രാജപുരം: അക്കാദമിക് രംഗത്ത് വീണ്ടുമൊരു സുവര്‍ണ്ണനേട്ടം കൈവരിച്ച് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ്. കണ്ണൂര്‍ സര്‍വകലാശാല പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ 15 അധ്യാപകരെ സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് (Board of Studies) അംഗങ്ങളായി തിരഞ്ഞെടുത്തു. കോളേജിന്റെ ഉയര്‍ന്ന അക്കാദമിക് നിലവാരത്തിനും അധ്യാപകരുടെ പ്രഗത്ഭ്യത്തിനുമുള്ള ഔദ്യോഗിക അംഗീകാരമാണ് ഈ വലിയ നേട്ടം. സര്‍വകലാശാലയുടെ കീഴിലുള്ള ഒരു കോളേജില്‍ നിന്ന് ഇത്രയധികം അധ്യാപകര്‍ ഒരേസമയം ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് കോളേജിന്റെ അക്കാദമിക് മികവിനും ഗുണനിലവാരത്തിനും അടിവരയിടുന്ന ഒന്നാണ്. വിവിധ വിഷയങ്ങളിലെ പാഠ്യപദ്ധതി നിര്‍ണ്ണയം, അക്കാദമിക് പരിഷ്‌കരണങ്ങള്‍ എന്നിവയില്‍ ഇനി സെന്റ് പയസ് ടെന്‍ത് കോളേജിലെ അധ്യാപകരുടെ സാന്നിധ്യവും നിര്‍ണ്ണായക പങ്കും ഉണ്ടാകും. ഈ സുവര്‍ണ്ണ നേട്ടം കോളേജിന്റെ യശസ്സ് ഉയര്‍ത്തുന്നതാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. മികച്ച അംഗീകാരം കൈവരിച്ച എല്ലാ അധ്യാപകരെയും കോളേജ് മാനേജ്മെന്റും സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അഭിനന്ദിച്ചു.




