16-ാമത് KCCNA കണ്‍വെന്‍ഷന് തിരി തെളിഞ്ഞു

ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്‌ലോറിഡ: വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ദേശീയ കുടുംബസംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കണ്‍വെന്‍ഷന് ഇന്ന് ഫ്‌ലോറിഡയിലെ ബ്രൗവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൗഢോജ്ജ്വലമായ തുടക്കമായി. അമേരിക്കയിലെയും കാനഡയിലെയും 25 യൂണിറ്റുകളില്‍ നിന്നായി എത്തിയ നാലായിരത്തിലേറെ പ്രതിനിധികളുടെയും കുടുംബാംഗങ്ങളുടെയും ആവേശപൂര്‍ണ സാന്നിധ്യമാണ് ഉദ്ഘാടന ദിനത്തെ ശ്രദ്ധേയമാക്കിയത്.

രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ, കാനഡ മുതല്‍ മയാമി വരെയുള്ള വിവിധ യൂണിറ്റുകളില്‍ നിന്നെത്തിയ പ്രതിനിധികളുടെ നീണ്ട നിരയാണ് രജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ ദൃശ്യമായത്. എന്നാല്‍ രജിസ്‌ട്രേഷന്‍ ആന്‍ഡ് വെബ്‌സൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇത്തവണ നടപ്പാക്കിയ ഓട്ടോമേറ്റഡ് രജിസ്‌ട്രേഷന്‍ സംവിധാനം മൂലം രജിസ്‌ട്രേഷന്‍ നടപടികള്‍ അതിവേഗത്തിലും സുഗമമായും പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതിന് പ്രതിനിധികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയോടെയും ഉദ്ഘാടന സമ്മേളനത്തോടെയും കണ്‍വെന്‍ഷന്റെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമായി.

വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുത്തു. സമൂഹസേവന രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ശ്രദ്ധേയനായ അദ്ദേഹം KCYLNA-യുടെ പ്രഥമ ദേശീയ പ്രസിഡന്റുമാണ്. ഉദ്ഘാടന സന്ദേശത്തില്‍ ക്‌നാനായ സമൂഹത്തിന്റെ വിശ്വാസപാരമ്പര്യവും കുടുംബമൂല്യങ്ങളും പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹം വിവിധ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ക്‌നാനായ സമൂഹത്തിന്റെ തനതായ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ സഭാ നേതൃത്വവും സമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോബി ഊരാളില്‍ സ്വാഗതം ആശംസിച്ചു. KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍, 16-ാമത് ദേശീയ കണ്‍വെന്‍ഷന്‍ യാഥാര്‍ഥ്യമാക്കാന്‍ മാസങ്ങളായി അക്ഷീണം പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റികളെയും ആതിഥേയ യൂണിറ്റുകളെയും അമേരിക്കയിലെയും കാനഡയിലെയും എല്ലാ യൂണിറ്റുകളില്‍ നിന്നെത്തിയ പ്രതിനിധികളെയും അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് KCCNA ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവംകാലായില്‍, ജോയിന്റ് സെക്രട്ടറി ഡോ. സൂസന്‍ തെങ്ങുംതറയില്‍, ട്രഷറര്‍ ജോജോ തറയില്‍, വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോള്‍ മൂശാരിപ്പറമ്പില്‍ (താമ്പാ), എബി തെക്കനാട്ട് (മയാമി), KCWFNA ദേശീയ പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം (ഡാളസ്), KCYLNA ദേശീയ പ്രസിഡന്റ് ആല്‍വിന്‍ പിണര്‍ക്കയില്‍ (ചിക്കാഗോ), KCYNA ദേശീയ പ്രസിഡന്റ് പുന്നൂസ് ജോണ്‍സണ്‍ വഞ്ചിപുരയ്ക്കല്‍ (ടാമ്പാ), KCCNA സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബന്‍ വട്ടംപുറത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

കണ്‍വെന്‍ഷനിലേക്ക് എത്തിയ എല്ലാ പ്രതിനിധികളെയും സ്വാഗതം ചെയ്ത നേതാക്കള്‍, ക്‌നാനായ സമൂഹത്തിന്റെ ഐക്യം, വിശ്വാസം, പാരമ്പര്യം, കുടുംബബന്ധങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്ന ദേശീയ വേദിയായിരിക്കും ഈ കണ്‍വെന്‍ഷനെന്ന് അഭിപ്രായപ്പെട്ടു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആതിഥേയ യൂണിറ്റുകളായ താമ്പാ (KCCCF), മയാമി (KCASF) എന്നിവയുടെ നേതൃത്വത്തില്‍ മനോഹരമായ സ്വാഗത കലാപരിപാടികള്‍ അരങ്ങേറി. യുവജനങ്ങള്‍ക്കായി വിവിധ ഐസ് ബ്രേക്കര്‍ പരിപാടികളും സംഘടിപ്പിച്ചു. രാത്രി ഐഡിയ സ്റ്റാര്‍ സിംഗര്‍ താരങ്ങള്‍ അവതരിപ്പിച്ച മെഗാ സംഗീതവിരുന്നും, പ്രമുഖ ചലച്ചിത്ര ഹാസ്യതാരം ജോബി പാള അവതരിപ്പിച്ച ഹാസ്യവിരുന്നും ഉദ്ഘാടന ദിനത്തിന് കൂടുതല്‍ മാറ്റുകൂട്ടി.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ദിനത്തില്‍ 25 യൂണിറ്റുകളുടെ വര്‍ണാഭമായ ഘോഷയാത്ര, KCYNA അവതരിപ്പിക്കുന്ന GYM KNA 2.0, KCWFNA സംഘടിപ്പിക്കുന്ന Knanaya Royal Kingdom Pageant, വിവിധ യൂണിറ്റുകളുടെ സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്‌ക്കൊപ്പം രാത്രി 10:10-ന് ഡാളസ്‌ഫോര്‍ട്ട് വര്‍ത്ത് (KCADFW) അവതരിപ്പിക്കുന്ന സാമൂഹിക പ്രസക്തിയുള്ള മെഗാ തീം സ്‌കിറ്റ് ആന്‍ഡ് ഡാന്‍സ് പ്രൊഡക്ഷന്‍ പ്രധാന ആകര്‍ഷണമായിരിക്കും.

‘United in Heritage, Faith & Family’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിക്കുന്ന 16-ാമത് KCCNA കണ്‍വെന്‍ഷന്‍, വടക്കേ അമേരിക്കന്‍ ക്‌നാനായ സമൂഹത്തിന്റെ ആത്മീയ ഐക്യത്തിന്റെയും പാരമ്പര്യത്തിന്റെയും യുവശക്തിയുടെയും കുടുംബബന്ധങ്ങളുടെയും മഹത്തായ ആഘോഷമായി വരും ദിവസങ്ങളില്‍ മാറുമെന്ന് കണ്‍വെന്‍ഷന്‍ കമ്മറ്റി അറിയിച്ചു.

ബൈജു ആലപ്പാട്ട്, KCCNA P.R.O.

 

Previous Post

കുറുമുള്ളൂര്‍: കൊട്ടാരത്തില്‍ കെ.എം ഏബ്രാഹം

Next Post

16-ാമത് KCCNA കണ്‍വെന്‍ഷന്‍ രണ്ടാം ദിനം: പാരമ്പര്യത്തിന്റെ പെരുമ വിളിച്ചോതി വര്‍ണാഭമായ ഘോഷയാത്ര

Total
0
Share
error: Content is protected !!