പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും

ക്രിസ്തുമത വിശ്വാസികളായ നമുക്ക് അറിയാവുന്നതാണല്ലോ സഭയുടെ ആരാധനക്രമ- ആധ്യാത്മികശാസ്ത്രമനുസരിച്ച് ഒരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ ജനനത്തിരുനാള്‍ ആഘോഷിക്കാറില്ല എന്നത്. അവര്‍ സ്വര്‍ഗ്ഗത്തില്‍ ജനിക്കുന്ന മരണ ദിവസമാണ് ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്. അതിനു കാരണം വിശുദ്ധരാരും വിശുദ്ധരായി ജനിക്കുന്നില്ല അവര്‍ വിശുദ്ധരായി മരിക്കുകയാണ് എന്ന വിശ്വാസമാണ്. ഇതിന് അപവാദമായി നില്‍ക്കുന്നത് മൂന്നുപേരുടെ ജനന തിരുനാള്‍ ആഘോഷമാണ്. ഒന്നാമത്തേതു വിശുദ്ധി തന്നെയും വിശുദ്ധിയുടെ ഉറവിടവുമായ ദൈവപുത്രനായ മിശിഹായുടെ പിറവിത്തിരുന്നാളാണ്. ഡിസംബര്‍ 25ന് ഈ തിരുനാള്‍ നാം ആഘോഷിക്കുന്നു. രണ്ടാമത്തേതു സ്‌നാപകയോഹന്നാന്റെ ജനന തിരുനാളാണ്. എലിസബത്തിന്റെ ഉദരത്തില്‍ വച്ചുതന്നെ ദൈവപുത്രനായ മിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സാന്നിധ്യത്തില്‍ ജനനത്തിനുമുമ്പേ സ്‌നാപകന്‍ വിശുദ്ധികരിക്കപ്പെട്ടു. അതുകൊണ്ടു പരമ്പരാഗതമായി ജൂണ്‍ 24 നു സ്‌നാപകന്റെ ജനനത്തിരുനാള്‍ ആഘോഷിക്കുന്നു. മൂന്നാമത്തേതു നീതിസൂര്യന്റെ ഉദയത്തിനുമുമ്പായി പ്രഭാത നക്ഷത്രമായി ഉദിച്ച ദൈവപുത്രന്റെ മാതാവായ കന്യകാമറിയത്തിന്റെ ജനനമാണ്. സെപ്റ്റംബര്‍ 8 നാണ് ഈ തിരുനാള്‍ നാം ആഘോഷിക്കുന്നത്. ദൈവത്തിന്റെ പ്രത്യേക ഇടപെടലിന്റെ ഫലമാണു പരിശുദ്ധ കന്യകാമറിയം. അവള്‍ ജനിച്ചതും ജീവിച്ചതും മരിച്ചതും വിശുദ്ധയായിട്ടാണ്. അതുകൊണ്ടാണു വിശുദ്ധ പീറ്റര്‍ ഡാമിയന്‍ ഇങ്ങനെ പറയുന്നത് ‘അവതരിച്ച വചനത്തിനു ലജ്ജിക്കേണ്ട ആവശ്യമില്ലാത്ത രീതിയില്‍ പരിശുദ്ധനു യോജിച്ച അമ്മയെ അവിടുന്ന് തെരഞ്ഞെടുത്തു; ഈ തെരഞ്ഞെടുപ്പു ഭൂമിയില്‍ വെളിവാക്കപ്പെട്ട ദിനമാണ് പരിശുദ്ധ മറിയത്തിന്റെ ജനനം.’ ഈ വാക്കുകളുടെ പൂര്‍ത്തീകരണമെന്നോണം മരിയ ശാസ്ത്രജ്ഞനായ വിശുദ്ധ അല്‍ഫോന്‍സ് ലിഗോറി ഇങ്ങനെ പഠിപ്പിക്കുന്നു: ‘ദൈവം ഈ ലോകത്തു സൃഷ്ടിച്ചിട്ടുള്ള ആത്മാക്കളില്‍വെച്ച് ഏറ്റവും മനോഹരമായ ആത്മാവ് പരിശുദ്ധ കന്യകാമറിയത്തിന്റെ ആത്മാവാണ്; ദൈവം ഈ ലോകത്തു ചെയ്തിരിക്കുന്ന പ്രവര്‍ത്തികളില്‍വച്ച് ഏറ്റവും പരിപൂര്‍ണ്ണമായതും ദൈവത്തിന് ഏറ്റവും അനുയോജ്യമായ പ്രവര്‍ത്തി വചനത്തിന്റെ പിറവിയും പരിശുദ്ധ മറിയത്തിന്റെ സൃഷ്ടിയും ആണ്. അതുകൊണ്ട് ആ സൃഷ്ടിയുടെ ജനനത്തില്‍ അവരുടെ മാതാപിതാക്കളോടൊപ്പം ആനന്ദിക്കാം’.
മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള രേഖകള്‍
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ചു വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശങ്ങള്‍ ഒന്നും തന്നെ ഇല്ല. അപ്രമാണിക രേഖകളാണ് ഇതിനു സാക്ഷ്യം വഹിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായി കരുതുന്നത് വിശുദ്ധ യാക്കോബിന്റെ സുവിശേഷമാണ്. മിശിഹായുടെ അമ്മയായ മര്‍ത്തമറിയത്തിന്റെ ചരിത്രം, യാക്കോബിന്റെ സുവിശേഷം, തോമ്മായുടെ സുവിശേഷം, മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള സുവിശേഷം, മറിയത്തിന്റെ ശൂനായാ വിവരണങ്ങള്‍ എന്നിങ്ങനെ പല അപ്രമാണിക രേഖകളും മറിയത്തിന്റെ ജനനത്തെക്കുറിച്ചു വിവരണങ്ങള്‍ നല്‍കുന്നു. ഈ രേഖകളിലെ പല പരാമര്‍ശങ്ങളും അവിശ്വസനീയം എന്നുതോന്നാം; മറ്റു ചിലവയാകട്ടെ അതിശയോക്തി കലന്നതാണ്. എങ്കിലും, ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനം അത്ഭുതകരമായ ഒന്നായിരുന്നുവെന്ന് ഈ രേഖകള്‍ എല്ലാം പഠിപ്പിക്കുന്നു. ഈ വിവരണങ്ങളോടൊപ്പം വിശ്വാസം നിറച്ച് മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള വിവരണം പൗരസ്ത്യ സുറിയാനി യാമപ്രാര്‍ത്ഥനയില്‍ സുറിയാനി ഭാഷയില്‍ ഇങ്ങനെ നല്‍കിയിരിക്കുന്നു:
‘ദാവീദ് വംശയായ യുവാക്കിം ദീന ദമ്പതികള്‍ക്ക് പ്രായമായിട്ടും സന്താന സൗഭാഗ്യം ഇല്ലാത്തവരായി കഴിയേണ്ടി വന്നു. അവര്‍ അതില്‍ അതീവ ദുഃഖിതരും നിരാശരും ആയിരുന്നു. എന്നാല്‍, ഭഗ്‌നാശരാകാതെ അവര്‍ ദൈവത്തിനു മുമ്പില്‍ തങ്ങളുടെ പ്രാര്‍ത്ഥന ബലിയായി അര്‍പ്പിച്ചുകൊണ്ടിരുന്നു. ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ഒരു ദൈവദൂതന്‍ ദീനായ്ക്കു പ്രത്യക്ഷപ്പെട്ടു. അവളുടെ പേര് ഇനിമുതല്‍ അന്ന എന്നായിരിക്കുമെന്നും അവളില്‍നിന്ന് ഒരു പൈതല്‍ ജനിക്കാനിരിക്കുന്നു എന്നും അറിയിച്ചു. അന്ന – ഹന്ന എന്ന പേരിനര്‍ത്ഥം കനിഞ്ഞു എന്നാണ്. അങ്ങനെ ദീനയുടെമേല്‍ ദൈവം കനിഞ്ഞ് അവള്‍ക്ക് ഒരു പുത്രിയെ നല്‍കി. അവള്‍ക്കു മറിയം എന്ന് പേരു നല്‍കി. തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായി ദൈവം കനിഞ്ഞു നല്‍കിയ മറിയത്തെ ദൈവത്തിനായി സമര്‍പ്പിച്ചു. അവനായിത്തന്നെ വളര്‍ത്തി. ദൈവാലയത്തില്‍ പുരോഹിതരുടെ ആശീര്‍വാദത്തിനായി മാതാപിതാക്കള്‍ നിയമപ്രകാരം പൈതലിനെ സമര്‍പ്പിച്ചപ്പോള്‍ കുട്ടിയായിരുന്ന അവള്‍ അത്ഭുതകരമായി 7 ചുവട് നടന്നു കയറി വിശുദ്ധങ്ങളുടെ വിശുദ്ധ സ്ഥലത്തെത്തി’. ഇതുകണ്ട് പുരോഹിതര്‍ ഇങ്ങനെ പ്രവചിച്ചു: ‘ഇവള്‍ മഹാപുരോഹിതന്റെ മാതാവായി തീരും’.
ജനന തിരുനാളാഘോഷം
അഞ്ചാം നൂറ്റാണ്ടിനുമുമ്പുതന്നെ സ്വര്‍ഗ്ഗാരോപണഓര്‍മ്മ പൗരസ്ത്യനാടുകളില്‍ ആചരിച്ചിരുന്നു. എങ്കിലും, മറിയത്തിന്റെ ജനനം ഒരു തിരുനാള്‍ ആയിട്ട് പൗരസ്ത്യ സഭകളില്‍ ആഘോഷിക്കാന്‍ തുടങ്ങിയത് അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ ആകാം എന്നതാണു നിഗമനം. ഏഴാം നൂറ്റാണ്ടു മുതല്‍ പാശ്ചാത്യ സഭയിലും. അന്നുവരെ പൗരസ്ത്യ സുറിയാനി സഭയില്‍ ഒരു മരിയന്‍ തിരുനാള്‍ മാത്രമാണു ആഘോഷിച്ചിരുന്നത്. ഈശോയുടെ പിറവി തിരുനാളിനു ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ചയില്‍ ദൈവമാതൃത്വ തിരുനാള്‍ അല്ലെങ്കില്‍ അനുമോദനത്തിരുന്നാള്‍.
സെപ്റ്റംബര്‍ 8
സെപ്റ്റംബര്‍ 8 നാണ് മറിയത്തിന്റെ ജനനം എന്നുള്ളതു അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കണമെന്നില്ല. ഈ തീയതിക്കു ചരിത്രപരവും മരിയശാസ്ത്രപരവുമായ രണ്ട് അടിസ്ഥാനങ്ങളാണുള്ളത്. ജെറുസലേമിനടുത്ത്, ദൈവാലയത്തില്‍നിന്ന് അധികം അകലെയല്ലാത്ത ഇടയ കവാടത്തിനരികിലായി ബത്‌സേതായോടു ചേര്‍ന്നു പ്രൊബാത്തിക്കൂസ് എന്ന ചെറിയ സ്ഥലത്താണ് യുവാക്കിമും അന്നയും താമസിച്ചിരുന്നത്. അവിടെ ഇന്നും മറിയത്തിന്റെ നാമത്തില്‍ ഒരു ചെറിയ കപ്പേള കാണാം. മറിയം ഇവിടെയാണു ജനിച്ചതെന്നാണു പാരമ്പര്യം. അതിനടുത്തായി അഞ്ചാം നൂറ്റാണ്ടില്‍ വിശുദ്ധ അന്നയുടെ നാമത്തില്‍ ഒരു ദൈവാലയം പണിചെയ്തു. അതിന്റെ പ്രതിഷ്ഠാകര്‍മ്മം നടന്നത് സെപ്റ്റംബര്‍ 8 നാണ്. ഈ ദിവസം മറിയത്തിന്റെ ജന്മദിനമായി കണക്കാക്കി ആഘോഷം ആരംഭിക്കുകയായിരുന്നു.
രണ്ടാമത്തേത്, അന്നയുടെ ഉദരത്തില്‍ മറിയം അമലോത്ഭവയായി ഉരുവായ ദിവസം ആഘോഷിക്കുന്നതു ഡിസംബര്‍ 8 നാണ്. ഇതിന് 9 മാസങ്ങള്‍ക്കുശേഷം മറിയത്തിന്റെ ജനനം സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്നു. എങ്കിലും, അത് കൃത്യമായ ദിവസമല്ല; ഇവിടെ പ്രധാനം ദൈവമാതാവ് ആകാന്‍ ദൈവം മറിയത്തെ തെരഞ്ഞെടുത്തു എന്നതാണ്.
അനുമോദനം ആര്‍ക്കാണു നല്‍കേണ്ടത്
മറിയത്തിന്റെ മാതാപിതാക്കള്‍ക്കു തന്നെ. ജനനം മറിയത്തിന്റേതെങ്കിലും അവള്‍ മാതാപിതാക്കളുടെ നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമാണ്. ദൈവം മാതാപിതാക്കള്‍ക്കു നല്‍കിയ സമ്മാനമല്ല മറിയം; ലോകത്തിനു നല്‍കിയ വലിയ സമ്മാനമാണ്. ഈ തിരുനാള്‍ ആഘോഷത്തിന്റെ പ്രസക്തിയും ഇതുതന്നെ. മറിയത്തിന്റെ മാധ്യസ്ഥ്യം സഭ എന്നും പ്രാധാന്യം നല്‍കി മനസ്സിലാക്കുന്നു. എന്നാല്‍, നിരന്തര പ്രാര്‍ത്ഥനയില്‍നിന്നു പിന്മാറാതെ ദൈവം ഒരു സന്താനത്തെ നല്‍കിയാല്‍ ആ പൈതലിനെ ദൈവത്തിനായി സമര്‍പ്പിച്ചു കൊള്ളാം എന്നു നേര്‍ച്ച നേര്‍ന്നത് ഈ മാതാപിതാക്കളാണ്. ഇവര്‍ യുവവധൂവരന്മാര്‍ക്കു മാതൃകയാണ്; മക്കളെ ആഗ്രഹിക്കുക, മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുക, മക്കള്‍ ദൈവത്തിന്റെ സമ്മാനമായി സ്വീകരിക്കുക, ദൈവത്തിനു മക്കളെ സമര്‍പ്പിക്കുക.
ഇവര്‍ ആരായിത്തീരണമെന്ന് ദൈവം ആഗ്രഹിക്കുന്നുവോ അതിനായി ഒരു മധ്യവര്‍ത്തിയാ യിരിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കാന്‍ മാതൃകയും ശക്തിയുമാണ് യൊവാക്കിമും അന്നയും.
അതുകൊണ്ടാണ് ഈ തിരുനാളിനോടനുബന്ധിച്ചു മറിയത്തിന്റെ മാതാപിതാക്കളെ അഭിനന്ദിക്കുന്നത്. മരിയന്‍ ദൈവശാസ്ത്രജ്ഞനായ വിശുദ്ധ ജോണ്‍ ഡമെഷീന്റെ അഭിനന്ദനങ്ങള്‍ ഇവിടെ കുറിക്കട്ടെ
‘യുവാക്കിം അന്ന! ഭാഗ്യപ്പെട്ട ദമ്പതിമാരെ സര്‍വ്വ സൃഷ്ഠങ്ങളും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു; സമസ്ത ദാനങ്ങളിലുംവെച്ച് വലിയ ദാനം സൃഷ്ടാവിനു യോഗ്യമായ ആ പരിശുദ്ധ കന്യകയെ സൃഷ്ടാവിന് സമര്‍പ്പിച്ചത് നിങ്ങള്‍ വഴിയാണ്’.
‘സന്തോഷിക്കൂ യുവാക്കീം, കാരണം, നിന്റെ പുത്രിയില്‍ നിന്നാണു ഞങ്ങള്‍ക്കു രക്ഷകനെ ലഭിച്ചത്’
യുവാക്കിം അന്ന ഭാഗ്യപ്പെട്ട ദമ്പതിമാരെ, നിങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ അമലോത്ഭവഴി ലഭിച്ച നിങ്ങളുടെ മഹോന്നതസ്ഥാനം ഞങ്ങള്‍ അംഗീകരിക്കുന്നു.
നിങ്ങളുടെ ജീവിതം ദൈവത്തിനു പ്രീതികരമായിരുന്നു. ആരില്‍നിന്ന് അവള്‍ ജനിച്ചു അവള്‍ക്കും യോഗ്യമായിരുന്ന നിങ്ങളുടെ നിര്‍മലവും പരിശുദ്ധവുമായ ദാമ്പത്യാനുഷ്ഠാനം വഴി കര്‍ത്തൃത്വത്തിന്റെ അമൂല്യനിധിയാണ് ഭൂമിയില്‍ പിറന്നത്’.
എട്ടുനോമ്പ്
ദൈവമാതാവാകുവാന്‍ അനാദിമുതലേ ദൈവം തെരഞ്ഞെടുത്തവളാണു മറിയം. അവളുടെ ജന്മദിനം ഭക്തിയോടും ആദരവോടുംകൂടെ ആഘോഷിക്കുവാന്‍ നമ്മെ ഒരുക്കുവാന്‍ നോമ്പ് ആയി ആചരിക്കുന്ന സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെയുള്ള ദിനങ്ങളാണ് 8 നോമ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്.
എട്ടുനോമ്പ് മലബാര്‍ സഭയില്‍
ഒമ്പതാം നൂറ്റാണ്ടില്‍ യഹൂദരും മുഹമ്മദീയരും തമ്മില്‍ കലഹം ഉണ്ടായപ്പോള്‍ ക്രിസ്ത്യാനികള്‍ യഹൂദരുടെ പക്ഷം ചേര്‍ന്നു യുദ്ധം ചെയ്തു. കൊടുങ്ങല്ലൂര്‍ പട്ടണം നശിപ്പിക്കപ്പെട്ടു. ഈ യുദ്ധദിവസങ്ങളില്‍ ക്രൈസ്തവ വനിതകള്‍ ചാരിത്ര സംരക്ഷണാര്‍ത്ഥം നേര്‍ന്നതാണ് 8 നോമ്പ്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഇത് ആചരിച്ചു പോരുന്നു. ഒന്നാം തീയതി മുതല്‍ ഏഴാം തീയതിവരെ സ്ത്രീകള്‍ ഉച്ചവരെ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഈ പതിവ് ഓഗസ്റ്റ് 31ന് വൈകുന്നേരം ആരംഭിച്ചിരുന്നതിനാലാകണം എട്ടുനോമ്പ് എന്നു പേരു പറഞ്ഞുവന്നിരുന്നത്. അതോടൊപ്പം സ്ത്രീകള്‍ ഈ നോമ്പ് നോറ്റിരുന്നതുകൊണ്ട് സ്ത്രീകളുടെ നോമ്പ് എന്നും പറഞ്ഞു വരുന്നു.
സുറിയാനി കത്തോലിക്കരും യാക്കോബായ ഓര്‍ത്തഡോക്‌സുകാരും തുടരുന്ന പതിവാണിത്. ചിലയിടങ്ങളില്‍ ജാതിമതഭേദമെന്യേ സ്ത്രീകള്‍ ഈ അനുഷ്ഠാനം തുടര്‍ന്നു പോരുന്നു. എന്നാല്‍, ക്രിസ്ത്യാനികളല്ലാത്തവര്‍ ദൈവാലയത്തിനു പുറത്താണ് പ്രാര്‍ത്ഥന നടത്തിയിരുന്നത്. കേരളത്തിലെ മണര്‍കാട്, കാഞ്ഞിരപ്പള്ളി പഴയ പള്ളി കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ പള്ളികളില്‍ നിഷ്ഠയോടും ജാഗ്രതയോടും കൂടെ ഈ നോമ്പാചരണം നടത്തിവരുന്നു. മറിയത്തിന്റെ മാതാപിതാക്കളോടൊപ്പമുള്ള മറിയത്തിന്റെ സാന്നിധ്യത്തിലുള്ള പ്രാര്‍ത്ഥനയാണ് ഈ നോമ്പിന്റെ അന്തസത്ത.
തെക്കുംഭാഗജനതകള്‍ക്കിടയില്‍
മറിയത്തിന്റെ പിറവി തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന 8 നോമ്പിനു തെക്കുംഭാഗക്കാര്‍ വലിയ പ്രാധാന്യം നല്‍കി ആചരിനിച്ചിരുന്നു. നോമ്പിന്റെ പവിത്രതയും കുടുംബജീവിതത്തിന്റെ ഭദ്രതയും പ്രാര്‍ത്ഥനയിലുള്ള തീക്ഷ്ണതയും പ്രതീക്ഷയും ഉള്‍ച്ചേര്‍ന്നതാണ് ഈ ആചരണം. ഈ ആചരണ രീതി ഇങ്ങനെയാണ്; ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് 31 വരെ വിവാഹിതരാകുന്ന പെണ്‍കുട്ടികളെ, അവര്‍ ഗര്‍ഭിണികള്‍ ആയിരുന്നാലും ഇല്ലെങ്കിലും, അവരുടെ മാതൃഭവനത്തില്‍ കൊണ്ടുവരുന്നു. തലതൊട്ടമ്മയോ സ്വന്തം മാതാവോ സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെ രാവിലെ ദൈവാലയത്തില്‍ കൊണ്ടുവരുന്നു; ഉച്ചവരെ ജലപാനം മാത്രം നടത്തി ഉപവാസത്തിലും പ്രത്യേക പ്രാര്‍ത്ഥനയിലും ചിലവഴിക്കുന്നു. വിശുദ്ധിയുള്ള മക്കളെ തരേണമേ എന്നു വിശുദ്ധ അന്നയോടും യുവാക്കമിനോടും ചേര്‍ന്ന് ഇവര്‍ പ്രാര്‍ത്ഥിക്കുന്നു. എട്ടാം ദിവസം ദൈവാലയത്തിലെ ആഘോഷപൂര്‍വകമായ കുര്‍ബാനയ്ക്കുശേഷം ഈ പെണ്‍കുട്ടികളെ ഇടവക വികാരി പരിശുദ്ധ കന്യകാമറിയത്തിന് പ്രതിഷ്ഠിക്കുന്നു. പ്രാര്‍ത്ഥിച്ച് മറിയത്തിന്റെ മധ്യസ്ഥതയില്‍ വിശുദ്ധിയുള്ള മക്കളെ നല്‍കി അനുഗ്രഹനിറമുള്ള കുടുംബങ്ങള്‍ ഉണ്ടാകാന്‍ ഇവരെ അനുഗ്രഹിക്കുന്നു. തുടര്‍ന്ന്, മധുരപലഹാരങ്ങളും ആയി അവര്‍ ഭര്‍തൃഗ്രഹത്തിലേക്കു പോകുന്നു. കുടുംബജീവിതത്തെക്കുറിച്ചും പ്രാര്‍ത്ഥനയുടെ ഫലമായി മക്കള്‍ ഉണ്ടാകണമെന്ന് ചിന്തയും പരിശുദ്ധ മറിയത്തോടും അന്നാഉമ്മയോടും യൊവാക്കിമിനോടുമുള്ള ബഹുമാനവും സ്‌നേഹവും തിളങ്ങി നില്‍ക്കുന്ന ഒരു അനുഷ്ഠാനമാണിത്. കുടുംബ പവിത്രതയും പരിശുദ്ധിയും നിലനില്‍ക്കണമെന്ന ആഗ്രഹമാണ് ഈ ആചരണത്തിന്റെ പിന്നിലെ പ്രധാന ചിന്ത.
ഉപസംഹാരം
ഈ നോമ്പും തിരുനാളും ആഘോഷിക്കുമ്പോള്‍ ദൈവത്തില്‍ പ്രതീക്ഷ കൈവിടാതെ നിരന്തരം പ്രാര്‍ത്ഥിച്ച വിശുദ്ധ അന്നയും യൊവാക്കിമും നമുക്കു മാതൃകകളാണ്. ഈ കുടുംബമാകട്ടെ നമ്മുടെ കുടുംബങ്ങള്‍ക്കു മാതൃക. ഇവരുടെ ജീവിതം ഒരു പാഠപുസ്തകം ആയി നമുക്ക് സ്വീകരിക്കാം. ദൈവത്തിലുള്ള വിശ്വാസത്തില്‍ ഉറച്ച് ദൈവത്തോടു ചേര്‍ന്നുനിന്നവര്‍ എന്ന നിലയില്‍ യോവാക്കിമിനോടും അന്നയോടും ചേര്‍ന്നു യുവാക്കളായ മാതാപിതാക്കളും വിവാഹജീവിതം ആഗ്രഹിക്കുന്നവരും പ്രാര്‍ത്ഥിക്കട്ടെ; പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥതയില്‍ അവര്‍ക്ക് അനുഗ്രഹങ്ങള്‍ നിറവോടെ ലഭിക്കട്ടെ; സന്താന ലബ്ധിക്കായി ആഗ്രഹിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തി നമുക്കും പ്രാര്‍ത്ഥിക്കാം. അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത മറിയം നമുക്ക് ആശ്രയവും മാതൃകയുമാണ്; മാതാപിതാക്കന്മാര്‍ക്ക് അനുസരണയുള്ളവളായി, അവര്‍ക്കു വിധേയയായി കുടുംബത്തില്‍ ജീവിച്ച മറിയം നമ്മുടെ മക്കളുടെ മാതൃകയാകാന്‍ പ്രാര്‍ത്ഥിക്കാം. യോവാക്കീമും അന്നയും മറിയവും ചേര്‍ന്ന തിരുകുടുംബത്തില്‍ നമുക്കും അംഗമാകാം; ജീവിതം അനുഗ്രഹം നിറഞ്ഞതാക്കാം.

ഫാ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍

Previous Post

കോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 2) തൂവാനിസയില്‍

Next Post

 മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ കൈപ്പുഴ ഫൊറോനയിലെ യുവജനങ്ങളുമായി സംവദിച്ചു

Total
0
Share
error: Content is protected !!