ഫ്രാങ്ക്ഫര്‍ട്ടില്‍ ത്രിദിന യൂറോപ്യന്‍ ക്നാനായ യുവജന സംഗമത്തിന് ഉജ്ജ്വല സമാപനം

ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മ്മനി): ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ജൂലൈ 10 മുതല്‍ 12 വരെ സംഘടിപ്പിച്ച ത്രിദിന യൂറോപ്യന്‍ ക്നാനായ യുവജന സംഗമത്തിന് ഉജ്ജ്വല സമാപനം. ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ യുവജനങ്ങള്‍ക്കൊപ്പം യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കെ.സി.വൈ.എല്‍ പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു. ജൂലൈ 10-ന് രജിസ്ട്രേഷനും പ്രാര്‍ഥനാ കൂട്ടായ്മയോടെയുമാണ് സംഗമത്തിന് തുടക്കമായത്. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്‍്റെ സാന്നിധ്യത്തില്‍ ആരംഭിച്ച പരിപാടിയില്‍ അദ്ദേഹം യുവജനങ്ങളെ ആശീര്‍വദിച്ചു. തുടര്‍ന്ന് നടന്ന തുറന്ന സംവാദത്തില്‍ യുവജനങ്ങള്‍ പിതാവിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും പിതാവ് അവയ്ക്ക് മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പരസ്പര പരിചയം വളര്‍ത്തുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളും വിനോദപരിപാടികളും സംഘടിപ്പിച്ചു. യുവജനങ്ങളുടെ സംഗീതാവതരണവും ആദ്യദിന പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

രണ്ടാം ദിനത്തില്‍ പുരാതനപ്പാട്ടുകളുടെയും നടവിളിയുടെയും അകമ്പടിയോടെ മാര്‍ മാത്യു മൂലക്കാട്ടിന് സ്വീകരണം നല്‍കി. തുടര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ട്, കെ.സി.വൈ.എല്‍ ചാപ്ളിയ്ന്‍ ഫാ. ബിനോയ് കൂട്ടനാല്‍, ഫാ. അനൂപ് ഇലവുങ്കച്ചാലില്‍ എന്നിവര്‍ ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കെ.സി.വൈ.എല്‍ പ്രസിഡന്‍്റ് തോബിയാസ് പാറപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സന്ദേശം ഉള്‍ക്കൊണ്ട് ദൈവവുമായും സഹജീവികളുമായും യുവജനങ്ങള്‍ ആത്മബന്ധം വളര്‍ത്തിയെടുക്കണമെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. സഭയിലെ വിശുദ്ധരുടെ ആത്മീയ പ്രഭാവലയമാണ് ഈ യുവജനസംഗമത്തിന്‍്റെ ആശയത്തിലൂടെ പ്രതിഫലിക്കുന്നതെന്നും യുവജനങ്ങളില്‍ വിശ്വാസവും കൂട്ടായ്മയും ശക്തിപ്പെടുത്തുകയെന്നതാണ് സംഗമത്തിന്‍്റെ ലക്ഷ്യമെന്നും കെ.സി.വൈ.എല്‍ ചാപ്ളിയ്ന്‍ ഫാ. ബിനോയ് കൂട്ടനാല്‍ പറഞ്ഞു. ഫാ. അനൂപ് ഇലവുങ്കച്ചാലില്‍, കെ.സി.വൈ.എല്‍ ഡയറക്ടര്‍ ചിഞ്ചു, ഡി.എ.സി.എച്ച് പ്രതിനിധികളായ നദീന, ജോയല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്നാനായ സമുദായത്തിന്‍്റെ പ്രസക്തിയും സമകാലിക വെല്ലുവിളികളും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ബ്രദര്‍ റോബിന്‍ കൂവപ്പള്ളിയും കെ.സി.വൈ.എല്‍ അതിരൂപത മുന്‍ പ്രസിഡന്‍്റ് ലിബിന്‍ ജോസ് പറയിലും നേതൃത്വം നല്‍കി.

അവസാന ദിനത്തില്‍ വിവിധ മത്സരങ്ങളുടെയും കലാപരിപാടികളുടെയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ജേക്കബ് മിസ്റ്റര്‍ ക്നാ പട്ടവും പാരിസില്‍ നിന്നുള്ള റെയ്ന മിസ് ക്നാ പട്ടവും നേടി. പങ്കെടുത്ത എല്ലാ യുവജനങ്ങള്‍ക്കും സംഗമത്തിന്‍്റെ സ്മാരകോപഹാരം വിതരണം ചെയ്തു. മൂന്നു ദിവസങ്ങളിലായി നടന്ന ആത്മീയ, സാംസ്കാരിക, നേതൃത്വപരമായ പരിപാടികള്‍ യൂറോപ്പിലെ ക്നാനായ യുവജനങ്ങള്‍ക്കിടയിലെ വിശ്വാസവും കൂട്ടായ്മയും കൂടുതല്‍ ദൃഢമാക്കിയതായി സംഘാടകര്‍ അറിയിച്ചു. ജര്‍മ്മന്‍ കെ.സി.വൈ.എല്‍ കേന്ദ്ര-ദേശീയ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു സംഗമത്തിന്‍്റെ നടത്തിപ്പ്.

Previous Post

മാര്‍ ജോസഫ് പണ്ടാരശേരിലിന് സിംഗപ്പൂരില്‍ സ്വീകരണം നല്‍കി

Next Post

എ.സി.സി.എ പരീക്ഷയില്‍ മികച്ച വിജയം

Total
0
Share
error: Content is protected !!