കണ്ണൂര്‍: ലോക മാതൃദിനാഘോഷത്തോടനുബന്ധിച്ച് മാതൃദിനത്തിന്റെ ആശംസകളും, സന്ദേശങ്ങളും എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാതൃദിനാഘോഷം സംഘടിപ്പിച്ചു. പയ്യാവൂര്‍ സെന്റ് ആന്‍സ് പാരിഷ്ഹാളില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി നിര്‍വ്വഹിച്ചു. ചെറുപുഴ സ്‌കൂളിലെ അധ്യാപകന്‍ ജോബി മൂലയില്‍ മാതൃദിനത്തിന്റെ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ക്ലാസ്സ് നയിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. റവ. ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മടമ്പം മേഖല കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി സ്വാഗതം അശംസിക്കുകയും, പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ പ്രകാശന്‍, പയ്യാവൂര്‍ കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സി. ഷീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങില്‍ മാസ്സ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഷാന്‍ലി തോമസ് നന്ദി പറഞ്ഞു. ദിനാഘോഷത്തില്‍ 200-വനിതകള്‍ പങ്കെടുത്തു.





