കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മരിയാപുരം, വാഴത്തോപ്പ്, പഞ്ചായത്തുകളുടെ സഹകരണത്തോടെ, ഇക്കോ-ഹൈഡല്‍ ടൂറിസം പദ്ധതിക്ക് അവസരം ഒരുങ്ങുന്നു. സേതു ബന്ധന് പദ്ധതിയുടെ ഭാഗമായി മരിയാപുരം, വാഴത്തോപ്പ്, പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാലം യാഥാര്‍ഥ്യമാകുമ്പോള്‍ പാലത്തിന്റെ സമീപ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇക്കോ – ഹൈഡല്‍ ടൂറിസം പ്രൊജക്റ്റ് നടപ്പിലാക്കുന്നതിനാണ് ലക്ഷ്യം ഇടുന്നത്. തടിയന്പാട് മരിയ സദന് പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പദ്ധതിയുടെ മാര്‍ഗരേഖ കേരളം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന് ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റും കോട്ടയം അതിരൂപത വികാരി ജനറാളുമായ ഫാ. തോമസ് ആനിമൂട്ടില്‍ സമര്‍പ്പിച്ചു. പ്രകൃതി ദത്തമായ നദിതീര നടപ്പാത, ഉല്ലാസയാത്ര സൗകര്യങ്ങള്‍, വ്യൂ പോയിന്റുകള്‍, ബോട്ടിംഗ് യാര്‍ഡ്, പെഡല്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍, കുട്ട വഞ്ചി, ട്രക്കിങ്, സൈക്ലിംഗ്, മാലിന്യ രഹിത പരിസ്ഥിതി സൗഹൃദ സന്ദര്‍ശന സ്ഥലങ്ങള്‍, പ്രാദേശിക സസ്യ സംരക്ഷണ ഉദ്യാനങ്ങള്‍, മഴ വെള്ള സംഭരണ സംവിധാനങ്ങള്‍, താമസ സൗകര്യങ്ങള്‍, ഭക്ഷണ ശാലകള്‍, ഗൈഡഡ് ടൂറിസം, ട്രൈനിംഗ് സെന്റേഴ്സ്, പ്രാദേശിക വിഭവ വിപണന സ്റ്റാളുകള്‍, ടൂറിസം റിസോഴ്സ് സെന്റര്‍, യാത്ര സൗകര്യങ്ങള്‍, എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായി 11 കോടി രൂപ മുതല്‍ മുടക്കില്‍ ഒരു ടൂറിസം പദ്ധതിക്കാണ് മാര്‍ഗ്ഗ രേഖ സമര്‍പ്പിച്ചിരിക്കുന്നത്. നാടിന്റെ വികസനത്തിനുതകുന്ന ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി ഒരു വിദഗ്ദ്ധ എഞ്ചിനീയറിംഗ് ടീമിനെ പദ്ധതി പ്രദേശത്തേക്ക് അയക്കുമെന്നും മന്ത്രി ചടങ്ങില്‍ അറിയിച്ചു. ചടങ്ങില്‍ ഇടുക്കി എം എല്‍ എ റോയ് കെ പൗലോസ്, മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിപ്സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സജി, ജില്ലാപഞ്ചായത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ ടെസ്സി ജോസഫ്, സിസ്റ്റര്‍ സോണിയ തേക്കുംകാട്ടില്‍, ഡോ. മാത്യു പുള്ളോലില്‍, പ്രൊ. എം ജെ ജേക്കബ് ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ, സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തു മെമ്പര്‍മാരായ ജയാ പി. എസ്, മിനി ജോണി, സൂസമ്മ തോമസ് പ്രോഗ്രാം കോ -ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, അനിമേറ്റര്‍ ജിബി ബേബി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി




