കോട്ടയം: കാരിത്താസ് കോളേജ് ഓഫ് നഴ്സിംഗിന്റെ അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ‘Symphony of Sixty – The Grand Caritas Summit 2026’ എന്ന പേരില്‍ സംഘടിപ്പിച്ച നാലാമത് ജനറല്‍ ബോഡി & ഫാമിലി മീറ്റ് 2026 ജൂലൈ 11-ന് കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ വച്ച് നടന്നു. കോളേജിന്റെ ആറു പതിറ്റാണ്ടുകളുടെ നഴ്സിംഗ് വിദ്യാഭ്യാസ പാരമ്പര്യത്തെ അനുസ്മരിക്കുന്ന ചടങ്ങില്‍ വിവിധ ബാച്ചുകളില്‍പ്പെട്ട 150-ഓളം അലുമ്നികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. അലുമ്നി അസോസിയേഷന് പ്രസിഡന്റ് ശ്രീമതി ജൂലിയ ജോസ് സ്വാഗതം ആശംസിച്ചു. കാരിത്താസ് ഹോസ്പിറ്റല്‍ & ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ ഡയറക്ടറും സിഇഒയുമായ റവ. ഡോ. ബിനു കുന്നത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് കാരിത്താസ് കോളേജ് കൈവരിച്ച നേട്ടങ്ങളും സമൂഹത്തിനായി സമര്‍പ്പിതരായ നഴ്സുമാരെ വാര്‍ത്തെടുക്കുന്നതില്‍ സ്ഥാപനത്തിന്റെ പങ്കും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. അലുമ്നി അസോസിയേഷന് സെക്രട്ടറി ശ്രീമതി റോണി പി. ജോര്‍ജ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് യു.ജി. കോര്‍ഡിനേറ്റര്‍ പ്രൊഫ്. സ്മിത പോള്‍ കാരിത്താസിലെ നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ അറുപതാം വാര്ഷികാഘോഷങ്ങളെക്കുറിച്ചും നഴ്സിംഗ് വിദ്യാഭ്യാസ മേഖലയിലെ സമകാലിക പ്രവണതകളെയും വെല്ലുവിളികളെയും കുറിച്ചും സംസാരിച്ചു. ചടങ്ങില്‍ അലുമ്നി വാര്‍ത്താപത്രികയായ ‘Polestars 4” പ്രകാശനം ചെയ്യുകയും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. കാരിത്താസ് കോളേജില്‍ നിന്ന് നഴ്സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സപ്തതി നിറവില്‍ നില്ക്കുന്ന പൂര്വവിദ്യാര്ഥികളെ ചടങ്ങില്‍ ആദരിക്കുകയുണ്ടായി. തുടര്‍ന്ന് അലുമ്നികളുടെ അനുമോദന പ്രഭാഷണങ്ങള്‍ നടന്നു. വിദ്യാര്‍ഥികളും അലുമ്നികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ സംഗമത്തിന് കൂടുതല്‍ മികവ് പകര്‍ന്നു. അലുമ്നി അസോസിയേഷന് വൈസ് പ്രസിഡന്റ് ശ്രീമതി ജീന മരിയ തോമസ് നന്ദി രേഖപ്പെടുത്തി. പരസ്പര സൗഹൃദവും ഓര്‍മ്മകളുടെ പങ്കുവെപ്പും പുതുക്കി, കാരിത്താസ് കുടുംബബന്ധം കൂടുതല്‍ ദൃഢമാക്കുന്ന വേദിയായി അലുമ്നി മെഗാ മീറ്റ് 2026 മാറി.



