ക്‌നാനായ കാത്തലിക് മിഷന്‍ യുകെയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത് വാഴ്വ് സമ്മേളനത്തിനായുള്ള ആപ്തവാക്യമായി ”കരുണതന്‍ കരുതലായി വാഴ്വ്” എന്ന വാക്യം തെരഞ്ഞെടുത്തു. ഷെഫീല്‍ഡ് ക്‌നാനായ കത്തോലിക് മാസ്സ് സെന്റര്‍ അംഗമായ ജോസ് മുഖച്ചിറ ആണ് ഈ ആപ്തവാക്യം തയ്യാറാക്കിയത്. യുകെയിലെ ക്‌നാനായ കാത്തലിക് മിഷന്‍ അംഗങ്ങളുടെ വാര്‍ഷിക കൂട്ടായ്മയാണ് വാഴ്വ്. വിശുദ്ധ കുര്‍ബാന, വിവിധ മിഷനുകളുടെ കലാപരിപാടികള്‍, വിജ്ഞാനപ്രദമായ സെമിനാറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ സമ്മേളനം ആത്മീയവും സാമൂഹികവുമായ ഉണര്‍വ്വിന് വേദിയാകുന്നു. കഴിഞ്ഞ വര്‍ഷം ഭവനരഹിതര്‍ക്കായി ഭവനം നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി. ഒരു ഭവനം ലക്ഷ്യമിട്ടിരുന്ന പദ്ധതിയില്‍, രണ്ടുഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഒരു ഭവനം നിര്‍മ്മിക്കുന്നതോടൊപ്പം രോഗി സഹായ പദ്ധതിയും ലക്ഷ്യമിടുന്നു. 2026 സെപ്റ്റംബര്‍ 26-ന് ബിര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാഴ്വ് സമ്മേളനം നടക്കും.





