പുതിയ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ആഗസ്റ്റ് ഒന്‍പതിന്

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പുതിയ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങ് ഓഗസ്റ്റ് 9 ഞായറാഴ്ച നടക്കും. കുട്ടികളുടെ വിശ്വാസ രൂപീകരണത്തിനും ഇടവകയുടെ ഭാവി വികസനത്തിനും സുപ്രധാന പങ്കുവഹിക്കുന്നതാണ് ഈ പുതിയ പദ്ധതി.

ഓഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 7:30-ന് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ മിയാവ് രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് തൊട്ടുപിന്നാലെ രാവിലെ 8:45-നാണ് ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.

മാര്‍ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ പിതാവ് ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഇടവകയ്ക്കു വെളിയില്‍നിന്നു പദ്ധതിയില്‍ പങ്കാളികളാവുകയും പിന്തുണ നല്‍കുകയും ചെയ്ത വിശിഷ്ടാതിഥികളും ചടങ്ങില്‍ സംബന്ധിക്കും.

കുട്ടികളുടെ ആത്മീയ വളര്‍ച്ചയ്ക്കും വിശ്വാസ പഠനത്തിനും ആവശ്യമായ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും, വിവിധ കൂട്ടായ്മകള്‍ക്കും അജപാലന പ്രവര്‍ത്തനങ്ങള്‍ക്കുമായി വിശാലമായ പാരീഷ് ഹാളും ഇതില്‍ ഉള്‍പ്പെടുന്നു. നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ സുഗമമായും വിജയകരമായും പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വികാരി റവ. ഫാ. ഏബ്രഹാം മുത്തോലത്ത് അറിയിച്ചു.

ചടങ്ങിനോടനുബന്ധിച്ച് അന്നേ ദിവസം രാവിലെ 9:30-ലെ ഇംഗ്ലീഷ് കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ രാവിലെ 7:30-ലെയും 11:30-ലെയും മലയാളം കുര്‍ബാനകള്‍ പതിവുപോലെ നടക്കും. തറക്കല്ലിടല്‍ ചടങ്ങിന് ശേഷം ഇടവകയിലെ മിനിസ്ട്രികളുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കുമായി പരമ്പരാഗത ഭക്ഷണമായ ‘പിടിയും ചിക്കന്‍ കറിയും’ ഉള്‍പ്പെടുത്തിയുള്ള സ്‌നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്.

പ്രാര്‍ത്ഥന, സംഭാവനകള്‍, വാഗ്ദാനങ്ങള്‍, സന്നദ്ധ സേവനം എന്നിവയിലൂടെ ഈ സംരംഭത്തെ പിന്തുണച്ച എല്ലാ വ്യക്തികളോടും കുടുംബങ്ങളോടും ഇടവക നേതൃത്വം നന്ദി അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാവരുടെയും തുടര്‍ പിന്തുണയും പ്രാര്‍ത്ഥനയും വികാരി അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത: ബിബി തെക്കനാട്ട്

 

Previous Post

എക്യുമിനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകക്ക് ചാമ്പ്യന്‍ഷിപ്പ്

Next Post

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിനു കൊടിയേറ്റി: പ്രധാന തിരുനാള്‍ ഓഗസ്റ്റ് 7,8, 9 തീയതികളില്‍

Total
0
Share
error: Content is protected !!