ക്യാന്‍ബറ: ക്നാനായ കാത്തലിക് അസോസിയേഷന്റെ 2026-28 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്യാന്ബറയിലെ ഗ്രീന്‍ ലീഫ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.
ജസ്റ്റിന് ജോസ് കാട്ടാത്ത് (കുറുമുള്ളൂര്‍) പ്രസിഡന്റായും ജിന്സണ് തോമസ് മാവേലി പുത്തന്‍പുരയ്ക്കല്‍ (പെരിക്കല്ലൂര്‍) വൈസ് പ്രസിഡന്റായും അനു ജോയിസ് വട്ടുകുളത്തില്‍ (ചെറുകര) സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജിസ്മോന് മാത്യു ആലപ്പാട്ട് (കൈപ്പുഴ) ജോയിന്റ് സെക്രട്ടറിയും ജെയ്ക്കോ തോമസ് ക്ലാക്കിയില്‍ (കൈപ്പുഴ) ട്രഷററുമാണ്. ജിറ്റിസ് ടോംജി കുന്നുമാംതോട്ടില് (സംക്രാന്തി) കെസിസിഒ റെപ്രസന്റേറ്റീവും ജിതിന് തോമസ് മഠത്തില്‍ (മണക്കാട്) പി.ആര്.ഒ.യുമായി തിരഞ്ഞെടുക്കപ്പെട്ടു. കെസിവൈഎല്‍ പ്രസിഡന്റ് മെബിന് ബിജു മൂടിക്കല്ലേലും (വടക്കുംമുറി) വനിതാ ഫോറം പ്രസിഡന്റ് റോസമ്മ ജോസ് ചക്കാലപ്പറമ്പിലും (കരിപ്പാടം) കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
ക്യാന്ബറയിലെ ക്നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്നതിനും സാഹോദര്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനും പുതിയ കമ്മിറ്റി മുന്‍ഗണന നല്‍കുമെന്ന് പ്രസിഡന്റ് ജസ്റ്റിന് ജോസ് പറഞ്ഞു. യുവാക്കളുടെയും കുട്ടികളുടെയും കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റുകളായി ക്യാന്ബറയിലെത്തിയ ക്നാനായ യുവജനങ്ങളെ സമുദായത്തോട് ചേര്‍ത്തുനിര്‍ത്തുകയും ചെയ്യും. ക്നാനായ സമുദായത്തിന് പുത്തന്‍ ഉണര്‍വും പുതിയ മുഖച്ഛായയും നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
നവംബര്‍ 11-ന് ചേര്‍ന്ന ആദ്യ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ കോട്ടയം അതിരൂപതയുടെ സഹായമെത്രാനും പ്രവാസി ക്നാനായക്കാര്‍ക്കായി പ്രത്യേക അധികാരമുള്ള മെത്രാനുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പങ്കെടുത്തു. കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചെത്തിയ പിതാവ് അംഗങ്ങളുമായി ആശയങ്ങള്‍ പങ്കുവച്ചു. ലോകമെമ്പാടുമുള്ള പ്രവാസി ക്നാനായക്കാരുടെ ആശങ്കകള്‍ ഓരോ രാജ്യത്തുമെത്തി അവരോടൊപ്പം സമയം ചെലവഴിച്ച് നേരിട്ട് മനസ്സിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി യുവതലമുറയുമായി സംവദിച്ച് അവരുടെ വിഷയങ്ങള്‍ മനസ്സിലാക്കുന്നതിനും അവരെ സമുദായത്തോടും സഭയോടും കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നതിനും പ്രവാസി മേഖലകളില്‍ കെസിവൈഎല്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിനും പദ്ധതികള്‍ രൂപപ്പെടുത്തുമെന്നും പിതാവ് ഉറപ്പുനല്‍കി.
യോഗത്തില്‍ പങ്കെടുത്ത സ്പിരിച്വല്‍ ഡയറക്ടറും ക്യാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് മിഷന് വികാരിയുമായ ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു. ക്നാനായ സമൂഹത്തെ ഒരുമിച്ച് മുന്നോട്ടു നയിക്കാന്‍ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെയെന്നും അതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.




