മടമ്പം പി.കെ.എം. കോളജില്‍ അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണം

മടമ്പം: മടമ്പം പി.കെ.എം. കോളജ് ഓഫ് എജുക്കേഷനില്‍ അന്താരാഷ്ട്ര ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല സിണ്ടിക്കേറ്റ് അംഗവും രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും മേധാവിയുമായ ഡോ. ഷിനോ പി. ജോസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ അറ്റ്മോസ്‌ഫെറിക് ശാസ്ത്രജ്ഞനും ലക്ഷദ്വീപ് മലിനീകരണ സമിതി ചെയര്‍മാനുമായ ഡോ. എം.കെ. സതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു.

സ്ട്രാറ്റോസ്‌ഫെറിക് ഓസോണ്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ട്രോപ്പോസ്‌ഫെറിക് ഓസോണിന്റെ ദൂഷ്യഫലങ്ങളും ഡോ. എം.കെ. സതീഷ് കുമാര്‍ വിശദീകരിച്ചു. പരിസ്ഥിതി മലിനീകരണം കുറച്ച് ഓസോണ്‍ പാളിയുടെ സംരക്ഷണം ഉറപ്പാക്കാനും ഭാവിതലമുറയ്ക്ക് ഓസോണ്‍ പാളിയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനും അദ്ദേഹം അധ്യാപക വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

ഫിസിക്കല്‍ സയന്‍സ് വിഭാഗം അധ്യാപിക അനുശ്രീ വി. സ്വാഗതം പറഞ്ഞു. അധ്യാപക വിദ്യാര്‍ത്ഥി ആര്യശ്രീ വി.പി. ചൊല്ലിക്കൊടുത്ത ഓസോണ്‍ സംരക്ഷണ പ്രതിജ്ഞയില്‍ എല്ലാവരും പങ്കുചേര്‍ന്നു. ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്ററും സോഷ്യല്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. വീണ അപ്പുക്കുട്ടന്‍, അധ്യാപക വിദ്യാര്‍ത്ഥികളായ ജ്യോതി തെരേസ്, റോണ്‍സ് സേവി തോമസ് എന്നിവര്‍ സംസാരിച്ചു.

ഹരിതഭാവിക്കായി സീഡ്ബോള്‍ നിര്‍മ്മാണം, നേച്ചര്‍ വാക്ക്, ഡോക്യുമെന്ററി പ്രദര്‍ശനം, അധ്യാപക വിദ്യാര്‍ത്ഥി ടോം ക്രിസ്ത്യാനോയുടെ സെമിനാര്‍ എന്നിവയും സംഘടിപ്പിച്ചു.

യുനെസ്‌കോയുടെ ‘ഗ്രീനിംഗ് എജുക്കേഷന്‍ പാര്‍ട്ണര്‍ഷിപ്പില്‍’ അംഗമായ കോളജ്, ‘പരിസ്ഥിതി സംരക്ഷകരായ അധ്യാപകര്‍’ എന്ന ലക്ഷ്യത്തിനും മുന്‍ഗണന നല്‍കുന്നുണ്ട്. ഓസോണ്‍ ദിനാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എന്‍. ഓസോണ്‍ സെക്രട്ടേറിയറ്റിന്റെ വെബ്സൈറ്റില്‍ ഇടം നേടിയ ഇന്ത്യയിലെ ഏക കോളജ് എന്ന നിലയിലും പി.കെ.എം. കോളജ് ശ്രദ്ധേയമായി.

 

Previous Post

മാലക്കല്ല് : മല്പാങ്കല്‍ കോര

Next Post

വാഴ്വ് 2026: കലാസന്ധ്യയ്ക്ക് അരങ്ങുണര്‍ത്താന്‍ സ്റ്റീഫന്‍ ദേവസ്സി

Total
0
Share
error: Content is protected !!