ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്‌ലോറിഡ: 16-ാമത് KCCNA കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ അരങ്ങേറിയ വര്‍ണാഭമായ ഘോഷയാത്ര വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ഐക്യവും പ്രതിഫലിപ്പിച്ച അപൂര്‍വ ദൃശ്യവിരുന്നായി മാറി. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളില്‍ നിന്നെത്തിയ 19 യൂണിറ്റുകള്‍ തനത് വേഷവിധാനങ്ങളോടും പതാകകളോടും ബാനറുകളോടും ആവേശത്തോടും കൂടി അണിനിരന്നപ്പോള്‍ ബ്രൗവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ ആഘോഷ നിറവിലായി.
രാവിലെ 8:30-ന് ആരംഭിച്ച ഘോഷയാത്രയില്‍ ആദ്യം KCCNA പ്രസിഡന്റ് James ഇല്ലിക്കലിന്റ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍, കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ ജോബി ഊരാളില്‍ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, വിവിധ ഉപസംഘടനകളുടെ ദേശീയ ഭാരവാഹികള്‍, മുന്‍ KCCNA പ്രസിഡന്റുമാര്‍ എന്നിവര്‍ അണിനിരന്നു. തുടര്‍ന്ന് ഓരോ യൂണിറ്റുകളും തങ്ങളുടെ നഗരത്തിന്റെ അഭിമാനവും ക്‌നാനായ പൈതൃകവും വിളിച്ചോതിക്കൊണ്ട് പരേഡില്‍ പങ്കെടുത്തു.

മയാമി, അറ്റ്‌ലാന്റ, കാല്‍ഗറി, കാനഡ (KCAC), ഷിക്കാഗോ, ഡാളസ്‌ഫോര്‍ട്ട് വര്‍ത്ത്, ഡെട്രോയിറ്റ്‌വിന്‍ഡ്‌സര്‍, എഡ്മന്റണ്‍, ഹൂസ്റ്റണ്‍, ക്‌നാനായ ജേക്കബൈറ്റ്, ലോസ് ആഞ്ചലസ്, മിന്നസോട്ട, ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, സാക്രമെന്റോ, സാന്‍ അന്റോണിയോ, നോര്‍ത്ത് കാലിഫോര്‍ണിയ (സാന്‍ ഹൊസെ), വാഷിംഗ്ടണ്‍-ബാള്‍ട്ടിമോര്‍, താമ്പാ എന്നീ യൂണിറ്റുകളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്.
കേരളത്തിന്റെ ഗ്രാമീണ പാരമ്പര്യവും ക്‌നാനായ സംസ്‌കാരത്തിന്റെ തനിമയും അനുസ്മരിപ്പിക്കുന്ന ശൈലിയിലാണ് യൂണിറ്റുകള്‍ അണിനിരന്നത്. ചെണ്ടമേളത്തിന്റെയും പാരമ്പര്യ വാദ്യമേളങ്ങളുടെയും അകമ്പടിയില്‍, കസവും മുണ്ടും സെറ്റുസാരിയും ഉള്‍പ്പെടെയുള്ള തനത് വേഷവിധാനങ്ങളിലായെത്തിയ പ്രതിനിധികള്‍ കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി. ക്‌നാനായ പതാകകളും യൂണിറ്റ് ബാനറുകളും പാരമ്പര്യ ചിഹ്നങ്ങളും ഘോഷയാത്രയ്ക്ക് കൂടുതല്‍ പ്രൗഢി പകര്‍ന്നു.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള പ്രതിനിധികള്‍ ഒരേ മനസ്സോടെ പങ്കെടുത്തത് ഘോഷയാത്രയുടെ പ്രത്യേകതയായി. വിവിധ യൂണിറ്റുകള്‍ തങ്ങളുടെ കലാപാരമ്പര്യവും കൂട്ടായ്മയും അച്ചടക്കവും മനോഹരമായി അവതരിപ്പിച്ചപ്പോള്‍, കണ്‍വെന്‍ഷന്‍ വേദിയില്‍ എത്തിയ നൂറുകണക്കിന് ആളുകള്‍ കരഘോഷത്തോടെയാണ് ഓരോ യൂണിറ്റിനെയും സ്വീകരിച്ചത്.
‘വടക്കേ അമേരിക്കയില്‍ ജീവിച്ചാലും നമ്മുടെ വേരുകള്‍ മറക്കില്ല’ എന്ന സന്ദേശം വിളിച്ചോതുന്നതായിരുന്നു രണ്ടാം ദിനത്തിലെ ഘോഷയാത്ര. പാരമ്പര്യവും സംസ്‌കാരവും പുതിയ തലമുറയിലേക്ക് കൈമാറാനുള്ള ക്‌നാനായ സമൂഹത്തിന്റെ പ്രതിബദ്ധതയുടെ ശക്തമായ പ്രഖ്യാപനമായി ഈ ഘോഷയാത്ര മാറി.
ബൈജു ആലപ്പാട്ട്, KCCNA P.R.O.



