ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ പ്രധാന തിരുനാള്‍ ഒക്ടോബര്‍ 16 മുതല്‍ 18 വരെ

ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയുടെ പ്രധാന തിരുനാള്‍ ഒക്ടോബര്‍ 16, 17, 18 തീയതികളില്‍ ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങളോടും കലാ-സാംസ്‌കാരിക പരിപാടികളോടും കൂടി ആഘോഷിക്കും. ഇടവകയിലെ എല്ലാ കുടുംബങ്ങളും സംയുക്തമായി തിരുനാളിന്റെ പ്രസുദേന്തിമാരാകും.

ഒക്ടോബര്‍ 16 വെള്ളിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും നടക്കും. 6.45-ന് കൊടിയേറ്റവും ലദീഞ്ഞും തുടര്‍ന്ന് ഏഴിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും. ഹൂസ്റ്റണ്‍ സെന്റ് ജോസഫ്സ് പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. ഡാലസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ തിരുനാള്‍ സന്ദേശം നല്‍കും.

ഒക്ടോബര്‍ 17 ശനിയാഴ്ച വൈകുന്നേരം ആറിന് ആരാധനയും ജപമാലയും ഏഴിന് ലദീഞ്ഞും ഇംഗ്ലീഷിലുള്ള വിശുദ്ധ കുര്‍ബാനയും നടക്കും. പേര്‍ലാന്‍ഡ് സെന്റ് മേരീസ് ചര്‍ച്ച് വികാരി റവ. ഫാ. ഡായി കുന്നത്ത് കാര്‍മികത്വം വഹിക്കും. രാത്രി എട്ടിന് നൊവേന, ജപമാല പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ഒക്ടോബര്‍ 18 ഞായറാഴ്ച രാവിലെ 7.30-ന് വിശുദ്ധ കുര്‍ബാനയും 9.30-ന് ആഘോഷമായ റാസ കുര്‍ബാനയും അര്‍പ്പിക്കും. സാന്‍ ആന്റോണിയോ ക്‌നാനായ കത്തോലിക്കാ പള്ളി വികാരി റവ. ഫാ. ബോബന്‍ വട്ടംപുറത്ത് മുഖ്യകാര്‍മികനാകും. റവ. ഫാ. അനീഷ് പുല്ലുകാട്ട് തിരുനാള്‍ സന്ദേശം നല്‍കും. രാവിലെ 11.45-ന് ആഘോഷമായ പ്രദക്ഷിണവും ഉച്ചയ്ക്ക് 12.30-ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും 12.45-ന് ലേലവും നടക്കും.

തിരുനാളിനോടനുബന്ധിച്ച് എച്ച്.കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍ ഇടവക സംഘടനകളുടെ നേതൃത്വത്തില്‍ കലാ-സാംസ്‌കാരിക വിനോദപരിപാടികളും സ്‌നേഹവിരുന്നും സംഘടിപ്പിക്കും. ഒക്ടോബര്‍ 19 തിങ്കളാഴ്ച മരിച്ചവരെ അനുസ്മരിച്ചുള്ള പ്രാര്‍ഥനയും നടക്കും.

വികാരി ഫാ. എബ്രഹാം മുത്തോലത്ത്, സഹവികാരി ഫാ. ജോഷി വലിയവീട്ടില്‍, കൈക്കാരന്മാരായ സജി മരങ്ങാട്ടില്‍, ജെയിംസ് വടക്കേക്കര, സാബു കറുകപ്പറമ്പില്‍, നിധിന്‍ ജിജോ തോമസ് വട്ടമറ്റത്തില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ റെജി എസ്.ജെ.സി. എന്നിവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ നടന്നുവരുന്നു. തിരുനാള്‍ തിരുക്കര്‍മങ്ങളിലും അനുബന്ധ പരിപാടികളിലും പങ്കുചേരാന്‍ ഏവരെയും ഇടവക നേതൃത്വം ക്ഷണിച്ചു.

 

Previous Post

ചെറുപുഷ്‌പ മിഷന്‍ലീഗ്‌ 80-ാം ജന്മദിനം ആഘോഷിച്ചു

Next Post

മാര്‍ തോമസ് ആനിമൂട്ടിലിന് സ്വീകരണം സംഘടിപ്പിച്ച് കെ.എസ്.എസ്.എസ്

Total
0
Share
error: Content is protected !!