ദൈവാശ്രയ ബോധം ഇല്ലായ്മയും വിശ്വാസരാഹിത്യവും ദൈവഭയ ഇല്ലായ്മയും കുടുംബങ്ങളെ ശിഥിലമാക്കുന്നു: മാര്‍ ജോസഫ് പണ്ടാരശേരില്‍

ലിവര്‍പൂള്‍: സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള നിരീശ്വരവാദവും പുരോഹിതരെയും ക്രൈസ്തവ സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളും യുവതലമുറയെ ദേവാശ്രയ ബോധത്തില്‍ നിന്നും അകറ്റുകയാണെനും വിശ്വാസ രഹിതമായ ജീവിതത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണ് കുടുംബങ്ങള്‍ ശിഥിലമാകുന്നത് എന്നും മാര്‍ ജോസഫ് പണ്ടാരശേരില്‍. ലിവര്‍പൂള്‍ സെയിന്റ് പയസ് ടന്‍ത് ക്‌നാനായ കാത്തലിക് മിഷന്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിതാവ്. ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സുറിയാനി പാരമ്പര്യം പരിരക്ഷിച്ചു ദൈവാശ്രയ ബോധത്തില്‍ കാര്‍ന്നോന്മാര്‍ കുടുംബങ്ങളെ പരിപാലിച്ചത് കൊണ്ടാണ് ക്‌നാനായ സമുദായം നില്‍ക്കുന്ന അടിത്തറയെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരി പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി വരുന്ന വ്യാജ പ്രചാരണങ്ങളില്‍ വഴിതെറ്റി വീഴാതെ ദൈവാശ്രയ ബോധത്തില്‍ കുടുംബങ്ങളെ പരിപോഷിപ്പിക്കുന്നതിന് മുന്‍ഗണന ഓരോ മാതാപിതാക്കളും നല്‍കണമെന്നും യുകെയിലെ ക്‌നാനായ കാത്തലിക് ക് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളെ വിശ്വാസത്തിലും ക്‌നാനായ പാരമ്പര്യത്തിലും നിലനിര്‍ത്തുന്ന ചാലകമാണെന്നും പിതാവ് പറഞ്ഞു.

വാദ്യമേളങ്ങളുടെയും നടവിളികളുടെയൂം ക്‌നാനായ സമുദായ പുരാതന പാട്ടിന്റെയും അകമ്പടിയോടെ ആവേശ ഉജ്ജ്വലമായ സ്വീകരണമാണ് കോട്ടയം അതിരൂപത സഹായം മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന് ലിവര്‍പൂള്‍ ക്‌നാനായ കാത്തലിക് മിഷന്‍ അംഗങ്ങള്‍ ഒരുക്കിയത്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറല്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുര അസിസ്റ്റന്റ് മിഷന്‍ ഡയറക്ടര്‍ ഫാദര്‍ അജൂബ് തോട്ടനാനിയില്‍, ഫാദര്‍ ഫിലിപ്പ് കുഴിപ്പറമ്പില്‍ എന്നിവരുടെയും കൈകാരന്മാരുടെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം. ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ട സ്വീകരണ യോഗത്തില്‍ വേദപാഠ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ നാല് ആഴ്ചത്തെ നീണ്ടുനില്‍ക്കുന്ന യുകെ സന്ദര്‍ശനത്തിന്റെ ആരംഭം ആയിരുന്നു ലിവര്‍പൂളിലേത്. കുട്ടികളുമായും യുവജനങ്ങളുമായി കുടുംബങ്ങളുമായും വ്യക്തിപരമായി നേരില്‍കണ്ട് പരിചയപ്പെടുവാനും സഭാ സമുദായ വിഷയങ്ങള്‍ ആധികാരികമായി പഠിപ്പിക്കുന്നതിനും പിതാവ് മുന്‍കൈയെടുത്തു.

 

Previous Post

ബൈബിള്‍ പാരായണമാസം ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് തുവാനീസയില്‍

Next Post

അമലഗിരി: തൊടുകയില്‍ ഫിലിപ്പ് ജോസഫ്

Total
0
Share
error: Content is protected !!