കന്യാസ്ത്രികളുടെ അറസ്റ്റ്: ചമതച്ചാലില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും

കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റില്‍ ചമതച്ചാല്‍ KCC, KCWA, KCYL സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച ആരാധനയിലും, കരുണക്കൊന്തയിലും നൊവേനയിലും അന്യായമായി പീഡിപ്പിക്കപ്പെടുന്ന മിഷനറിമാര്‍ക്ക് പരിശുദ്ധാത്മാവിന്റെ ശക്തി ലഭിക്കാനും, പീഡിപ്പിക്കുന്നവര്‍ക്ക് മാനസാന്തരം ഉണ്ടാകാനും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി. പരി. കുര്‍ബാനയെ തുടര്‍ന്ന് വിശ്വാസികള്‍ വാ മൂടി കെട്ടി, ബാനര്‍ ഏന്തി അനീതി നിറഞ്ഞതും ഭരണഘടനാ വിരുദ്ധവുമായ നിയമപാലനത്തിനും, കിരാതവും, മൃഗീയവുമായ പീഡനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും ഈശോമിശിഹായെ പ്രതി പീഡ അനുഭവിക്കേണ്ടി വന്നാല്‍ തളരുന്നവരല്ല, അഭിമാനിക്കുന്നവരാണ് ക്രൈസ്തവരെന്നും വികാരി ഫാ. ജിബില്‍ കുഴിവേലില്‍ പ്രസ്താവിച്ചു. ബെന്നി ഓഴാങ്കല്‍, ടോമി കിഴങ്ങാട്ട്, ജെസ്സി നിരപ്പേല്‍, ജോയി നാഗനാടിയില്‍, ജോയി പുല്ലാട്ട്, സോണി ലൂക്കോസ്, സെജിന്‍ ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

കന്യാസ്ത്രികളുടെ അറസ്റ്റിനെ കെ.സി.ഡബ്ള്യൂ.എ അപലപിച്ചു

Next Post

ചമതച്ചാലില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷിച്ചു

Total
0
Share
error: Content is protected !!