പി.എസ്‌.സി യുടെ പ്രതിബദ്ധത പാര്‍ട്ടിയോടോ പബ്ലിക്കിനോടോ?

കേരളത്തില്‍ സര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴില്‍ അന്വേഷിക്കുന്നവരുടെ പ്രതീക്ഷ എന്നും സത്യസന്ധമായും സുതാര്യമായും അര്‍ഹരായവര്‍ക്കു നിയമനം നല്‌കുമെന്നു കരുതപ്പെടുന്ന പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനിലായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്റുകളുടെയോ രാഷ്‌ട്രീയപാര്‍ട്ടികളുടെയോ സ്വാധീനം പി.എസ്‌.സി യുടെ മേല്‍ ഉണ്ടാകാതിരിക്കാനാണ്‌ അതിന്‌ ഭരണഘടനാ സ്ഥാപനത്തിന്റെ പദവി നല്‌കിയിരിക്കുന്നത്‌. എന്നാല്‍ പി.എസ്‌.സി അംഗങ്ങളുടെ നിയമനം പലപ്പോഴും തികച്ചും രാഷ്‌ട്രീയ അടിസ്ഥാനത്തിലായതിനാല്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലെയോ, മുന്നണിയിലെയോ ഉള്‍പ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പെട്ടവര്‍ക്കു രാഷ്‌ട്രീയ നിയമനം നല്‍കി പോരുന്നതിനാല്‍, പി.എസ്‌.സി യില്‍ ഒരു സ്വാധീനവും ഒരിക്കലും നടക്കില്ല എന്ന ചിന്തയൊന്നും സാധാരണക്കാര്‍ക്കില്ലെങ്കിലും അതു ഏറെക്കുറെയെങ്കിലും നിഷ്‌പക്ഷമായും നീതിയുക്തമായും സത്യസന്ധമായും പക്ഷപാതരഹിതമായും തങ്ങളെ ഏല്‌പിച്ച ചുമതല നിര്‍വഹിക്കുമെന്നു സാധാരണക്കാര്‍ കരുതി പോന്നിരുന്നു. ഒരു പരിധിവരെ അങ്ങനെ തന്നെയാണ്‌ മുന്‍കാലങ്ങളില്‍ ഈ സ്ഥാപനം നിലകൊണ്ടതും. എന്നാല്‍ കഴിഞ്ഞ എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്തു പി.
എസ്‌.സിയില്‍ നടന്ന പല നിയമനങ്ങളുടെയും പരീക്ഷയുടെ തന്നെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിവരങ്ങളാണ്‌ പുറത്തു വരുന്നത്‌. വര്‍ഷംതോറും 30000 ത്തിലേറെ തൊഴില്‍ അന്വേഷകര്‍ക്കു സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി പി.എസ്‌.സി നിയമനം ലഭിച്ചുകൊണ്ടിരുന്നു. ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ കേരളത്തിലെ പി.എസ്‌.സി വഴിയാണ്‌ നടക്കുന്നതെന്നു എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ മേനി പറയുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 19 അംഗങ്ങള്‍ ഉണ്ട്‌. ചെയര്‍മാന്‌ മൂന്നര ലക്ഷം രൂപയും അംഗങ്ങള്‍ക്ക്‌ മൂന്നു ലക്ഷത്തിഇരുപത്തി അയ്യായിരം രൂപയും പ്രതിമാസ ശമ്പളം ലഭിക്കും. ശമ്പളത്തിനുപുറമെ യാത്രാബത്ത, വീട്ടുവാടക, ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വാഹന സൗകര്യങ്ങള്‍ എന്നിവ പുറമേയും ലഭിക്കും. ഇവര്‍ ജോലി ചെയ്യുന്ന സംവിധാനത്തില്‍ നിന്നും നിഷ്‌പക്ഷവും നീതിപൂര്‍വ്വകവും തുല്യതയാര്‍ന്നതുമായ സേവനമാണ്‌ എല്ലാവരും പ്രതീക്ഷിക്കുന്നത്‌.
എന്നാല്‍ കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തു നടത്തിയ ആസൂത്രണ ബോര്‍ഡിലെ ചീഫ്‌ ഇന്‍ഡസ്‌ട്രീയല്‍ ആന്‍ഡ്‌ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഓഫീസര്‍ തസ്‌തികയിലേക്കു നടന്ന പരീക്ഷയില്‍ ക്രമക്കേട്‌ വന്നുവെന്ന വിവരം പുറത്തു വന്നതിനെ തുടര്‍ന്ന്‌ കൂടുതല്‍ പരാതികള്‍ ഉയരുകയാണ്‌. സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികളില്‍ ഒരാള്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പ്‌ എടുത്തതോടെയാണ്‌, അവിടെ നടന്ന തെറ്റായ നടപടി വെളിപ്പെട്ടത്‌. പരീക്ഷ എഴുതിയ പലരുടെയും പത്തു ഉത്തരങ്ങള്‍ പരിശോധിച്ചിട്ടുപോലുമില്ലെന്നു മാത്രമല്ല 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ 58 മാര്‍ക്കിനുള്ള ഉത്തരങ്ങളും പരിശോധിച്ചിട്ടില്ല. ഈ തസ്‌തികയിലേക്കു നിയമനം കൊടുത്തതു ഇടതു സംഘടനാ നേതാക്കള്‍ ക്കാണ്‌ എന്ന കാര്യവും പുറത്തു വന്നു. കെ.ജി.ഒ.എ എന്ന ഇടതുപക്ഷ സംഘടനയുടെ നേതാവായിരുന്ന ആളാണ്‌ ഇപ്പോഴത്തെ പി.എസ്‌.സി ചെയര്‍മാന്‍ എന്ന കാര്യവും ചേര്‍ത്തു വായിക്കാവുന്നതാണ്‌. ഇക്കാര്യത്തെക്കുറിച്ചുണ്ടായ വിവാദത്തെ തുടര്‍ന്ന്‌ പി.എസ്‌.സിയുടെ ആഭ്യന്തര വിജിലന്‍സ്‌ എസ്‌.പി യുടെ നേതൃത്വത്തിലുണ്ടാകുന്നുമെന്നു നിശ്ചയിച്ച അന്വേഷണം, ചെയര്‍മാന്‍ ഇടപെട്ടു പരീക്ഷാ കണ്‍ട്രോളറുടെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിക്കുകയും അങ്ങനെ അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. പി.എസ്‌.സിയുടെ പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ചു വ്യാപകമായ പരാതി ഉണ്ടായ സാഹചര്യത്തില്‍ അക്കാര്യങ്ങളെല്ലാം ക്രൈം ബ്രാഞ്ചിനെ കൊണ്ടു അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്‌. മുന്‍പൊക്കെ പി.എസ്‌.സിയുടെ പരീക്ഷക്കു പല സെറ്റു ചോദ്യപേപ്പറുകള്‍ ഉണ്ടാകുകയും അതില്‍ നിന്നു ഒരെണ്ണം കുറിയിട്ടു എടുക്കുകയാണു ചെയ്‌തിരുന്നതെന്നു പറയപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറ്റിയതാ യാണ്‌ ആക്ഷേപം. ഇതോടൊപ്പം തന്നെ റാങ്ക്‌ ലിസ്റ്റു ഉണ്ടായിട്ടും റാങ്ക്‌ ലിസ്റ്റില്‍ നിന്നും നിയമിക്കാതെ പല വകുപ്പിലും താല്‌ക്കാലികമായി ജീവനക്കാരെ നിയമിക്കുന്നതായി പറയപ്പെടുന്നു. കോളജ്‌ അസിസ്റ്റന്റ്‌ പ്രൊഫസര്‍ അടക്കം റാങ്ക്‌ ലിസ്റ്റുകളില്‍ ഒന്നാം സ്ഥാനക്കാര്‍ക്കുപോലും നിയമനം ലഭിച്ചിട്ടില്ല. അടുത്തകാലത്തു പി.എസ്‌.സി വഴി നടത്തിയ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വിസ്‌ പരീക്ഷയെ സംബന്ധിച്ചും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്‌. പി.എസ്‌.സി ഭരണഘടനാസ്ഥാപനമായതിനാല്‍ സര്‍ക്കാരിനു പി.എസ്‌.സിക്കെതിരെ നേരിട്ട്‌ നടപടി എടുക്കാന്‍ സാധിക്കില്ല. പി.എസ്‌.സിയുടെ ഈ ഇമ്മ്യൂണിറ്റി കമ്മീഷന്‍ ദുരുപയോഗം ചെയ്‌തിട്ടുണ്ടോ എന്നു അന്വേഷണത്തില്‍ പുറത്തു വരട്ടെ. പത്രത്തില്‍ വന്ന വാര്‍ത്തയനുസരിച്ച്‌ കേരളത്തില്‍ വര്‍ഷം 33000 ഒഴിവുകള്‍ താല്‌കാലികാടിസ്ഥാനത്തില്‍ ഉള്‍പ്പെടെ വരുന്നതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി നിയമനം നടത്തുന്നത്‌. ബാക്കി ശരാശരി 22000 ഒഴിവുകള്‍ പാര്‍ട്ടി നേതാക്കളുടെ സ്വാധീനം വഴി വീതം വയ്‌ക്കപ്പെടുകയാണുണ്ടാകുന്നത്‌. ഇക്കാര്യത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്ന തൊടുന്യായമാണ്‌ കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിച്ച പി.ആര്‍.ഡി യുടെ പ്രിസം പാനല്‍ കാഷ്വല്‍ തസ്‌തികയായി ആണ്‌ കണക്കാക്കപ്പെട്ടിരുന്നത്‌. കാഷ്വല്‍ ജോലി പ്രവര്‍ത്തി പരിചയമായി കണക്കാക്കാനാവില്ലെന്നാണു നിയമം. എന്നാല്‍ പാര്‍ട്ടി സമ്മര്‍ദ്ദത്തെ തുടര്‍ന്നു അതു പ്രവര്‍ത്തി പരിചയമായി കണക്കാക്കി ആ സര്‍ട്ടിഫിക്കറ്റു പ്രകാരം റാങ്ക്‌ ലിസ്റ്റില്‍ കയറി കൂടുകയും ചെയ്‌തു. പാര്‍ട്ടിക്കുവേണ്ടി പണിയെടുത്തവരെ പാര്‍ട്ടി പരിഗണിച്ചപ്പോള്‍, അവഗണിക്കപ്പെട്ടവരും പുറംന്തള്ളപ്പെട്ടവരും അര്‍ഹതയുള്ളവരായിരുന്നു എന്നതു നീതിരാഹിത്യമാണ്‌. പി.എസ്‌.സിയില്‍ തന്നെ താല്‌ക്കാലികാടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍മാരായി നിയമിക്കപ്പെട്ടവര്‍ സ്വാധീനമുള്ളവരും വേണ്ടപ്പെട്ടവരുമായിരുന്നു എന്ന ആരോപണവും പുറത്തു വന്നിട്ടുണ്ട്‌. പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനും അതിലെ അംഗങ്ങള്‍ക്കും പബ്ലിക്കിനോടു മാത്രം ഉത്തരവാദിത്വവും പ്രതിബദ്ധതയുമുണ്ടാകണം എന്നതാണ്‌ സാമാന്യ ജനത്തിന്റെ ആഗ്രഹം.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌.

Previous Post

മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സീനിയര്‍ സിറ്റിസണ്‍ സംഗമം നടത്തി

Next Post

പെരിക്കല്ലൂര്‍ ഫൊറോന മിഷന്‍ ലീഗിന്‍്റെയും തിരുബാലസഖ്യത്തിന്‍്റെയും പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!