മാര്‍ തോമസ് ആനിമൂട്ടിലിന് സ്വീകരണം സംഘടിപ്പിച്ച് കെ.എസ്.എസ്.എസ്

കോട്ടയം: സഭയുടെ ആതുര സാമൂഹ്യ സേവന ശുശ്രൂഷകള്‍ മഹത്തരമെന്ന് ജലവിഭവ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. മോന്‍സ് ജോസഫ്. കോട്ടയം അതിരൂപതയുടെ നവാഭിഷിക്തനായ സഹായ മെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടിലിന് അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാര്‍ തോമസ് ആനിമൂട്ടിന്റെ സ്ഥാനലബ്ദി സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും ലഭിച്ച അമൂല്യമായ വരദാനമാണെന്നും മനുഷ്യസ്‌നേഹവും സേവനമനോഭാവവും മികച്ച നേതൃത്വപാടവവും ഒത്തുചേര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് മാര്‍ തോമസ് ആനിമൂട്ടിലെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌നേഹത്തിന്റെയും കരുണയുടെയും നന്മയുടെയും പ്രകാശം പരത്തുന്ന ദീപമായി മാറുവാനും സമൂഹത്തിലെ വേദനിക്കുന്നവര്‍ക്കും പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും ആശ്രയവും കരുതലുമായി നിലകൊള്ളുവാനും  മാര്‍ തോമസ് ആനിമൂട്ടിലിന്റെ ശുശ്രൂഷകളിലൂടെ സാധിക്കട്ടെയെന്നും അദ്ദഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മാര്‍ തോമസ് ആനിമൂട്ടില്‍, ഏറ്റുമാനൂര്‍ എം.എല്‍.എ നാട്ടകം സുരേഷ്, മുന്‍മന്ത്രി വി.എന്‍ വാസവന്‍, റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ഹരി, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പേടത്തുമലയില്‍, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ, കോട്ടയം പബ്‌ളിക് ലൈബ്രറി പ്രസിഡന്റ് വി.ബി ബിനു, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.  കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. സാബ്ബാസ് ഇഗ്‌നേഷ്യസ് ജി.എന്‍., ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ബിബിന്‍ കണ്ടോത്ത്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജിം അലക്‌സ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം മുനിസിപ്പാലിറ്റി  കൗണ്‍സിലര്‍ ടി.സി റോയി, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, സിബി ഐക്കരതുണ്ടത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മാര്‍ തോമസ് ആനിമൂട്ടിലിനെ വിശിഷ്ടാതിഥികള്‍ പൊന്നാടയും പൂച്ചെണ്ടും നല്‍കി ആദരിച്ചു. മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും കെ.എസ്.എസ്.എസ് സ്വാശ്രയസംഘ പ്രതിനിധികളും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

Previous Post

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ പ്രധാന തിരുനാൾ ഒക്ടോബർ 16 മുതൽ 18 വരെ

Total
0
Share
error: Content is protected !!