കേരളത്തില്‍ അടുത്ത കാലത്തുണ്ടായ 2 വാഹനാപകടങ്ങള്‍ ഏറെ കോളിളക്കമുണ്ടാക്കി. കൊച്ചിയില്‍ ഒരു ചെറുപ്പക്കാരന് ഉപയോഗിച്ച മിനി കൂപ്പര്‍ കാര്‍ ഇടിച്ച് 3 പേരാണ് മരിച്ചത്. ആ അപകടം കഴിഞ്ഞ് 2 ആഴ്ച പിന്നിടുന്നതിനു മുന്‍പേ കൊച്ചിക്കടുത്ത് ചേരാനല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത 17 കാരന് ഓടിച്ച ബെന്‍സു കാറിടിച്ച് 56 വയസുള്ള തട്ടുകടക്കാരന് മരിച്ചു. 17 കാരന്റെ പിതാവ് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം കേസുകള്‍ കൈകാര്യം ചെയ്യുന്ന ട്രൈബ്യൂണലിലെ അഡീഷണല്‍ ജില്ലാ ജഡ്ജിയാണ്. 17 കാരനു പെട്ടെന്നുതന്നെ ജാമ്യം ലഭിക്കുകയും നരഹത്യയുടെ വകുപ്പുകള്‍ ചേര്‍ക്കാതെ കേസ് എടുക്കുകയും ചെയ്തത് കുടുംബാംഗങ്ങളുടെ മാത്രമല്ല പൊതുസമൂഹത്തിന്റെ മുഴുവന്‍ പ്രതിഷേധത്തിനും അമര്‍ഷത്തിനും കാരണമായി. പണവും സ്വാധീനവും ഉള്ളവര്‍ക്കു ഒരു നീതിയും അല്ലാത്തവര്‍ക്കു മറ്റൊരു നീതിയുമാണോ ആഭ്യന്തര വകുപ്പിന്റെ നയമെന്നു വിമര്‍ശനം ഉണ്ടായി. ആക്ഷേപം ഉയര്‍ന്ന ഉടനെതന്നെ ആഭ്യന്തര മന്ത്രി ഡി.ജി.പി.യോടു വിശദീകരണം തേടുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നു പറയുകയും ചെയ്തു. നിയമസഭയില്‍ ഈ വിഷയം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ പോലീസിന്റെ തെറ്റായ സമീപനത്തെ ഒരു തരത്തിലും ന്യായീകരിക്കാതെ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതിക്കു ലഭിച്ച ജാമ്യം റദ്ദാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഒപ്പം വാഹന ഉടമക്കെതിരെ കേസു എടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിയില്‍ നിന്ന് പോലീസ് അനുമതി നേടാനുള്ള നടപടികള്‍ സ്വീകരിച്ചതായും പറഞ്ഞു. കേസിന്റെ നടത്തിപ്പില്‍ വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റു ചെയ്യുകയും പോലീസ് കമ്മീഷണറെ തല്‍സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. പലപ്പോഴും പോലീസ് ചെയ്യുന്ന അതിക്രമത്തെ പോലീസിന്റെ മനോവീര്യം തകര്‍ക്കരുത് എന്നു പറഞ്ഞു ന്യായീകരിക്കുന്ന നടപടികള്‍ മുന്‍ സര്‍ക്കാരിന്റെ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രി സഭയിലും പുറത്തും സ്വീകരിച്ച നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ സമീപനം അഭിനന്ദനാര്‍ഹമാണ്. നമ്മുടെ നാട്ടില്‍ തട്ടുകട നടത്തുന്നവനും ഓട്ടോറിക്ഷാ ഓടിക്കുന്നവനും പെയിന്റിംഗ് ജോലി ചെയ്യുന്നവനും വിധി പ്രസ്താവിക്കുന്ന ജഡ്ജിയുമെല്ലാം നിയമത്തിന്റെ മുന്പില് സമന്മാരാണെന്നു ഉറപ്പുവരുത്തേണ്ടത് നീതിയുടെ നിലനില്‍പ്പിന് ആവശ്യമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം എ.ഡി.ജി.പി, ഡി.ജി.പി ക്കു നല്കിയ റിപ്പോര്‍ട്ടില്‍ പോലീസിന്റെ ഭാഗത്തു നിന്നു ഉണ്ടായ വീഴ്ചകള്‍ എണ്ണി പറഞ്ഞിട്ടുണ്ട്. പണവും സ്വാധീനവും ഉള്ളവര്‍ക്ക് ഒരു നീതിയും അതില്ലാത്തവര്ക്കു മറ്റൊരു നീതിയും ജനാധിപത്യ രാജ്യത്തു സ്വീകാര്യമല്ല.
ചേരാനല്ലൂരില്‍ അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകന് ഭാഗ്യദര്ശനും മകള്‍ ഭദ്രകീര്ത്തിയും ബന്ധുക്കളും പിതാവിന്റെ ചിതയടങ്ങും മുന്‍പു പോലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതും പൊതുജനവും പ്രതിപക്ഷ പാര്‍ട്ടികളുമൊക്കെ അവരുടെ ഒപ്പം നിന്നതുമൊക്കെ കുറ്റമറ്റവിധത്തില്‍ തുടര്‍ നടപടികള്‍ എടുക്കാന്‍ പോലീസിനെ നിര്‍ബന്ധിതരാക്കി. എന്നാല്‍ പോലീസ് പ്രവര്‍ത്തിക്കേണ്ടത് പൊതുജന സമ്മര്‍ദ്ദത്തെ തുടര്ന്നായിരിക്കരുത്. പൗരജനങ്ങള്‍ക്കു നീതി ഉറപ്പു വരുത്തുവാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കു വിധേയപ്പെടാതിരിക്കാനും പോലീസിനും കഴിയണം. അതോടൊപ്പംതന്നെ നമ്മുടെ നാട്ടില്‍ റോഡിലെ നിയമങ്ങളും ഡ്രൈവിംങിന്റെ നിയമങ്ങളും കര്‍ശനമായി പാലിക്കുവാന്‍ പൊതുജനങ്ങള്‍ തയ്യാറാകണം. സീബ്രാ ലൈനില്‍കൂടെ കടന്നുപോകുമ്പോള്പോലും കാല്‍നട യാത്രക്കാരെ മാനിക്കാത്ത ബസ് ഡ്രൈവര്‍മാരും മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാരും ഉണ്ടെന്നതു വസ്തുതയാണ്. അങ്ങനെയുള്ള പല അനുഭവങ്ങളും മനോമുകുരത്തില്‍ കടന്നുവരുന്നു. പ്രായപൂര്‍ത്തിയാകാതെ വണ്ടി ഓടിച്ച് അപകടം വരുത്തുന്ന സാഹചര്യത്തില്‍ വാഹന ഉടമക്കെതിരെ കേസ് എടുക്കാന്‍ നമ്മുടെ നാട്ടില്‍ നിയമമുണ്ട്. ആ നിയമം കൃത്യമായി പാലിക്കണം. ഇത്രയൊക്കെ നടന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല എന്നതിന്റെ പല സൂചനകളും വരുന്നു. ഇതെഴുതുന്നതിന്റെ തലേദിവസം മൂന്നര വയസ്സായ കുഞ്ഞിനെ മടിയില്‍ ഇരുത്തി കാറിന്റെ സ്റ്റിയറിംഗ് പിടിപ്പിച്ചു വണ്ടി ഓടിച്ച വാഹന ഉടമയുടെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തിരിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍ ഒക്ടോബര്‍ 28-ാം തീയതി ഉത്തരമേഖല ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാതെ വണ്ടിയോടിച്ച 55 കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പതിനാറുകാരന് മകന് ഓടിച്ച സ്കൂട്ടര്‍ ഇടിച്ചു മരിച്ച കേസില്‍ ഇന്‍ഷ്വുറന്‍സ് കമ്പനി നഷ്ടപരിഹാരമായി നല്കുന്ന 28 ലക്ഷം രൂപ വാഹന ഉടമയായ പിതാവില്‍ നിന്നും തിരിച്ചു പിടിക്കുവാന്‍ മൂവാറ്റുപുഴ മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ വിധിച്ചത് ഒക്ടോബര്‍ 28-ാം തീയതിയാണ്. ഒരുപക്ഷേ ഏറ്റവും അച്ചടക്കമില്ലാതെയും നിയമങ്ങള്‍ തെറ്റിച്ചും വാഹനം ഓടിക്കുന്നത് നമ്മുടെ രാജ്യത്തും കേരളത്തിലുമൊക്കെയാണ്. ഇപ്പോള്‍ പലപ്പോഴും വശങ്ങള് തെറ്റിച്ചു മറ്റു വണ്ടികളെ ഓവര്‍ടേക്കു ചെയ്യുന്നതു ഡ്രൈവിംങിലെ സാധാരണ രീതിപോലെ ആയിട്ടുണ്ട്. നിയമ ലംഘനങ്ങള്‍ക്കു കര്‍ശന ശിക്ഷ ഉറപ്പു വരുത്തുകയും നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ വിധത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും വാഹന ഗതാഗതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടുകയും നിയമത്തിന്റെ മുന്പിലെ തുല്യത ഉറപ്പു വരുത്തുകയും പണവും അധികാരവും സ്വാധീനവും തെറ്റുകളെ വെള്ളപൂശുന്ന
തരത്തിലേക്കു നയിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ ഇത്തരത്തിലുള്ള നിയമലംഘനങ്ങളും അതുണ്ടാക്കുന്ന അപകട മരണങ്ങളും
കുറയ്ക്കാനാവൂ.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്.എച്ച്
നിയമങ്ങള്‍ പാലിക്കപ്പെടണം; പോലീസ് നിഷ്പക്ഷമാവണം



