‘എന്റെ അമ്മ, എന്റെ അനുഗ്രഹം” -മാതൃദിനം അവിസ്മരണീയമാക്കി കുഞ്ഞുമിഷനറിമാര്‍.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മാതൃദിനാഘോഷം അത്യന്തം മനോഹരവും ഹൃദയസ്പര്‍ശിയുമായ രീതിയില്‍ സംഘടിപ്പിച്ചു. ‘My Mom, My Blessing’ (എന്റെ അമ്മ, എന്റെ അനുഗ്രഹം) എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികള്‍ക്കായി പ്രത്യേക പോസ്റ്റര്‍ മത്സരം ഒരുക്കിയതായിരുന്നു ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. ഹോളി ചൈല്‍ഡ്ഹുഡ് മിനിസ്ട്രി, മിഷന്‍ ലീഗ്, ടീന്‍സ് മിനിസ്ട്രി ,എന്നീ വിഭാഗങ്ങളിലെ കുട്ടികള്‍ ആവേശപൂര്‍വ്വം പങ്കെടുത്ത മത്സരത്തില്‍, അവര്‍ അവരുടെ അമ്മമാരോടുള്ള സ്‌നേഹവും നന്ദിയും സൃഷ്ടിപരമായ രീതിയില്‍ അവതരിപ്പിച്ചു. A4 വലുപ്പത്തിലുള്ള, കൈകൊണ്ട് വരച്ച ഒറിജിനല്‍ പോസ്റ്ററുകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓരോ വിഭാഗത്തിലുമുള്ള മികച്ച സൃഷ്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും പ്രഖ്യാപിച്ചിരുന്നു.

മെയ് മൂന്നാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം, മിഷന്‍ ലീഗ് പ്രസിഡന്റ് ഐസക് മറ്റത്തില്‍ മത്സരത്തിന്റെ വിശദാംശങ്ങള്‍ ഇടവകാംഗങ്ങള്‍ക്ക് അവതരിപ്പിച്ചു. മാതൃത്വത്തിന്റെ മഹത്വം ഊന്നിപ്പറഞ്ഞുകൊണ്ട് ഐസക് ബൈബിളിലെ സദൃശ്യവാക്യം ഉദ്ധരിച്ചു: ”അവളുടെ മക്കള്‍ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പറയുന്നു; ഭര്‍ത്താവും അവളെ പ്രശംസിക്കുന്നു.” (സദൃശ്യവാക്യങ്ങള്‍ 31:28) അമ്മ ദൈവത്തിന്റെ അതുല്യമായ വരദാനമാണെന്നും, സ്‌നേഹവും കരുതലും ആത്മബലവും പകരുന്ന സാന്നിധ്യമാണ് അമ്മയെന്നും ഐസക് യൂണിറ്റ് അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിനായി പിതാക്കളും കുട്ടികളോടൊപ്പം സമയം ചെലവഴിച്ച് അമ്മയ്ക്കായി മനോഹരമായ പോസ്റ്ററുകള്‍ തയ്യാറാക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു. മാതൃദിനാഘോഷത്തിന്റെ ഭാഗമായി, കുട്ടികള്‍ ഇടവകയിലെ എല്ലാ മാതാക്കള്‍ക്കും സ്‌നേഹപൂര്‍വ്വമായ സന്ദേശങ്ങളോടുകൂടിയ വ്യക്തിഗതമായി തയ്യാറാക്കിയ ബുക്ക്മാര്‍ക്കുകള്‍ സമ്മാനിച്ചു. പ്രത്യേകമായി ഒരുക്കിയ സ്‌നേഹസമ്മാനമായ book mark യൂണിറ്റ് ഭാരവാഹികള്‍ അവരവരുടെ മാതാക്കള്‍ക്ക് നല്‍കി ഗിഫ്റ്റ് വിതരണത്തിന് തുടക്കം കുറിച്ചു. ഈ ചെറുതെങ്കിലും ഹൃദയസ്പര്‍ശിയായ സ്‌നേഹപ്രകടനം പരിപാടിക്ക് പ്രത്യേക മാധുര്യം പകര്‍ന്നു. മാതൃത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും അമ്മമാരോടുള്ള നന്ദിയും സ്‌നേഹവും പ്രകടിപ്പിക്കാനുള്ള മനോഹരമായ വേദിയായി ഈ ആഘോഷം മാറിയതായി സംഘാടകര്‍ അറിയിച്ചു.

കുടുംബബന്ധങ്ങളുടെ ചൂടും സ്‌നേഹത്തിന്റെ ആഴവും ഓര്‍മ്മിപ്പിച്ച ഈ മാതൃദിനം, പങ്കെടുത്ത എല്ലാവരുടെയും ഹൃദയത്തില്‍ നീണ്ടുനില്‍ക്കുന്ന മധുരസ്മരണയായി മാറി. ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റ് ഭാരവാഹികളായ ഐസക് മറ്റത്തില്‍, ഷോബിന്‍ കണ്ണമ്പള്ളി, ആബികയില്‍ കണ്ണച്ചാംപറമ്പില്‍ ,എലിസബത്ത് പണിക്കാപറമ്പില്‍, ഡേവിഡ് കളപ്പുരയ്ക്കല്‍, ജാഷ്വ കിഴവുള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ക്ക് ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍ മിഷന്‍ ലീഗ് യൂണിറ്റ് സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, CML യൂണിറ്റ് ഡയറക്ടേഴ്‌സ് ആയ ജോജോ അനാലില്‍ ,ബിബി നെടുംതുരുത്തി പുത്തന്‍പുരയില്‍ ,സൂര്യ കരിക്കുളം എന്നിവര്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും പരിപാടികള്‍ ക്രമീകരിക്കുന്നതിലും സജീവ പങ്കാളിത്തം വഹിച്ചു .

Previous Post

“My Mom, My Blessing” — Mother’s Day Celebrated Beautifully by Young Missionaries of St. Mary’s Chicago

Next Post

ലോക മാതൃദിനാഘോഷം സംഘടിപ്പിച്ച് മാസ്സ്

Total
0
Share
error: Content is protected !!