ബി.സി.എം കോളേജ് ഓട്ടോണമസ് പദവിയില്‍

സപ്തതിയുടെ നിറവില്‍ എത്തിനില്‍ക്കുന്ന കോട്ടയം ജില്ലയിലെ പ്രമുഖ വനിതാ വിദ്യാഭ്യാസ സ്ഥാപനമായ ബി.സി.എം കോളേജിന് യു.ജി.സി അനുവദിച്ച ഓട്ടോണമസ് പദവിയുടെ ഔദ്ദ്യോഗിക പ്രഖ്യാപനം കോട്ടയം അതിരൂപത മെത്രാപ്പോലീത്തയും കോളേജ് പേട്രണുമായ അഭി. മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. സ്വതന്ത്രമായി നൂതനമായ പ്രോഗ്രാമുകളും കോഴ്‌സുകളും രൂപപ്പെടുത്താനും, സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനും, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന മികച്ച പഠനാനുഭവം ഉറപ്പാക്കാനും ഓട്ടോണമസ് പദവി ഉപകരിക്കും.
കോളേജിന്റെ ഉന്നത അക്കാദമിക് നിലവാരം സ്ഥിരതയാര്‍ന്ന മികച്ച വിജയ ശതമാനം യൂണിവേഴ്‌സിറ്റി റാങ്കുകള്‍, ശാന്തമായ പഠനാന്തരീക്ഷം അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി, ഗവേഷണ പ്രവര്‍ത്തനങ്ങള്‍, സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, കലാ-കായിക രംഗത്തെ മികവ്, പൊതുസമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് യു.ജി.സി ഈ പ്രത്യേക പദവി നല്‍കിയിരിക്കുന്നത്.
കോട്ടയം അതിരൂപതാ മാനേജ്‌മെന്റിന് കീഴില്‍ 1955-ല്‍ സ്ഥാപിതമായ ബി.സി.എം കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനും വ്യക്തിത്വ വികസനത്തിനും കാലാനുസൃതമായി അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന വിവിധ ഏജന്‍സികളില്‍ നിന്ന് കോളേജിന് മികച്ച റേറ്റിംഗ് ഇതിനോടകം ലഭിച്ചിട്ടുണ്ട്. നാക്ക് അക്രിഡറ്റേഷനില്‍ അ+ ഗ്രേഡ് കരസ്ഥമാക്കിയ ബി.സി.എം ന് കിര്‍ഫ് റാങ്കിങ്ങില്‍ വനിതാ കോളേജുകളില്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനവും എം.ജി യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം സ്ഥാനവുമാണുള്ളത്.
കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങള്‍, ഡിജിറ്റല്‍ ലൈബ്രറി, വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബുകള്‍, വിവിധ എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉയര്‍ന്ന റേറ്റിംഗിന് സഹായിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സര്‍വീസിലേക്ക് പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടി ലീഡ് ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ച് വനിതകള്‍ക്കായി മാത്രം സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച റെസിഡന്‍ഷ്യല്‍ സിവില്‍ സര്‍വീസ് അക്കാദമി, പി.എസ്.സി, എസ്.എസ്.സി, ബാങ്ക് റെസിഡന്‍ഷ്യല്‍ കോച്ചിംഗ്, ഡിഫന്‍സ് സര്‍വീസിലേക്ക് പെണ്‍കുട്ടികളെ എത്തിക്കാനായി ബി.സി.എം അക്കാദമി ഫോര്‍ ഡിഫന്‍സ് ആസ്പിരന്റ്‌സ്, കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ഉറപ്പാക്കുന്ന തരത്തിലുള്ള ഇഅ, ഇങഅ, അഇഇഅ പോലുള്ള പ്രൊഫഷണല്‍ കോഴ്‌സുകളുടെ പരിശീലനം, സ്‌പോര്‍ട്‌സില്‍ കുട്ടികളെ മികവുറ്റതാക്കാന്‍ കബഡി അക്കാദമി, നൂതന സാങ്കേതികവിദ്യ അക്കാദമിക് തലത്തില്‍ സംയോജിപ്പിച്ചുകൊണ്ട് റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമുകള്‍, വിദേശ ഭാഷകള്‍ പഠിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ് തുടങ്ങിയവയും ബി.സി.എംയുടെ സവിശേഷതകളാണ്.

കൂടാതെ വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ട്വിന്നിംഗ്, ഡ്യുവല്‍ ഡിഗ്രി, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകള്‍, വര്‍ക്കിംഗ് വിമന്‍സിന് കരിയര്‍ എന്‍ഹാന്‍സ്‌മെന്റിനും, പഠനം പൂര്‍ത്തിയാക്കുവാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കുവേണ്ടി ഈവനിംഗ് അക്കാദമിയുടെ കീഴില്‍ ബാക്ക് ടു ക്യാമ്പസ് എന്നിവയൊക്കെയും ബി.സി.എംന്റെ ഓട്ടോണമസ് പദവിയുടെ മാറ്റ് കൂട്ടുന്നു.
വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണം എന്ന ലക്ഷ്യത്തില്‍ ഏഴ് പതിറ്റാണ്ട് മുമ്പ് അക്ഷരനഗരിയില്‍ ആരംഭിച്ച ബി.സി.എം കോളേജിന്റെ വിദ്യാഭ്യാസ നിലവാരം പുതിയ ഉയരങ്ങളില്‍ എത്തിക്കാനുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ഓട്ടോണമസ് പദവി എന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട് മെത്രാന്‍ വ്യക്തമാക്കി. അഡ്മിഷന്‍ അടക്കം കോളേജ് സംബന്ധമായ എല്ലാ കാര്യങ്ങളും ഉള്‍കൊള്ളുന്ന പരിഷ്‌കരിച്ച കോളേജ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം റവ. ഫാ. അബ്രഹാം പറമ്പേട്ട് നിര്‍വഹിച്ചു. ബി.സി.എം കോളേജിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കഠിനാധ്വാനവും കൂട്ടായ്മയുമാണ് ഈ നേട്ടത്തിന് അടിസ്ഥാനം എന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. തോമസ് കെ. വി, ബര്‍സാര്‍ ഫാ ഫില്‍മോന്‍ കളത്ര എന്നിവര്‍ അഭിപ്രായപെട്ടു.

Previous Post

കോട്ടയം: സി. സ്റ്റാനി SVM

Next Post

കാരിത്താസ് മാതാ ആശുപത്രിയില്‍ അപൂര്‍വ ലാപറോസ്‌കോപിക് ശസ്ത്രക്രിയ വിജയം

Total
0
Share
error: Content is protected !!