ ന് ആദ്യമായി നടത്തിയ റാങ്കിംഗില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനം, ഹരിതകേരള മിഷന്റെ ‘എ ഗ്രേഡ് ഹരിതകലാലയം’, യുനെസ്‌കോയുടെ ഗ്രേഡിംഗ് എഡ്യൂക്കേഷന്‍ പാര്‍ട്‌നര്‍ഷിപ്പ് അംഗത്വം (2019), ‘ബെസ്റ്റ് പീസ് ഇനിഷ്യേറ്റിംഗ് കോളജ് ‘ അവാര്‍ഡ് (2019), ‘ബെസ്റ്റ് പീസ് ഇനിഷ്യേറ്റിവ് പ്രന്‍സിപ്പല്‍’ അവാര്‍ഡ് (2020), എന്‍ഇപി യുടെ ‘വേള്‍ഡ് ഓസോണ്‍ ഡേ’ പരിപാടിയില്‍ സ്ഥാപന പങ്കാളിത്തം, കേരള സര്‍ക്കാരിന്റെ 2025 ലെ എക്‌സലന്‍സ് അവാര്‍ഡ്, 2025 ലെ കണ്ണൂര്‍ ജില്ലാ സ്വച്ഛതാ ചാമ്പ്യന്‍ എന്നീ പുരസ്‌കാരങ്ങളാണ് ഈ കാലയളവില്‍ കോളജിന് നേടാന്‍ കഴിഞ്ഞത്. 2019 ല്‍ കോളജിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനൊപ്പം സില്‍വര്‍ ജൂബിലി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, തുമ്പേനിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം, റൂസാ പ്രോജക്ടിന്റെ ഭാഗമായി പുതിയ അക്കാദമിക് ബ്‌ളോക്ക് എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. പികെഎം സ്‌പോര്‍ട്‌സ് അക്കാദമി ആരംഭിച്ച് ആവശ്യമായ സൗകര്യങ്ങള്‍ വികസിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (യുഎന്‍എസ്ഡിജിഎസ്) അടിസ്ഥാനത്തില്‍ ‘നെക്സ്റ്റ് ജനറേഷന്‍ ടീച്ചര്‍ അറ്റ് പികെഎം’ എന്ന നവീനവും ക്രിയാത്മകവും ആയ 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന പാഠ്യപദ്ധതി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ആവിഷ്‌ക്കരിച്ച് അധ്യാപക പരീശീലനം പരിഷ്‌ക്കരിച്ചു. കോളജില്‍ ആദ്യമായി കാര്‍ഷിക ഗവേഷണ പദ്ധതി നടപ്പാക്കിയതും എന്‍എസ്എസ് യൂണിറ്റ് അനുവദിച്ച് കിട്ടിയതും ഈ കാലയളവിലാണ്. പുതിയ കാലഘട്ടത്തിലേക്ക് ഉതകുന്ന വിധം അധ്യാപക വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായ സ്റ്റെം എഡ്യൂക്കേഷന്‍, റോബോട്ടിക്‌സ് തുടങ്ങിയ പരിശീലന പദ്ധതികള്‍ നടപ്പാക്കി. അതിന്റെ ഭാഗമായി 2026 ജനുവരിയില്‍ സിംഗപ്പൂരില്‍ നടന്ന ‘ഇന്റര്‍നാഷണല്‍ റോബോട്ടിക്‌സ് ‘ അന്താരാഷ്ട്ര പരിപാടികളില്‍ അധ്യാപക വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, ജര്‍മനിയില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്‍ വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണം എന്നിങ്ങനെ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തര്‍ദ്ദേശീയ തലത്തില്‍ നൂതന സരണികള്‍ തുറന്ന് എന്‍ഇപിയുടെ വെല്ലുവിളികള്‍ നേരിടാന്‍ സ്ഥാപനത്തെ സജ്ജമാക്കി. കണ്ണൂര്‍ സര്‍വകലാശാലയിലെ ടിഇഐഎസിന്റെ പ്രിന്‍സിപ്പല്‍ കണ്‍സോര്‍ഷ്യം സ്ഥാപകയും നിലവിലെ പ്രസിഡന്റുമാണ് ഡോ.ജെസി. യുഎസ്എ, യുകെ, ഓസ്‌ട്രേലിയ, തായ് വാന്‍ എന്നീ രാജ്യങ്ങളില്‍ നടന്ന വിദ്യാഭ്യാസ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത് പ്രബന്ധാവതരണം നടത്തുകയും രണ്ട് തവണ യുജിസി ട്രാവല്‍ ഗ്രാന്റ് ലഭിക്കുകയും യുജിസി മൈനര്‍ റിസര്‍ച്ച് പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ഭാഷാമൃതം, സജീവ് ജോസഫ് എംഎല്‍എ നടപ്പാക്കിയ ഭാഷാമൃതം, വാക്ക് വിത്ത് എംഎല്‍എ തുടങ്ങിയ സവിശേഷമായ പദ്ധതികള്‍ക്ക് കോളജിന്റെ സഹകരണം ഉറപ്പാക്കിയിരുന്നു.
ആദ്യമായി എംഎല്‍എ സ്‌പെഷല്‍ ഫണ്ട് മുഖേന കോളജിന് കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലൈബ്രറി മെച്ചപ്പെടുത്താനും സാധിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ നെടുന്തുരത്തി പുത്തന്‍പുരയ്ക്കല്‍ കുടുംബാഗമായ ഡോ. എന്‍.സി. ജെസി കോട്ടയം അതിരൂപതയിലെ ‘കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ‘ എന്ന സമര്‍പ്പിത സമൂഹത്തിലെ അംഗവുമാണ്. കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മടമ്പം പികെഎം കോളജിലെ മാനേജ്‌മെന്റ്, അധ്യാപകര്‍, അനധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, സുഹൃത്തുക്കള്‍, പ്രിയപ്പെട്ട അധ്യാപക വിദ്യാര്‍ത്ഥികള്‍, എന്നിവരുടെ സമ്പൂര്‍ണ പിന്തുണയാണ് നേട്ടങ്ങള്‍ക്ക് സഹായകരമായതെന്ന സ്മരണയോടെ കോളജിന്റെ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ സാധിച്ചതിന്റെ നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയുമാണ് ഡോ.ജെസിയുടെ പടിയിറക്കം.





