കൊച്ചി: കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തില്‍ കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി അഡ്വ. വി. ഡി. സതീശനെ സന്ദര്‍ശിച്ചു. പുതിയ മന്ത്രിസഭക്ക് ആശംസകള്‍ അര്‍പ്പിച്ച പ്രതിനിധി സംഘം, സമൂഹവും സഭയും അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. മലയോര മേഖലകളില്‍ ജീവിക്കുന്നവരും തീരദേശവാസികളും നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികള്‍, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍, മുനമ്പം വിഷയം, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ദളിത് ക്രൈസ്തവര്‍ നേരിടുന്ന അവകാശ നിഷേധങ്ങള്‍, മദ്യവ്യാപനം സംബന്ധിച്ച പ്രതിസന്ധികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന മെമ്മോറാണ്ടം കെസിബിസി പ്രസിഡന്റ് മുഖ്യമന്തിക്ക് സമര്‍പ്പിച്ചു.
ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തല, വൈദ്യുതി മന്ത്രി ശ്രീ സണ്ണി ജോസഫ്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കെസിബിസി ഉന്നയിച്ച വിഷയങ്ങളില്‍ നീതിപൂര്‍വമായ ഇടപെടലുകള്‍ മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഉറപ്പുനല്‍കി.




