ഡാളസ് ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലില്‍ നടക്കുന്ന 16-ാമത് KCCNA നാഷണല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും രജിസ്‌ട്രേഷന്‍ 2026 ജൂണ്‍ 6-ന് അവസാനിക്കുമെന്നും കണ്‍വെന്‍ഷന്‍ സ്റ്റിയറിംഗ് കമ്മിറ്റി അറിയിച്ചു. 2026 ആഗസ്റ്റ് 6 മുതല്‍ 9 വരെ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലുള്ള ബ്രോവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 16-ാമത് KCCNA നാഷണല്‍ കണ്‍വെന്‍ഷന്‍, വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ ഏറ്റവും വലിയതും അഭിമാനകരവുമായ സംഗമങ്ങളിലൊന്നായിരിക്കും. KCASF (മയാമി), KCCCF (ടാമ്പാ) യൂണിറ്റുകളുടെ സംയുക്ത ആതിഥേയത്വത്തിലാണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. അമേരിക്കയിലെയും കാനഡയിലെയും ആയിരക്കണക്കിന് ക്‌നാനായ കുടുംബങ്ങള്‍ ഈ ചരിത്രസംഗമത്തില്‍ പങ്കെടുക്കുമെന്ന് KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍, ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍, കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ ജോബി ഊരാളില്‍ എന്നിവര്‍ അറിയിച്ചു. സ്വന്തം ജനതയോടുള്ള ആത്മബന്ധവും പാരമ്പര്യത്തോടുള്ള അഭിമാനവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ക്‌നാനായ സമൂഹത്തിന് ഒരിക്കല്‍ക്കൂടി ഒന്നിച്ചുചേരാനുള്ള അപൂര്‍വ അവസരമാണ് ഈ കണ്‍വെന്‍ഷനെന്നും അവര്‍ പറഞ്ഞു.
നോര്‍ത്ത് അമേരിക്കയിലെ 27 യൂണിറ്റുകളില്‍ നിന്നായി 4,000-ത്തിലധികം അംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കുടുംബസംഗമത്തെ അവിസ്മരണീയമാക്കുന്നതിനായി സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 50-ലധികം സബ് കമ്മിറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചുവരികയാണ്. ക്‌നാനായ സമൂഹത്തിന്റെ വിശ്വാസവും പാരമ്പര്യവും ഐക്യവും ആഘോഷിക്കുന്ന വേദിയായ ഈ കണ്‍വെന്‍ഷന്‍ കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആത്മീയവും സാമൂഹികവും സാംസ്‌കാരികവുമായ അനുഭവങ്ങള്‍ സമ്മാനിക്കും. വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ ശക്തിയും കൂട്ടായ്മയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വന്‍സംഗമമായിരിക്കും ഇത്. ഇതിനോടകം 900-ലധികം രജിസ്‌ട്രേഷനുകള്‍ ലഭിച്ചുകഴിഞ്ഞു. ഇതുവഴി 3,500-ത്തിലധികം കുടുംബാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. രജിസ്‌ട്രേഷന്റെ അവസാന തീയതി 2026 ജൂണ്‍ 6 ആണെന്ന് സംഘാടകര്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായി അടച്ചതിനുശേഷം മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി കണക്കാക്കുകയുള്ളൂ. ഹോട്ടല്‍ മുറികള്‍ അനുവദിക്കുന്നത് പേയ്‌മെന്റ് ലഭിക്കുന്ന ക്രമത്തിലായതിനാല്‍ മികച്ച താമസസൗകര്യം ഉറപ്പാക്കാന്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്ത് പേയ്‌മെന്റ് പൂര്‍ത്തിയാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. രജിസ്‌ട്രേഷനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: ?? convention.kccna.com KCCNAയുടെ പോഷകസംഘടനകളായ വിമന്‍സ് ഫോറം, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL), യുവജനവേദി, ക്‌നാനായ യംഗ് അഡള്‍ട്‌സ് (KYA) എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ കലാ, സാംസ്‌കാരിക, സാമൂഹിക പരിപാടികള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ഗോള്‍ഫ്, പിക്കിള്‍ബോള്‍, 35 വയസിന് മുകളിലുള്ളവര്‍ക്കായി 3×3 ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം എന്നിവ ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ കായിക പരിപാടികളും കണ്‍വെന്‍ഷന്റെ പ്രത്യേകതയായിരിക്കും.
കുടുംബാംഗങ്ങള്‍ക്കായി സമഗ്രമായ വിനോദ-കായിക പാക്കേജാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 16-ാമത് KCCNA കണ്‍വെന്‍ഷനെ സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വലിയതും വിജയകരവുമായ സംഗമമാക്കി മാറ്റാന്‍ എല്ലാ ക്‌നാനായ കുടുംബങ്ങളുടെയും സഹകരണവും പങ്കാളിത്തവും സംഘാടകര്‍ അഭ്യര്‍ഥിച്ചു. ക്‌നാനായ സമൂഹത്തിന്റെ ഐക്യവും ശക്തിയും പാരമ്പര്യബോധവും പ്രതിഫലിപ്പിക്കുന്ന ഒരു മഹാസംഗമമായിരിക്കും ഇത്തവണത്തേതെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. KCCNAയ്ക്ക് നേതൃത്വം നല്‍കുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ (ഫ്‌ലോറിഡ), എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവന്‍കാലായില്‍ (ന്യൂയോര്‍ക്ക്), ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കല്‍ (ചിക്കാഗോ), ജോയിന്റ് സെക്രട്ടറി സൂസന്‍ തെങ്ങുംതറയില്‍ (സാന്‍ ഹൊസെ), ട്രഷറര്‍ ജോജോ തറയില്‍ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോര്‍ക്ക്), ജോയിന്റ് ട്രഷറര്‍ ജെസ്നി കൊട്ടിയാനിക്കല്‍ (അറ്റ്‌ലാന്റ) എന്നിവരാണ്. ഇവര്‍ക്കൊപ്പം കണ്‍വെന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍ ജോബി ഊരാളില്‍, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോള്‍ മൂശാരിപ്പറമ്പില്‍ (ടാമ്പാ), എബി തെക്കനാട്ട് (മയാമി), കൂടാതെ നിരവധി കമ്മിറ്റി അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും കണ്‍വെന്‍ഷന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചുവരികയാണ്.
ബൈജു ആലപ്പാട്ട് KCCNA പി.ആര്‍.ഒ.,



