എഫ്‌.സി.ആര്‍.എ ഭേദഗതി ബില്‍: ഉദ്ദേശശുദ്ധി ശുദ്ധമോ?

നമ്മുടെ പാര്‍ലമെന്റില്‍ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്‍ മാര്‍ച്ച്‌ 25 ന്‌ അവതരിപ്പിച്ചു. അപ്പോള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്‌ പറഞ്ഞത്‌ വിദേശ ധനസഹായം ഉപയോഗിച്ച്‌ മത പരിവര്‍ത്തനം നടത്തുന്നവരെയും അതുപോലെ വിദേശ ഫണ്ടു ദുരുപയോഗം ചെയ്യുന്നവരെയും ഉന്നം വെച്ചുകൊണ്ടാണ്‌ ഇത്‌ കൊണ്ടു വരുന്നത്‌ എന്നാണ്‌. നമ്മുടെ രാജ്യത്ത്‌ ഉത്തര്‍പ്രദേശ്‌, ഒഡീഷ, ഗുജറാത്ത്‌, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര തുടങ്ങി പതിമൂന്ന്‌ സംസ്ഥാനങ്ങളില്‍ മത പരിവര്‍ത്തന നിരോധന നിയമം പാസാക്കിയിട്ടുണ്ട്‌. ഈ നിയമങ്ങളിലൂടെ നിര്‍ബന്ധിത മത പരിവര്‍ത്തനമാണ്‌ നിരോധിച്ചിരിക്കുന്നത്‌ എന്നു പറയുമ്പോഴും രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ഈ നിയമം തെറ്റായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ്‌ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുക. മത പരിവര്‍ത്തന നിരോധനനിയമം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കപ്പെട്ടത്‌ ചോദ്യം ചെയ്‌തുള്ള പരാതികള്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ നില്‍ക്കുകയാണ്‌. ഒരു പരിധിവരെ ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളും മൗലിക അവകാശങ്ങളും നിഷേധിക്കുന്ന, മത വിശ്വാസത്തിന്റെ പേരില്‍ വേട്ടയാടാന്‍ അനുവദിക്കുന്ന മത പരിവര്‍ത്തന നിയമത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ തന്നെയാണ്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന എഫ്‌.സി.ആര്‍.എ ഭേദഗതി ബില്ലിലെന്ന്‌ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ പറയുമ്പോള്‍ ബില്ലിന്റെ ഉദ്ദേശശുദ്ധിയെ സാധാരണ ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും രാജ്യ താല്‌പര്യങ്ങളും ഉറപ്പുവരുത്തുന്നതിനു വേണ്ടി ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടാകണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അതിന്റെ മറവില്‍ രാജ്യത്തെ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന മത സംഘടനകളെയും എന്‍.ജി.ഒ കളെയും തീവ്രവാദികള്‍ കണക്കെ നോക്കി കാണുന്നതിലേക്കു നയിക്കുന്ന സാഹചര്യവും സംജാതമാകാം. പ്രത്യേകിച്ച്‌ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ സ്വത്തുള്ള വിഭാഗം ക്രൈസ്‌തവ സമൂഹമാണെന്നും അവരുടെ സ്വത്തുക്കളെല്ലാം മത പരിവര്‍ത്തനത്തിനാണ്‌ ഉപയോഗിക്കുന്നതെന്നുമുള്ള തെറ്റായ പ്രചരണം തല്‌പര വര്‍ഗീയ ശക്തികളുടെ ദുഷ്‌ടലാക്കോടെയുള്ള പ്രചരണത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്‌. നിലവില്‍ അവതരിപ്പിക്കപ്പെട്ട എഫ്‌.സി.ആര്‍.എ ഭേദഗതി ബില്ലിലെ നിര്‍ദേശങ്ങള്‍ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ കാത്തു സൂക്ഷിക്കേണ്ട സുതാര്യതയ്‌ക്കാണോ മുന്‍തൂക്കം കൊടുക്കുന്നതെന്നതില്‍ സംശയം ബാക്കി നില്‌ക്കുന്നു.
പ്രത്യുത അതു കീഴ്‌പ്പെടുത്താനും പിടിച്ചെടുക്കാനുമുള്ള സാധ്യതകളാണ്‌ തുറന്നിട്ടിരിക്കുന്നത്‌. ഏതെങ്കിലും ഒരു സാങ്കേതിക പിഴവിന്റെ പേരിലോ, രാഷ്‌ട്രീയ പ്രേരിതമായ ആരോപണങ്ങളുടെ പേരിലോ ഒരു എഫ്‌.സി.ആര്‍ ലൈസന്‍സ്‌ റദ്ദാക്കപ്പെടുമ്പോള്‍ ആ സ്ഥാപനത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ സര്‍ക്കാര്‍ നിയമിക്കുന്ന അഥോറിറ്റിയുടെ കീഴിലാക്കുമെന്ന നിര്‍ദേശം (16A) അങ്ങേയറ്റം ഉത്‌കണ്‌ഠ ഉണ്ടാക്കുന്നതാണ്‌. വിദേശ ഫണ്ട്‌ ഉപയോഗിച്ച്‌ ആര്‍ജിച്ച ആസ്‌തികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മൂന്നു കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. നിശ്ചിത സമയത്തിനുള്ളില്‍ എഫ്‌.സി.ആര്‍ പുതുക്കി കിട്ടാതിരിക്കുക, റദ്ദാക്കിയ ലൈസന്‍സ്‌ പുതുക്കി നല്‌കാതിരിക്കുക, നിലവിലെ ലൈസന്‍സ്‌ സറണ്ടര്‍ ചെയ്‌യുക എന്നിവയാണവ. ലൈസന്‍സ്‌ പുതുക്കി നല്‍കേണ്ടത്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ എഫ്‌.സി.ആര്‍.എ പോര്‍ട്ടല്‍ വഴിയാണ്‌. ഇവിടെയുണ്ടാകുന്ന കാലതാമസം ന്യായമായും ആസ്‌തി ഉടമയെ ബാധിക്കും. അതുപോലെതന്നെ ലൈസന്‍സ്‌ നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ തന്നെ ഏതെങ്കിലും സ്ഥാപനത്തിന്റെ ലൈസന്‍സ്‌ പുതുക്കി നല്‍കേണ്ടതില്ല എന്നു തീരുമാനിച്ചാല്‍ അതും നടക്കും. വേണമെങ്കില്‍ അതു വൈകിപ്പിക്കാം. ബില്ലില്‍ സംശയങ്ങളും ആശങ്കകളും ഉണ്ടാക്കുന്ന വ്യവസ്ഥകളില്‍ ഒന്നിതാണ്‌. അഞ്ചു സംസ്ഥാനങ്ങളില്‍ അടുത്തുതന്നെ തെരഞ്ഞെടുപ്പു നടക്കുന്ന അവസരമായതിനാല്‍ കേരളത്തില്‍ നിന്നുള്ള എം.പി മാര്‍ അടക്കം തെരഞ്ഞെടുപ്പു പ്രചരണരംഗത്തായതിനാല്‍, അവര്‍ക്ക്‌ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ പരിമിതിയുമുണ്ട്‌. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി എന്നിവര്‍ പ്രധാനമന്ത്രിയ്‌ക്ക്‌ കത്തയച്ചിട്ടുണ്ട്‌.
കേരളത്തിലെ തെരഞ്ഞെടുപ്പ്‌ പ്രസംഗത്തില്‍ ലോകസഭ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധിയും ഈ വിഷയം ഉയര്‍ത്തിക്കാട്ടി. വിവിധ ക്രൈസ്‌തവ സഭാമേലധ്യക്ഷന്മാരും ഈ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. ഈ നിയമഭേദഗതിയുടെ ഏറ്റവും വലിയ പ്രശ്‌നം പുതുതായി നിലവില്‍ വരുന്ന ഡെസിഗ്നേറ്റഡ്‌ അഥോറിറ്റിയാണ.്‌ ചാപ്‌റ്റര്‍ III A പ്രകാരം രൂപീകരിക്കപ്പെടുന്ന ഈ സംവിധാനം ഒരു കോടതിയോ ട്രൈബ്യൂണലോ അല്ല; പ്രത്യുത ഗവണ്‍മെന്റ്‌ നേരിട്ടു നിയമിക്കുന്നതും എക്‌സിക്യൂട്ടീവിനോടു മാത്രം മറുപടി പറയാന്‍ കടപ്പെട്ടിരിക്കുന്നതുമായ ഒരു ഉദ്യോഗസ്ഥനാണ്‌ ഇതിന്റെ തലവന്‍. സെക്ഷന്‍ 14 പ്രകാരമുള്ള റദ്ദാക്കല്‍, സ്വമേധയ ലൈസന്‍സ്‌ സറണ്ടര്‍ ചെയ്യല്‍, കാലാവധി തീരുന്നതിനു മുന്‍പു പുതുക്കി ലഭിക്കാതിരിക്കല്‍ ഇതില്‍ ഏതെങ്കിലും സംഭവിച്ചാല്‍ ആ നിമിഷം തന്നെ വിദേശ സംഭാവനയുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുകളും പിടിച്ചെടുക്കാന്‍ ഈ അഥോറിറ്റിക്കു അധികാരം ഉണ്ട്‌. ഈ ഭേദഗതി ഒരു മത വിഭാഗത്തെയും ലക്ഷ്യം വച്ചല്ലെന്നും വിദേശ ഫണ്ടുകളുടെ ദുരുപയോഗം തടയാനാണെന്നു പറയുമ്പോഴും അത്രത്തോളം നിഷ്‌കളങ്കമായി എല്ലാവര്‍ക്കും തോന്നുന്നില്ല. ജാതി മത ഭേദം കൂടാതെ സേവനം ചെയ്യുന്ന വിവിധ എന്‍.ജി.ഒ അടക്കമുള്ള സ്ഥാപനങ്ങളുടെയും അവരുടെ ന്യായമായ അവകാശങ്ങളുടെയും മേലും ഭരണകൂടത്തിന്റെ നിശബ്‌ദ അധിനിവേശം എഫ്‌.സി.ആര്‍.എ ഭേദഗതിയിലൂടെ ഉണ്ടാകില്ലെന്നു ഉറപ്പാക്കേണ്ടിയിരിക്കുന്നു.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌

Previous Post

‘കരുണതന്‍ കരുതലായി വാഴ്വ്” ആപ്തവാക്യ വിജയി: ജോസ് മുഖച്ചിറ

Next Post

പാരിഷ് കൗണ്‍സില്‍ അംഗങ്ങളായി നിയമിതരായി

Total
0
Share
error: Content is protected !!