‘ഒന്നിച്ച് ഒരോണം”: ഒരുമയുടെയും സഹോദര്യത്തിന്റെയും വേദിയായി കാരിത്താസ് ഓണാഘോഷം.

കോട്ടയം: ഓണത്തിന്റെ ആനന്ദവും നന്മയും ചുറ്റുമുള്ളവരിലേക്ക് കൂടി പകര്‍ന്നുനല്‍കിക്കൊണ്ട്, വയോജന മന്ദിരങ്ങളിലെ അന്തേവാസികളെയും പ്രളയബാധിത കുടുംബങ്ങളെയും ഒപ്പം ചേര്‍ത്ത് കാരിത്താസ് ആശുപത്രിയില്‍ ‘ഒന്നിച്ചൊരു ഓണം’ സംഘടിപ്പിച്ചു. ആഘോഷങ്ങള്‍ക്കപ്പുറം പങ്കുവെക്കലിന്റെയും പരസ്പര കരുതലിന്റെയും ഹൃദ്യമായൊരു വേദിയായി ഈ ഒത്തുചേരല്‍ മാറി.

കൈപ്പുഴ സെന്റ് ജോസഫ് അസൈലം, ആര്‍പ്പൂക്കര നവജീവന്‍ ട്രസ്റ്റ്, ബി.ടി.എം. (ബിഷപ്പ് തോമസ് തറയില്‍ മെമ്മോറിയല്‍ ഓള്‍ഡേജ് ഹോം), ഏറ്റുമാനൂര്‍ സാന്‍ജോസ്, അഭയഭവന്‍ കോട്ടയം, നീണ്ടൂര്‍ ഏയ്ഞ്ചല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം മുതിര്‍ന്നവരാണ് അതിഥികളായെത്തിയത്. അവരെ സ്‌നേഹത്തോടെ സ്വീകരിച്ച കാരിത്താസ് കുടുംബം, ഒരുമിച്ചിരുന്ന് ഓണസദ്യ പങ്കുവെച്ചും വിശേഷങ്ങള്‍ പങ്കിട്ടും ഈ ദിനം അര്‍ത്ഥപൂര്‍ണ്ണമാക്കി. ഇതോടൊപ്പം വൈക്കം, മലരിക്കല്‍, പുതുപ്പള്ളി, എഴുമാന്തുരുത്ത് തുടങ്ങിയ മേഖലകളിലെ പ്രളയബാധിതര്‍ക്ക് സ്‌നേഹോപഹാരമായി അവശ്യസാധനങ്ങളുടെ ഓണകിറ്റുകളും കാരിത്താസ് എത്തിച്ചുനല്‍കി.

ആരും മാറ്റിനിര്‍ത്തപ്പെടാതെ എല്ലാവരും ഒരുമിച്ചു നില്‍ക്കുമ്പോഴാണ് ഓണം പൂര്‍ണ്ണമാകുന്നതെന്നും, പ്രയാസങ്ങള്‍ക്കിടയിലും പരസ്പരം താങ്ങാവാന്‍ ഇത്തരം ഒത്തുചേരലുകള്‍ പ്രചോദനമാകുമെന്നും കാരിത്താസ് ആശുപത്രി ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റവ. ഡോ. ബിനു കുന്നത്ത് പറഞ്ഞു.

കിറ്റ് വിതരണവും ഓണാഘോഷവും ബഹു. ജലവിഭവ-ഭവന വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു , സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ കാരിത്താസ് ഹോസ്പിറ്റല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . ബഹു. കെ. ബിനിമോന്‍ എം ല്‍ എ (വൈക്കം), ശ്രീ . നാട്ടകം സുരേഷ് എം ല്‍ എ (ഏറ്റുമാനൂര്‍) എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുത്തു.

കാരിത്താസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫാ. സൈജു പുത്തന്‍പറമ്പില്‍ (മീഡിയ & റിലേഷന്‍സ്), ജോയിന്റ് ഡയറക്ടര്‍ റവ. ഫാ. ജോയ്‌സ് നന്ദിക്കുന്നേല്‍ (ഓപ്പറേഷന്‍സ്), ഡയറക്ടര്‍ റവ. ഫാ. മാത്യു കണ്ണാലയില്‍ (പാസ്റ്ററല്‍ കെയര്‍), മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബോബി എന്‍. എബ്രഹാം, ഡോ. അജിത് വേണുഗോപാല്‍ സി.ഒ.ഒ. & ഗ്രൂപ്പ് ഹെഡ് (EM & TC), റവ. സിസ്റ്റര്‍ ഷിജി ജോസ്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍, മറ്റ് ജോയിന്റ് ഡയറക്ടര്‍മാര്‍, ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

പശു വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധന സഹായം ലഭ്യമാക്കി

Next Post

നെഹ്രു ട്രോഫിയില്‍ അഞ്ചാം കിരീടം; അരോമ ചുണ്ടനില്‍ വിസ്മയം തീര്‍ത്ത് രണ്ട് ക്‌നാനായക്കാര്‍

Total
0
Share
error: Content is protected !!