എന്തേ നമ്മുടെ കൗമാരക്കാര്‍ ഇങ്ങനെ?

എന്തേ നമ്മുടെ കൗമാരക്കാര്‍ ഇങ്ങനെ? എന്ന ചോദ്യമുയര്‍ത്തികൊണ്ട്‌ ഹരിപാട്‌, കരുവാറ്റയില്‍ വയോധികനെ വാടക വീട്ടില്‍ കൈയ്യും കാലും കെട്ടിയിട്ട്‌ ക്രൂരമായി മര്‍ദ്ദിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്‌. ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ പുറത്തു വന്ന വിവരമനുസരിച്ച്‌, കരുവാറ്റ പഞ്ചായത്തില്‍ 9-ാം വാര്‍ഡില്‍ മാടപ്പുറക്കല്‍ പാടിമറ്റത്തില്‍ വാടകയ്‌ക്കു താമസിക്കുന്ന, കൊല്ലം പറവൂര്‍ നെടുങ്ങോലം കൊച്ചാലംമൂട്ടില്‍ സരസ്വതി വീട്ടില്‍ ശിവന്‍കുട്ടി ചെട്ടിയാര്‍ എന്ന എഴുപത്തിനാലു വയസുകാരനെ കൊല്ലുവാന്‍ ക്വട്ടേഷന്‍ കൊടുത്തത്‌ കൊച്ചുമകള്‍ കൂടിയായ 13 വയസുകാരിയും കൊല നടത്തിയത്‌ 17 വയസുകാരായ പ്ലസ്‌ വണ്‍, പ്ലസ്‌ ടൂ ക്കാരായ മൂന്നു യുവാക്കളുമാണ്‌. പതിമൂന്നു വയസുകാരിയുടെ കാമുകനും സുഹൃത്തുക്കളും കൂടി നടത്തിയ ഈ കൊലപാതകം ആസൂത്രണം ചെയ്‌തതാകട്ടെ, കേരളത്തില്‍ ഇന്നുവരെ കേട്ടുകേള്‍വി ഇല്ലാത്ത തരത്തില്‍, കേവലം 13 വയസുള്ള പെണ്‍കുട്ടിയാണ്‌ എന്ന വിവരം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്‌. 15-ാം തീയതി വൈകിട്ടു കരുവാറ്റയില്‍ എത്തിയ കൊലപാതക സംഘം വീട്ടിലുള്ള സ്വര്‍ണ്ണവും പണവും അപഹരിക്കുവാനാണ്‌ കൊല നടത്തിയത്‌. ഈ കൊലപാതകം കേവലം കുട്ടികള്‍ നടത്തുന്ന ഒരു കൊലപാതകത്തേക്കാളുപരി കൃത്യമായ ആസൂത്രണത്തോടെയും തെളിവുകള്‍ നശിപ്പിക്കുന്ന തരത്തിലും നടത്തിയതു മനസിലാക്കുമ്പോള്‍ നമ്മുടെ കൗമാരക്കാരുടെ മനസില്‍ രൂഢമൂലമായിക്കൊണ്ടിരിക്കുന്ന ഹിംസാഭ്രമം എത്രയോ പരിധിവിട്ടിരിക്കുന്നു എന്നു മനസിലാക്കാനാകും. അതോടൊപ്പം തന്നെ കൊല്ലപ്പെട്ടയാള്‍ തന്നോടു മോശമായി പ്രവര്‍ത്തിച്ചു എന്നു പറഞ്ഞ്‌ പെണ്‍കുട്ടി കാമുകനില്‍ കൊല്ലപ്പെട്ട ആളോടു വൈരാഗ്യം വളര്‍ത്തുകയും ചെയ്‌തു. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനും വീട്ടില്‍ വൈകി എത്തുന്നതിനും കൊല്ലപ്പെട്ട ശിവന്‍കുട്ടി പെണ്‍കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. ഇതും കൊലപാതകത്തിനു ആക്കം കൂട്ടി. കൊലപാതകത്തിന്റെ പ്രധാന ലക്ഷ്യമായി വിലയിരുത്തുന്നത്‌ പെണ്‍കുട്ടിക്കു പുതിയ ഐഫോണ്‍ മേടിക്കുന്നതിനും കാമുകനും കൂട്ടുകാര്‍ക്കും ബൈക്കു മേടിക്കുന്നതിനും പണം സമ്പാദിക്കുക എന്നതായിരുന്നു എന്നാണ്‌ പോലീസ്‌ വിലയിരുത്തുന്നത്‌. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ മകളുടെ മകളാണ്‌ മുത്തച്ഛനെ കൊല്ലുവാന്‍ ക്വട്ടേഷന്‍ കൊടുത്തത്‌ എന്ന കാര്യം മലയാളികള്‍ക്കു ഇന്നുവരെ സങ്കല്‌പിക്കുവാന്‍ പറ്റാത്ത കാര്യമായിരുന്നു.
പത്ര റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നതു ശരിയാണെങ്കില്‍ കൗമാരക്കാരുടെ ആഡംബര ഭ്രമം ഈ കൊലപാതകത്തിനു പിന്നിലുണ്ട്‌. 13 വയസുകാരിക്ക്‌ ഐ ഫോണ്‍ വേണമെന്ന ആഗ്രഹവും ക്വട്ടേഷന്‍ ഏറ്റെടുത്തുവര്‍ക്കു ബൈക്ക്‌ വാങ്ങണമെന്ന ആഗ്രഹവും കൊടുംക്രൂരതയിലേക്കാണ്‌ അവരെ നയിച്ചത്‌. കൊലപാതകത്തിനുശേഷം പെണ്‍കുട്ടി തന്നയാണ്‌ മുത്തച്ഛനെ വിളിച്ചിട്ടു കിട്ടുന്നില്ല എന്ന കാര്യം പുറത്തറിയിച്ചത്‌. മുത്തച്ഛന്‍ കൊലപ്പെട്ടിട്ടും തനിക്കു ഓണ പരീക്ഷക്കു പോകണമെന്ന ശാഠ്യം പോലീസില്‍ ചില സംശയങ്ങള്‍ ഉണര്‍ത്തുകയും പെണ്‍കുട്ടിയുടെ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയും ചെയ്‌തപ്പോഴാണ്‌ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്‌. കൊല നടത്തിയ കൗമാരക്കാരാവട്ടെ പ്രൊഫഷണല്‍ കൊലയാളികളെ തോല്‌പിക്കുന്ന രീതിയില്‍, ഡോഗ്‌ സ്‌ക്വാഡിനെയും വിരലടയാള വിദഗ്‌ധരെയും വഴി തെറ്റിക്കാന്‍, വീട്ടിലുണ്ടായിരുന്ന മുളകുപൊടിയെടുത്ത്‌ മുറികളിലും വാതില്‍ പടികളിലും വിതറിയിരുന്നു. സിനിമകള്‍ കണ്ട പ്രേരണയിലാണ്‌ ഇപ്രകാരം ചെയ്‌തതെന്ന്‌ പ്രതികള്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്‌. ശിവന്‍കുട്ടിയുടെ മരണം ഉറപ്പു വരുത്തിയശേഷം വീട്ടിലെ സ്വര്‍ണ്ണം പെണ്‍കുട്ടിയുടെ സഹായത്തോടെ കൊലയാളി സംഘം അപഹരിച്ചു. നഷ്‌ടപ്പെട്ട സ്വര്‍ണ്ണം പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. കൊലപാതകത്തിനുശേഷം ശിവന്‍കുട്ടിയുടെ മൃതദേഹവും ദൃശ്യങ്ങളും കൊലപാതകികളായ കൗമാരക്കാര്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍ അയച്ചുകൊടുത്തത്‌ അവരുടെ മനസിന്റെ കാഠിന്യമല്ലാതെ മറ്റെന്താണ്‌ സൂചിപ്പിക്കുന്നത്‌. നമ്മുടെ കൗമാരക്കാരുടെ മനസുകളില്‍ വളര്‍ച്ച പ്രാപിക്കുന്ന ഹിംസയോടുള്ള അഭിനിവേശവും ആഡംബരഭ്രമവും സോഷ്യല്‍ മീഡിയ അഡിക്ഷനുമൊക്കെ മറ്റുള്ളവരെ നിഷ്‌കരുണം മര്‍ദ്ദിക്കുന്നതിലും കൊലപ്പെടുത്തുന്നതിലേക്കുമൊക്കെ നയിക്കുന്നുണ്ട്‌. അഞ്ചും ആറും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്‌ തങ്ങളിലൊരു വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതും അങ്ങനെയൊരു മര്‍ദ്ദനത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചതുമൊക്കെ മുന്‍പ്‌ ഞങ്ങള്‍ ചൂണ്ടികാണിച്ചിട്ടുണ്ട്‌. കുട്ടികളെ സഹജീവി സ്‌നേഹത്തിലും പൗരാവകാശത്തിലും അറിവുള്ളവരും മറ്റുള്ളവരെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലുമൊക്കെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യസം കൊടുക്കുവാന്‍ നമുക്കാവുന്നില്ല. കുറ്റകൃത്യങ്ങളെ വലിയ ആവേശത്തോടെ, വള്ളംകളി മത്സരത്തിന്റെ കമന്ററി കണക്കെ, ഫുട്‌ബോള്‍ മത്സരത്തിന്റെ തത്സമയസംപ്രേക്ഷണം കണക്കെ പ്രേഷകരില്‍ എത്തിക്കുന്ന മീഡിയ പ്രവര്‍ത്തനം, കുട്ടികളിലെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കാനല്ലാതെ എന്തിനാണ്‌ ഉപകരിക്കുന്നത്‌. പല യൂറോപ്യന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയായുമൊക്കെ കുട്ടികളിലെ സോഷ്യല്‍ മീഡിയായുടെ ഉപയോഗത്തിനെതിരെ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്‌. നമ്മുടെ നാട്ടില്‍ അത്തരത്തിലൊരു നിയന്ത്രണം ഇനിയും ഉണ്ടായിട്ടില്ല. 13 വയസുകാരി പെണ്‍കുട്ടിയില്‍ ഐ ഫോണിനോടുള്ള അഭിനിവേശവും 17 കാരായ കൗമാരക്കാരില്‍, ഒരു വൃദ്ധനെ കൊന്നിട്ടാണെങ്കിലും പണം സമ്പാദിച്ച്‌ ബൈക്കു വാങ്ങണമെന്ന ചിന്ത ഉദിച്ചതുമൊന്നും ഒരു നിമിഷം കൊണ്ടു സംഭവിക്കുന്ന ഒന്നല്ല. മറിച്ച്‌ കാലങ്ങളായി മനസില്‍ താലോലിച്ച സ്വപ്‌നങ്ങളിലൂടെ സംഭവിക്കുന്നതാകാം. ഇങ്ങനെയുള്ള സ്വപ്‌നങ്ങള്‍ കൗമാരക്കാരില്‍ അങ്കുരിപ്പിക്കുന്നതില്‍ നമ്മുടെ പൊതുസമൂഹത്തിനും കുടുംബത്തിനും ഉത്തരവാദിത്വമുണ്ട്‌. അതിന്റെ കൂടെ പരിണിതഫലമാണ്‌ കൗമാരക്കാര്‍ നടത്തിയ ഈ കൊലപാതകം.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌.

Previous Post

ഡല്‍ഹി കെസിവൈഎല്‍ നേതൃത്വത്തില്‍ ‘ആരവം 2K26’ ഓണാഘോഷം സംഘടിപ്പിച്ചു

Next Post

കര്‍ഷകദിനാഘോഷവും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!