കോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 2) തൂവാനിസയില്‍

കോട്ടയം: തെക്കുംഭാഗജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 113-ാം വാര്‍ഷികത്തോടനുബന്ധിച്ച് അതിരൂപതാദിനാഘോഷങ്ങള്‍ നാളെ സെപ്റ്റംബര്‍ 2 ശനിയാഴ്ച കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ നടത്തപ്പെടും. രാവിലെ 10.15 ന് അതിരൂപതാ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. അതിരൂപതയിലെ സഹായമെത്രാന്മാരും വൈദികരും സഹകാര്‍മ്മികരായി പങ്കെടുക്കും. തുടര്‍ന്നു മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപനസമ്മേളനം സി.ബി.സി.ഐ പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെയും പൗരോഹിത്യത്തിന്റെ സുവര്‍ണ്ണജൂബിലി നിറവിലായിരിക്കുന്ന വൈദികരെയും ചടങ്ങില്‍ ആദരിക്കും. അതിരൂപതാ സഹായ മെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. തോമസ് ആനിമൂട്ടില്‍, ബിനോയി ഇടയാടിയില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, സമര്‍പ്പിത പ്രതിനിധി സിസ്റ്റര്‍ റൊമില്‍ഡ, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും പാരിഷ് കൗണ്‍സില്‍ പ്രതിനിധികളും സമുദായസംഘടനാ ഭാരവാഹികളും ഇതര തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ആഘോഷങ്ങളില്‍ പങ്കെടുക്കും.

 

Previous Post

മള്ളൂശേരി: വാലേല്‍ വി.കെ തോമസ്

Next Post

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും

Total
0
Share
error: Content is protected !!