ആലപ്പുഴ: 2026-ലെ നെഹ്രു ട്രോഫി വള്ളംകളിയില്‍ മുത്തമിട്ട അരോമ ചുണ്ടനില്‍ അമരത്ത് വിസ്മയം തീര്‍ത്തത് രണ്ട് ക്‌നാനായ താരങ്ങള്‍. കൊല്ലം അരോമ ക്ലബ്ബിന്റെ അരോമ ചുണ്ടനില്‍ ഒന്നാം അമരത്ത് പങ്കായം പിടിച്ചത് കുമരകം വള്ളാറ പുത്തന്‍പള്ളി ഇടവകയിലെ കായിപ്പുറം രാജു-വിജി ദമ്പതികളുടെ മകന്‍ രാജീവ് രാജുവും നാലാം അമരത്ത് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ മാളികയില്‍ ജേക്കബ്-അന്നമ്മ ദമ്പതികളുടെ മകന്‍ ജെയ്ബു മാളികയിലും ആയിരുന്നു.
ഇരുവര്‍ക്കും ഇത് അഞ്ചാം നെഹ്രു ട്രോഫി കിരീടമാണ്. 2018, 2019, 2022 വര്‍ഷങ്ങളില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനുവേണ്ടി അമരത്ത് പങ്കായം പിടിച്ച് ഇരുവരും ഹാട്രിക് നേട്ടം സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് 2024-ല്‍ ജെയ്ബു മാളികയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനുവേണ്ടിയും 2025-ല്‍ രാജീവ് രാജു വിയപുരം ചുണ്ടനുവേണ്ടിയും നെഹ്രു ട്രോഫി സ്വന്തമാക്കി.
2026-ല്‍ പുതുതായി രൂപംകൊണ്ട അരോമ ക്ലബ്ബിന്റെ ഏറ്റവും പുതിയ ചുണ്ടനായ അരോമ ചുണ്ടനില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ട് ഇരുവരും ഒരുമിച്ച് അഞ്ചാം നെഹ്രു ട്രോഫി കിരീടം സ്വന്തമാക്കി. ഇതോടെ അഞ്ചുതവണ നെഹ്രു ട്രോഫി നേടിയ അപൂര്‍വ സുഹൃത്തുക്കള്‍ എന്ന നേട്ടവും ഇരുവരും സ്വന്തമാക്കി.
കഴിഞ്ഞ മാസം നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിലും ഇതേ അരോമ ചുണ്ടനില്‍ ഇരുവരും വിജയം നേടിയിരുന്നു. നെഹ്രു ട്രോഫിക്ക് പുറമെ ചാമ്പ്യന്‍സ് ബോട്ട് ലീഗിലും (CBL) ഇരുവരും മൂന്ന് തവണ വീതം കിരീടം നേടിയിട്ടുണ്ട്. തുടര്‍ച്ചയായ വിജയങ്ങളിലൂടെ ജലോത്സവ രംഗത്ത് തങ്ങളുടെ മികവ് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് ഇരുവരും.
ഈ അഭിമാന നേട്ടത്തിന് മാറ്റുകൂട്ടി രണ്ടാം സ്ഥാനം നേടിയ നടുഭാഗം വള്ളത്തില്‍ കുമരകം വിളക്കുമരക്കായല്‍ചിറ (മാരാരി) അജിന്‍ എബ്രഹാമും, ആര്‍പ്പൂക്കര ചുണ്ടനില്‍ കുമരകം നടുവിലെപ്പറമ്പില്‍ ജിഫി ഫെലിക്‌സും, ആയാപറമ്പ് പാണ്ടിയില്‍ ഒളശ്ശ പാട്ടക്കണ്ടത്തില്‍ ജിസ്സ് ജോസഫും അമരത്ത് പങ്കായം പിടിച്ചിരുന്നു.
ജലോത്സവങ്ങളുടെ ആവേശഭരിതമായ വേദികളില്‍ ക്‌നാനായ സമുദായത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ താരങ്ങള്‍ക്ക് വരും ജലോത്സവങ്ങളിലും കൂടുതല്‍ വിജയങ്ങള്‍ നേടാന്‍ ഹൃദയം നിറഞ്ഞ ആശംസകള്‍.





