കിടങ്ങൂര്‍: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വായനാവാരാചരണത്തിന്റെ ഭാഗമായി വായനാദിനാചരണവും വായനകളരി ഉദ്ഘാടനവും നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സ്റ്റാനി ഇടത്തിപറമ്പില്‍ അധ്യക്ഷത വഹിച്ചു.
പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മുന്‍ പ്രിന്‍സിപ്പല്‍ റെജിമോന് കെ. മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്ത് വായനാദിന സന്ദേശം നല്കി. മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിച്ച വായനകളരിയില്‍ മനോരമ സീനിയര്‍ എക്സിക്യൂട്ടീവ് മാനേജര്‍ അനീഷ് എ. തോമസ് ആശംസകള്‍ നേര്‍ന്നു.
സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളായ മാത്യു പൂഴിക്കാലയും ടോം ജോസഫ് പുളിക്കലും സ്പോണ്സര് ചെയ്ത 20 മലയാള മനോരമ പത്രങ്ങള്‍ പ്രിന്‍സിപ്പല്‍ ഷെല്ലി ജോസഫും ഹെഡ്മാസ്റ്റര് ബിജു സൈമണും ചേര്‍ന്ന് ഏറ്റുവാങ്ങി.
പി.ടി.എ. പ്രസിഡന്റ് ജോമോന് കാരാമയില്‍, എം.പി.ടി.എ. പ്രസിഡന്റ് ജാന്‍സി ജോബി എന്നിവര്‍ സംസാരിച്ചു. പി.എന്‍. പണിക്കര്‍ അനുസ്മരണം അഖില ബിജു നിര്‍വഹിച്ചു. ഹെലന് മേരി ബിജു വായനാദിന സന്ദേശം അവതരിപ്പിച്ചു. വൃന്ദ എ. നായര്‍ പുസ്തകനിരൂപണം നടത്തി.



