ബര്‍മിംഗ്ഹാം: ക്നാനായ കാത്തലിക് മിഷന്‍സ് യുകെ സംഘടിപ്പിക്കുന്ന വാര്‍ഷിക കുടുംബസംഗമമായ ‘വാഴ്വ് 2026’-ല്‍ പ്രശസ്ത സംഗീതജ്ഞന് സ്റ്റീഫന്‍ ദേവസ്സി പങ്കെടുക്കും. സെപ്റ്റംബര്‍ 26ന് ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സംഗമത്തിലെ കലാസന്ധ്യ സ്റ്റീഫന്‍ ദേവസ്സി ഉദ്ഘാടനം ചെയ്യും.
കീബോര്‍ഡിലെ മാന്ത്രിക വിരലുകളിലൂടെ സ്വരലയതാള വിസ്മയം തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസ്സി, സംഗീതവിരുന്നിലൂടെ പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറിട്ട ലോകത്തേക്ക് കൈപിടിച്ചാനയിക്കും. ഭക്തിസാന്ദ്രമായ ദിവ്യബലിക്കും ഉച്ചഭക്ഷണത്തിനും ശേഷമാണ് കലാവിരുന്ന് അരങ്ങേറുക.
അറുപതിലേറെ രാജ്യങ്ങളിലായി രണ്ടായിരത്തിലേറെ സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിട്ടുള്ള സ്റ്റീഫന്‍ ദേവസ്സിയുടെ പ്രകടനം നേരില്‍ ആസ്വദിക്കാനുള്ള അവസരമാണ് വാഴ്വ് 2026 ഒരുക്കുന്നത്. കലാസ്നേഹികളായ ഒരു കൂട്ടം ക്നാനായ സഹോദരങ്ങളാണ് സ്റ്റീഫന്‍ ദേവസ്സിയുടെ പരിപാടി വാഴ്വിനായി പൂര്‍ണമായും സൗജന്യമായി സ്പോണ്സര് ചെയ്യുന്നത്.
വാഴ്വിന്റെ കലാസന്ധ്യയില്‍ ക്നാനായ സിംഫണി മേളവും 15 മിഷനുകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട മികച്ച കലാപരിപാടികളും അരങ്ങേറും. സംഗീതവും കലാപരിപാടികളും ഒത്തുചേരുന്ന വാഴ്വ് 2026 അവിസ്മരണീയ ദിനമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
യുകെയിലെ എല്ലാ ക്നാനായ കത്തോലിക്കാ കുടുംബങ്ങളെയും സെപ്റ്റംബര്‍ 26ന് ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്വെന്ഷന് സെന്ററിലേക്ക് സംഘാടകര്‍ സ്നേഹപൂര്‍വം ക്ഷണിച്ചു.




