കോട്ടയം അതിരൂപതയിലെ വൈദികര്‍ക്ക് ക്‌നാനായ സമുദായ സ്‌നേഹമില്ല, ഇത് നശിച്ചാലും കുഴപ്പമില്ല എന്ന മട്ടിലാണ് വൈദികരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന രീതിയിലുള്ള ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റും രാജപുരം, ഉഴവൂര്‍ കോളേജുകളുടെ മുന്‍ പ്രിന്‍സിപ്പലുമായ കാനാട്ട് ബേബി സാറിന്റെ ഒരു വോയ്‌സ് ക്ലിപ്പ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് തീര്‍ത്തും അവാസ്തവമായ ഒരു കാര്യമാണെന്നും കാനാട്ട് ബേബി സാറിനെ പോലുള്ള ആളുകള്‍ ഇത്തരത്തിലൂള്ള കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് സാധാരണ ആളുകളുടെ ഇടയില്‍ വൈദികരെക്കുറിച്ച് തെറ്റിദ്ധാരണ ഉളവാക്കാനേ ഇടയാക്കുകയുള്ളൂവെന്ന് വൈദിക സമിതി വിലയിരുത്തി. വൈദികരുടെ ഇടയില്‍ ജൂനിയേഴ്‌സ്, സീനിയേഴ്‌സ് വ്യത്യാസമില്ലാതെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ ഒരു വൈദികനും മറ്റൊരു അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. നവീകരണ സമിതി കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് അഭിവന്ദ്യ മൂലക്കാട്ട് പിതാവ് പലതവണ വൈദികരുടെ മീറ്റിംഗ് വിളിച്ചു കൂട്ടുകയും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുകയും അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് മീറ്റിംഗില്‍ പങ്കെടുത്ത വൈദികര്‍ക്ക് ആര്‍ക്കും സംശയമില്ല. എല്ലാവര്‍ക്കും പറയുവാനുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടായിരുന്നു. ആവശ്യമായ ആലോചനകള്‍ക്ക് ശേഷമാണ് പിതാവ് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്.
കോട്ടയം അതിരൂപത തെക്കുംഭാഗ ജനതക്കായി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്. തെക്കുംഭാഗര്‍ ആരാണെന്നും അവരുടെ സ്വവംശവിവാഹനിഷ്ഠ എന്താണെന്നുമുള്ള ബോധ്യം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമുണ്ട്. കോട്ടയം അതിരൂപതയിലെ പള്ളികളും സ്ഥാപനങ്ങളും പടുത്തുയര്‍ത്തുന്നതില്‍ അല്‍മായരോടൊപ്പം വൈദികര്‍ക്കുമുള്ള പങ്ക് ആര്‍ക്കും വിസ്മരിക്കാനാവില്ല. ക്‌നാനായ ജനതയുടെ പൈതൃകവും പാരമ്പര്യങ്ങളും അതിന്റെ തനിമയില്‍ തന്നെ നിലനിര്‍ത്താന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം ബഹു. വൈദികരും അല്മായരും ഒറ്റക്കെട്ടായി നിന്നാല്‍ എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ നമുക്ക് സാധിക്കും. പരസ്പരം കുറ്റപ്പെടുത്തുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ അഭിപ്രായപ്രകടനങ്ങള്‍ എല്ലാവരും അവസാനിപ്പിച്ച് കൂട്ടായ്മ ശക്തിപ്പെടുത്തി ക്‌നാനായ സമുദായത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കോട്ടയം അതിരൂപത വൈദികസമിതി ആഹ്വാനം ചെയ്തു.
അതിരൂപതാ വൈദിക സമിതിക്കുവേണ്ടി,
ഫാ. അബ്രാഹം പറമ്പേട്ട്, സെക്രട്ടറി
ഫാ. ലൂക്ക് കരിമ്പില്‍, എക്‌സിക്യൂട്ടീവ് അംഗം
ഫാ. തോമസ് പ്രാലേല്‍, എക്‌സിക്യൂട്ടീവ് അംഗം
ഫാ. റെന്നി കട്ടേല്‍, എക്‌സിക്യൂട്ടീവ് അംഗം



