മാനന്തവാടി: കോട്ടയം വിസിറ്റേഷന്‍ സന്യാസിനി സമൂഹം മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയോട് ചേര്‍ന്ന് 2017 മുതല്‍ നടപ്പിലാക്കുന്ന മാര്‍ മാക്കീല്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 6 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടത്തുന്ന WECARE പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തപ്പെട്ടു. മാനന്തവാടി പാവന പാസ്റ്റര്‍ സെന്ററില്‍ നടന്ന ആദ്യ ക്യാമ്പില്‍ 58 കുട്ടികള്‍ പങ്കെടുത്തു. പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുകാല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിബില്‍ കുഴിവേലില്‍ അധ്യക്ഷത വഹിച്ചു. വിസിറ്റേഷന്‍ സമൂഹത്തിന്റെ മലബാര്‍ റീജിയണല്‍ സുപ്പീരിയര്‍ സി. സിന്‍സി SVM മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കോഡിനേറ്റര്‍ ഫാ. സ്റ്റീഫന്‍ ചീക്കപ്പാറ സ്വാഗതവും, അസിസ്റ്റന്റ് കോഡിനേറ്റര്‍ സി. അരുണ്‍ SVM നന്ദിയും പറഞ്ഞു. എല്ലാമാസവും രണ്ടാം ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തപ്പെടുന്ന പ്രോഗ്രാമില്‍ വിശ്വാസ പരിശീലനം, വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, സ്കില്‍ ഡെവലപ്പ്മെന്റ്, കൗമാരത്തിലെ ജാഗ്രത, ഡിജിറ്റല്‍ ലോകത്തിലെ മായക്കാഴ്ചകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ഓരോ ക്ലാസിലെയും പാഠ്യ വിഷയങ്ങളുടെ തുടര്‍ച്ചയായ പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.പെരിക്കല്ലൂര്‍ ഫൊറോനയിലെ SJC, SVM സിസ്റ്റര്‍മാരും, അല്മായ ഫെസിലിറ്റേറ്റര്‍മാരും ക്യാമ്പിന് നേതൃത്വം നല്കിവരുന്നു.





