(ഫാ. തോമസ് എം . കോട്ടൂര്‍)
നിര്‍മിത ബുദ്ധി (AI) മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയായി മാറിയിരിക്കുന്നു. നമ്മള് എന്ത് വായിക്കുന്നു, എന്ത് കാണുന്നു, ആരുമായി സംസാരിക്കുന്നു, എന്താണ് ഇഷ്ടപ്പെടുന്നത്, എന്താണ് അന്വേഷിക്കുന്നത്, എവിടേക്ക് പോകുന്നു, എന്താണ് വാങ്ങുന്നത്, തുടങ്ങി ജീവിതത്തിന്റെ മിക്കവാറും എല്ലാ വ്യവഹാരങ്ങളും ഡിജിറ്റല്‍ ലോകം നിരന്തരം രേഖപ്പെടുത്തുന്നു. നവമാധ്യമങ്ങളും AI-യും ഒന്നുചേരുമ്പോള്‍ ഈ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നു. ആപ്പിളിന്റെ CEO, ടിം കുക്ക് കൃത്യമായി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ‘Our own information is being weaponized against us with military efficiency… These scraps of data, each one harmless enough on its own, are carefully assembled, synthesized, traded and sold’. മനുഷ്യന്റെ ബന്ധങ്ങള്‍ക്കും താല്പര്യങ്ങള്ക്കും തിരഞ്ഞെടുപ്പുകള്‍ക്കും മാത്രമല്ല, സ്വത്വത്തിനുതന്നെ പുതിയ പ്രതിസന്ധികളും മാനങ്ങളും രൂപപ്പെടുകയാണ്. ഇവിടെ ഗൗരവമുള്ള ചോദ്യം ഉയരുന്നു: AI നമ്മുടെ വ്യക്തിത്വത്തെ മനസിലാക്കുകയാണോ, അതോ വ്യക്തിത്വത്തെ ഖനനം ചെയ്യുകയാണോ?
സ്വകാര്യ വിവരശേഖരണവും വ്യക്തിത്വ നിര്‍ണയനവും
പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം ആധാര്‍ /പാന്‍ കാര്‍ഡ് തുടങ്ങിയവ വ്യക്തിഗത വിവരങ്ങളാണ് .എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ ഒരു വ്യക്തിയെ തിരിച്ചറിയുന്നത് ഇത്തരം വിവരങ്ങള്‍കൊണ്ട് മാത്രമല്ല. നമ്മുടെ തിരച്ചിലുകള്‍, ഇഷ്ടങ്ങള്‍, വായനാശീലങ്ങള്‍, യാത്രകള്‍, വാങ്ങലുകള്‍, സാമൂഹികമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍, ഉറക്കശീലങ്ങള്‍, ശബ്ദം, മുഖഭാവം, ഭാഷ, സൗഹൃദങ്ങള്‍, ചിലപ്പോള്‍ വികാരങ്ങള്‍ പോലും വിവരങ്ങളായി മാറുന്നു.
ഈ വിവരങ്ങള്‍ ഓരോന്നായി നോക്കുമ്പോള്‍ സാധാരണമായി തോന്നാം. എന്നാല്‍ അവയെല്ലാം ഒരുമിച്ച് വിശകലനം ചെയ്യുമ്പോള്‍ ഒരു വ്യക്തിയുടെ സ്വഭാവം, താല്പര്യങ്ങള്, ഭയങ്ങള്‍, ദൗര്‍ബല്യങ്ങള്‍ എന്നിവ പ്രവചിക്കാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ രൂപരേഖ സൃഷ്ടിക്കപ്പെടുന്നു. വ്യക്തി തന്നെക്കുറിച്ച് അറിയുന്നതിലും കൂടുതല്‍ കാര്യങ്ങള്‍, അയാളുടെ ഡിജിറ്റല്‍ പെരുമാറ്റത്തെ അടിസ്ഥാനമാക്കി ഒരു അല്‍ഗോരിതത്തിന് പ്രവചിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകാം. ഇവിടെയാണ് പ്രശ്നത്തിന്റെ ആഴം. ഉദാഹരണത്തിന് ചാറ്റ് ജിപിടി- യില്‍ ഒരാളുടെ പേര് അടിച്ചു കൊടുത്താല്‍ എന്തെങ്കിലുമൊക്കെ ചാറ്റ് ജിപിടി പുറത്ത് കൊണ്ടുവരും. എവിടെ നിന്ന്,ആരാണ് ,ഈ വിവരങ്ങള്‍ ചാറ്റ് ജിപിടി- ക്ക് കൊടുത്തത് ?
ഡാര്‍ക് വെബിന്റെ ഇരുണ്ട ഇടനാഴികള്‍
ഇന്റര്‍നെറ്റിന്റെ ലോകം നമ്മള് കാണുന്നതിലും വളരെ വലുതാണ്. ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ സാധാരണയായി കണ്ടെത്തുന്ന വെബ് അതിന്റെ ചെറിയ ഭാഗം മാത്രമാണ്. പാസ്വേഡ് ഉപയോഗിച്ച് മാത്രം പ്രവേശിക്കാവുന്ന ഇ-മെയില്‍ അക്കൗണ്ടുകള്‍, ബാങ്കിങ് വിവരങ്ങള്‍, സ്വകാര്യ ഡാറ്റാ ബേസുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന Deep Web അതിനേക്കാള്‍ വിശാലമാണ്. അതിന്റെ ചെറിയ ഭാഗമാണ് Dark Web.
പ്രത്യേക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ മാത്രം പ്രവേശിക്കാവുന്ന ഈ മേഖലയില്‍ ഉപയോക്താവിന്റെയും വെബ്സൈറ്റിന്റെയും വ്യക്തിത്വം മറച്ചുവയ്ക്കാന്‍ കഴിയുന്നു. സ്വകാര്യത സംരക്ഷിക്കാനും സെന്‍സര്‍ഷിപ്പ് മറികടക്കാനും ചില മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതുപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതേ അജ്ഞാതത്വം തന്നെ മയക്കുമരുന്ന് വ്യാപാരം , മോഷ്ടിച്ച വ്യക്തിവിവരങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍, വ്യാജരേഖാനിര്മാണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുന്നു.
ഇവിടെ ഉയരുന്ന പ്രശ്നം സാങ്കേതികതയുടേത് മാത്രമല്ല, മനുഷ്യസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും കൂടിയാണ്. നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ആരാണ് ശേഖരിക്കുന്നത്? അവ എവിടെയാണ് സൂക്ഷിക്കപ്പെടുന്നത്? ആരാണ് അവ ഉപയോഗിക്കുന്നത്? ഒരിക്കല്‍ ഡിജിറ്റല്‍ ലോകം സ്വന്തമാക്കിയ വ്യക്തിയുടെ സ്വകാര്യവിവരങ്ങള്‍ പൂര്‍ണമായി തിരിച്ചുപിടിക്കാന്‍ കഴിയുമോ?
ഡാര്‍ക് വെബ് സ്വകാര്യതയെ നിരന്തരം പ്രശ്നവല്‍ക്കരിക്കുന്നു. പലപ്പോഴും ഹനിക്കുന്നു. ഡിജിറ്റല്‍ ലോകത്ത് സ്വകാര്യത വെറും സൗകര്യമല്ല, അവകാശമാണ്. അനിവാര്യതയുമാണ്. AI നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്ന കാലത്ത്, ആ വിവരങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും ആരുടെ കൈകളിലായിരിക്കണം എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു.
ഒരുപക്ഷേ, ഭാവിയിലെ ഏറ്റവും വലിയ സൈബര്‍ പോരാട്ടം വിവരങ്ങള്‍ നേടാനുള്ളതല്ല; മനുഷ്യന്റെ സ്വകാര്യതയെ സംരക്ഷിക്കാനുള്ളതായിരിക്കും.
‘ഖനനം ചെയ്യാവുന്ന സ്വത്വം’
ഒരിക്കല്‍ ഭൂമിക്കടിയിലെ ധാതുക്കള്‍ ഖനനം ചെയ്താണ് സമ്പത്ത് ഉണ്ടാക്കിയിരുന്നത്. ഇന്ന് മനുഷ്യന്റെ ഡിജിറ്റല്‍ ജീവിതത്തില്‍നിന്ന് വിവരങ്ങള്‍ ഖനനം ചെയ്യപ്പെടുന്നു. നാളെ ഈ ഖനനം കൂടുതല്‍ ആഴത്തിലേക്ക് നീങ്ങാം. നമ്മുടെ പെരുമാറ്റത്തില്‍നിന്ന് വ്യക്തിത്വവും, വ്യക്തിത്വത്തില്നിന്ന് പ്രവണതകളും, പ്രവണതകളില്‍നിന്ന് അടുത്ത തീരുമാനങ്ങളും വരെ പ്രവചിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലേക്കാണ് നാം നീങ്ങുന്നത്. മാര്‍ക്കറ്റിലെ പുതിയ, വലിയ വാണിജ്യവിഭവം എണ്ണയും സ്വര്‍ണവുമല്ല, ഖനനം ചെയ്യാവുന്ന സ്വത്വവും സ്വകാര്യതയുമാണ്.
ഡിജിറ്റല്‍ വേദികള്‍ വ്യക്തിയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. അവ വിശകലനം ചെയ്യുന്നു. ശുപാര്‍ശകള്‍, പരസ്യങ്ങള്‍, ഉള്ളടക്കക്രമീകരണം തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്നു. പ്രസ്തുത വിവരങ്ങള്‍ വ്യക്തിയുടെ ശ്രദ്ധയും പെരുമാറ്റവും വാണിജ്യപരമായി സ്വാധീനിക്കുന്ന വലിയ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ്. ഇതിനെ വിമര്‍ശനാത്മകമായി അക്കാദമിക ചര്‍ച്ചകളില്‍ ‘നിരീക്ഷണാധിഷ്ഠിത മൂലധനം’ എന്ന് വിശേഷിപ്പിക്കുന്നു. എന്നാല്‍ ഈ പദം എല്ലാ ഗവേഷകരും ഒരേ അര്‍ത്ഥത്തില്‍ അംഗീകരിക്കുന്ന ഏകീകൃത സിദ്ധാന്തമല്ല. ഒരു വിമര്‍ശനാത്മക ആശയം മാത്രമായി അതിനെ കാണുന്നതാണ് ഉചിതം.
സ്വകാര്യത രഹസ്യ സംരക്ഷണം മാത്രമല്ല .
ഡിജിറ്റല്‍ ലോകത്ത് സ്വകാര്യതയുടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. എന്റെ വിവരങ്ങള്‍ എന്റെ സ്വത്താണെങ്കില്‍, എന്റെ പെരുമാറ്റത്തില്‍നിന്ന് നിര്‍മിക്കപ്പെടുന്ന ഡിജിറ്റല്‍ വ്യക്തിത്വവും എന്റെ അവകാശത്തിന്റെ ഭാഗമല്ലേ?
സ്വകാര്യതയെ പലപ്പോഴും ”എന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കുക” എന്ന അര്‍ത്ഥത്തിലാണ് നാം കാണുന്നത്. എന്നാല്‍ ഡിജിറ്റല്‍ യുഗത്തില്‍ സ്വകാര്യതയ്ക്ക് അതിലും വലിയ അര്‍ത്ഥമുണ്ട്. സ്വന്തം ജീവിതത്തെക്കുറിച്ച് എന്ത് വെളിപ്പെടുത്തണം, ആരോട് വെളിപ്പെടുത്തണം, എപ്പോള്‍ വെളിപ്പെടുത്തണം എന്നതില്‍ വ്യക്തിക്ക് നിയന്ത്രണമുണ്ടാകുക എന്നതാണ് സ്വകാര്യതയുടെ അടിസ്ഥാന സങ്കല്പവും അവകാശവും.
സ്വാതന്ത്ര്യത്തിന്റെ ഭാഗം
നമ്മെ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്ന സമൂഹത്തില്‍ മനുഷ്യന് തന്റെ പെരുമാറ്റം സ്വയം നിയന്ത്രിക്കാന്‍ തുടങ്ങും. എന്ത് പറയണം, എന്ത് വായിക്കണം, എന്ത് അന്വേഷിക്കണം, എന്ത് അഭിപ്രായം പ്രകടിപ്പിക്കണം എന്നതുപോലും മറ്റൊരാളുടെ കണ്ണിലൂടെ ചിന്തിക്കാന്‍ തുടങ്ങും. അങ്ങനെ നോക്കുമ്പോള്‍ AI- യുടെ പ്രശ്നം സ്വകാര്യതയുടെ മാത്രം പ്രശ്നമല്ല; അത് മനുഷ്യന്റെ സ്വയംഭരണത്തിന്റെ/ നിര്‍ണയത്തിന്റെ പ്രശ്നം കൂടിയാണ്. ഹാര്‍വാഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ സൂസന്ന സുബോഫിന്റെ വാക്കുകള്‍ പ്രസക്തമാണ്: ‘Surveillance capitalism unilaterally claims human experience as free raw material for translation into behavioral data… to predict what you will do now, soon, and later’. അല്‍ഗോരിതം നമ്മെക്കുറിച്ച് തീരുമാനിക്കുമ്പോള്‍ വ്യക്തി സ്വാതന്ത്ര്യം അപകടത്തിലാകുന്നു . അല്‍ഗോരിതങ്ങള്‍ നിഷ്പക്ഷമായ യന്ത്രങ്ങള്‍ മാത്രമാണെന്ന് കരുതുന്നത് അപകടകരമാണ്.
ഏത് വാര്‍ത്ത കാണിക്കണം, ഏത് പരസ്യം പ്രദര്‍ശിപ്പിക്കണം, ആരുമായി ബന്ധപ്പെടുത്തണം, എന്ത് വാങ്ങാന്‍ സാധ്യതയുണ്ട്, ഏത് ഉള്ളടക്കം നമ്മെ കൂടുതല്‍ നേരം പിടിച്ചിരുത്തും തുടങ്ങിയ കാര്യങ്ങള്‍ അല്‍ഗോരിതങ്ങള്‍ പ്രവചിക്കുന്നു.
ഇതിലും ആശങ്കാജനകമായ ഘട്ടം, ഒരാളുടെ ഡിജിറ്റല്‍ വ്യക്തിത്വരൂപരേഖയെ അടിസ്ഥാനമാക്കി അയാള്‍ക്ക് വായ്പ നല്‍കണോ, ജോലി നല്‍കണോ, ഇന്‍ഷുറന്‍സ് അനുവദിക്കണോ, ഒരു പ്രത്യേക സേവനം ലഭ്യമാക്കണോ തുടങ്ങിയ തീരുമാനങ്ങളെ യന്ത്രങ്ങള്‍ സ്വാധീനിക്കുന്ന സാഹചര്യമാണ്. അത് വ്യക്തിയുടെ സ്വത്വത്തെ തന്നെ പൂര്‍ണമായി തമസ്കരിക്കുന്നതിന് കാരണമാകും. പ്രസ്തുത സമീപനങ്ങള്‍ ചില മേഖലകളില്‍ ഇതിനകം പരീക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അവയുടെ നിയമസാധുത ഓരോ രാജ്യത്തിനും മേഖലയ്ക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നു. അതിനാല്‍ ‘യന്ത്രങ്ങള്‍ തന്നെ അന്തിമമായി തീരുമാനിക്കുന്നു’ എന്ന് പൊതുവായി പറയുന്നതിനു പകരം, മനുഷ്യരുടെ തീരുമാനങ്ങളെ ‘അല്‍ഗോരിതമിക് സംവിധാനങ്ങള്‍’ സ്വാധീനിക്കുകയോ ഭാഗികമായി നിര്‍വഹിക്കുകയോ ചെയ്യുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. എങ്കിലും ഡിജിറ്റല്‍ യുഗം വ്യക്തിയുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സ്വത്വവും നിരാകരിക്കുന്നു എന്നത് പരിഹാരമില്ലാത്ത യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു.
ഡിജിറ്റല്‍ യുഗവും സ്വത്വവികാസവും (Becoming)
സാങ്കേതികവിദ്യ നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്നു. പക്ഷേ ഡിജിറ്റല്‍ യുഗത്തില്‍ സ്വത്വവികാസം (Becoming) സാധ്യമാകുന്നുണ്ടോ? അതോ അല്‍ഗോരിതം നിര്‍മിച്ച രൂപരേഖയായി വ്യക്തി ചുരുങ്ങുകയാണോ ? മനുഷ്യരെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കുകയും അവരുടെ അവസരങ്ങളെയും തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുകയും ചെയ്യുന്നത് അടിസ്ഥാനപരമായി വ്യക്തിയുടെ സ്വയംഭരണം, സത്യം, സ്വാതന്ത്ര്യം, സമത്വം, നീതി, ഉത്തരവാദിത്വം തുടങ്ങിയ ധാര്‍മിക മൂല്യങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നു. ഈ വിഷയങ്ങളില്‍ സജീവ ഗവേഷണം നടക്കുന്നുണ്ടത്രെ !
ഡീപ്ഫേക്ക് – സത്യത്തിന്റെ പ്രതിസന്ധി
AI ഉയര്‍ത്തുന്ന മറ്റൊരു വലിയ വെല്ലുവിളിയാണ് വ്യാജ ദൃശ്യ-ശബ്ദ നിര്‍മാണം, അഥവാ ഡീപ്ഫേക്ക്. ഒരാള്‍ പറഞ്ഞിട്ടില്ലാത്ത കാര്യം അയാള്‍ പറഞ്ഞതായി തോന്നിപ്പിക്കാനും, ഒരാള്‍ ചെയ്തിട്ടില്ലാത്ത കാര്യം ചെയ്തതായി കാണിക്കാനും AI ഉപയോഗിക്കാം. ഒരു വ്യക്തിയുടെ മുഖവും ശബ്ദവും ഉപയോഗിച്ച് യഥാര്‍ത്ഥമെന്ന് തോന്നിക്കുന്ന വ്യാജ ദൃശ്യങ്ങളും ശബ്ദങ്ങളും സൃഷ്ടിക്കാനാകും. ഇത് വ്യക്തിയുടെ സ്വകാര്യതയെ മാത്രമല്ല, സമൂഹത്തിന്റെ സത്യബോധത്തെയും ബാധിക്കുന്നു. യഥാര്‍ഥ വീഡിയോ കണ്ടാലും ‘ഇത് ശരിക്കും നടന്നതാണോ’? എന്ന് ചോദിക്കുന്ന സാഹചര്യം ഉണ്ടാകാം. പ്രശ്നം വ്യാജവാര്‍ത്തയില്‍ മാത്രം ഒതുങ്ങുന്നില്ല. സത്യവും അസത്യവും തിരിച്ചറിയാനുള്ള സാധ്യത തന്നെ പ്രതിസന്ധിയിലാകുന്നു .
‘സമ്മതത്തിലെ’ അധര്‍മവും അപകടവും
ഒരു ആപ്പില്‍ ‘ഞാന്‍ സമ്മതിക്കുന്നു’ എന്ന ബട്ടണ്‍ അമര്‍ത്തുന്നതിനെ നാം പലപ്പോഴും സമ്മതമായി കാണുന്നു. എന്നാല്‍ പല പേജുകളുള്ള നിബന്ധനകള്‍ വായിക്കാതെ ഒരു ബട്ടണ്‍ അമര്‍ത്തുന്നതിനെ യഥാര്‍ഥ (ബോധപൂര്‍വ) സമ്മതം എന്നു വിളിക്കാമോ? ഇവിടെയാണ് പുതിയ ഡിജിറ്റല്‍ നൈതികതയുടെ ആവശ്യം. വ്യക്തി തന്റെ വിവരങ്ങള്‍ നല്കിയതുകൊണ്ട് മാത്രം ആ വ്യക്തിയുടെ മുഴുവന്‍ ഡിജിറ്റല്‍ ജീവിതത്തിനും മറ്റുള്ളവര്‍ക്ക് അവകാശം ലഭിക്കാന്പാടില്ല. പ്രത്യേകിച്ച്, ഒരു വ്യക്തിയുടെ വിവിധ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് AI-ക്ക് പുതിയ നിഗമനങ്ങളിലെത്താന്‍ കഴിയുമ്പോള്‍. ഒരു വിവരം വ്യക്തി നേരിട്ട് നല്‍കിയിട്ടില്ലെങ്കിലും, നല്കിയ മറ്റ് വിവരങ്ങളില്‍നിന്ന്, AI അത് അനുമാനിച്ചെടുക്കുകയാണെങ്കില് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകുന്നു.
സ്വകാര്യതയും പുതിയ നിയമ പരിരക്ഷയും
സ്വകാര്യതയുടെ അതിരുകള്‍ അപ്രത്യക്ഷമാകുമ്പോള്‍ നിയമസംരക്ഷണം അനിവാര്യമാകുന്നു. നിയമം പ്രാബല്യത്തില്‍ എത്തുമ്പോള്‍ സാങ്കേതികവിദ്യ മുന്നേറിയിരിക്കും. AI – യുടെ വളര്‍ച്ചയുടെ വേഗതയും നിയമ നിര്‍മാണ വേഗതയും ഒരുപോലെയല്ല. ഇന്ത്യ ഈ വിഷയത്തില്‍ നിയമപരമായ ചുവടുകള്‍ എടുത്തിട്ടുണ്ട്. 2023-ലെ ഡിജിറ്റല്‍ വ്യക്തിഗത വിവര സംരക്ഷണ നിയമം വ്യക്തിഗത ഡിജിറ്റല്‍ വിവരങ്ങളുടെ സംസ്കരണവുമായി ബന്ധപ്പെട്ട അവകാശങ്ങളും ഉത്തരവാദിത്വങ്ങളും നിര്‍വചിക്കുന്ന പ്രധാന നിയമമാണ്. നിയമം മാത്രം മതിയാകില്ല. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കൊപ്പം ധാര്മികബുദ്ധിയും വളരേണ്ടതുണ്ട്.
അല്‍ഗോരിതമിക് നൈതികത( Algorithmic Ethics)
യന്ത്രങ്ങള്‍ക്ക് ധാര്മികബോധമില്ലത്രെ ! ”അല്ഗോരിതമിതിക് നൈതികത” എന്ന ആശയം അതിനാല്‍ പ്രസക്തമാകുന്നു. മനുഷ്യന്റെ അന്തസിനും സ്വാതന്ത്ര്യത്തിനും നന്മയ്ക്കും വിരുദ്ധമായി AI പ്രവര്‍ത്തിക്കാതിരിക്കാനുള്ള ധാര്‍മിക ചട്ടക്കൂടാണ് അല്‍ഗോരിതമിക് നൈതികത അര്‍ത്ഥമാക്കുന്നത്. സ്വകാര്യതയുടെയും ഡിജിറ്റല്‍ ധാര്‍മികതയുടെയും ആദര്‍ശങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന സൃഷ്ടിപരമായ പ്രയോഗമാണ് ‘അല്‍ഗോര്‍ എത്തിക്സ്’ എന്നത്. ഇത് സാങ്കേതിക വിദഗ്ധരുടെ മാത്രം ഉത്തരവാദിത്വമല്ല. ശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും നിയമവിദഗ്ധരും തത്ത്വചിന്തകരും സാമൂഹിക ശാസ്ത്രജ്ഞരും മത-ധാര്‍മിക ചിന്തകരും പൊതുസമൂഹവും ഒരുമിച്ച് രൂപപ്പെടുത്തേണ്ട ധാര്‍മിക തത്വ- നിയമ സംഹിതകളാണവ.
AI എത്ര ബുദ്ധിമാനാകുന്നു എന്നതിനേക്കാള്‍ പ്രധാനപ്പെട്ട ചോദ്യം: AI എത്ര ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ്. AI സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ രൂപകല്പനയില്ത്തന്നെ സ്വകാര്യത ഉറപ്പാക്കുക, ആവശ്യമായ വിവരങ്ങള്‍ മാത്രം ശേഖരിക്കുക, സുതാര്യത, ഉത്തരവാദിത്വം, നീതി, മനുഷ്യാവകാശം തുടങ്ങിയ മൂല്യങ്ങള്‍ പാലിക്കുക എന്നിവ അനിവാര്യമാണ്. ഒരു വ്യക്തിയെക്കുറിച്ച് AI നിര്‍ണായകമായ നിഗമനത്തിലെത്തുമ്പോള്‍ അതിന്റെ അടിസ്ഥാനമെന്താണെന്ന് മനസിലാക്കാനുള്ള അവകാശവും മനുഷ്യന് ഉണ്ടായിരിക്കണം. എന്നാല്‍ അത്തരമൊരു അവകാശം എല്ലാ സാഹചര്യങ്ങളിലും ഒരേ രീതിയില്‍ നിയമപരമായി ഉറപ്പാക്കണം എന്ന് പൊതുവായി പറയാനാവില്ല; ബാധകമായ നിയമവും മേഖലയുമനുസരിച്ച് അതിന്റെ പരിധി മാറാം.
വ്യക്തി ഡേറ്റയോ ഉപഭോഗ വസ്തുവോ അല്ല
ഒടുവില്‍ അടിസ്ഥാന സത്യത്തിലേക്ക് മാനുവരാശി മുഴവന്‍ തിരികെയെത്തണം. മനുഷ്യന് ഒരു വിവര ശേഖരമല്ല. യന്ത്രം നിര്‍മിച്ച വ്യക്തിത്വ രൂപരേഖയല്ല. ഉപഭോഗ വസ്തുവും അല്ല. പ്രവചനമാതൃകയുമല്ല. അവള് /അവന് വ്യക്തിയാണ്-ഓര്‍മകളും സ്വപ്നങ്ങളും ബന്ധങ്ങളും സ്വാതന്ത്ര്യവും അന്തസും ഉള്ള വ്യക്തി. AI മനുഷ്യന്റെ കഴിവുകള്‍ വര്‍ധിപ്പിക്കാനാണ്. മനുഷ്യനെ ഒരു വസ്തുവാക്കി മാറ്റാനല്ല. AI-യുടെ കാലത്ത് നമുക്ക് സംരക്ഷിക്കേണ്ടത് സ്വകാര്യവിവരങ്ങള്‍ മാത്രമല്ല. സ്വകാര്യതയെ നിര്‍ണയിക്കുന്ന മനുഷ്യസ്വാതന്ത്ര്യം കൂടിയാണ്. നമ്മുടെ ജീവിതത്തിന്റെ ചില കാര്യങ്ങള്‍ ലോകത്തോട് പങ്കുവയ്ക്കാം. ചില കാര്യങ്ങള്‍ നമ്മുടേതായി സൂക്ഷിക്കാനും അവകാശമുണ്ട്. സ്വകാര്യത എന്നത് മറച്ചുവയ്ക്കാനുള്ള അവകാശം മാത്രമല്ല. സ്വയം ആയിരിക്കാനുള്ള അവകാശം കൂടിയാണ്.
AI മനുഷ്യ ജീവിതത്തിലേക്ക് കൂടുതല്‍ കടന്നുകയറുമ്പോള്‍ ഏറ്റവും വലിയ പ്രശ്നം സാങ്കേതികവിദ്യയുടെ ബുദ്ധിയല്ല. മനുഷ്യന്റെ അന്തസിനെ AI എത്രമാത്രം ബഹുമാനിക്കുന്നു, കാത്തു സൂക്ഷിക്കുന്നു എന്നതാണ്. നമുക്ക് AI വേണം. പക്ഷേ AI-ക്ക് മുമ്പില്‍ മനുഷ്യന് നഷ്ടപ്പെടരുത്. ജറോണ്‍ ലാനിയറുടെ വാക്കുകള്‍ ഓര്‍മയില്‍ സൂക്ഷിക്കാം: ‘You cannot have a society of autonomous individuals if everyone is being continuously tracked, measured, and modified by central servers’. മനുഷ്യന്റെ സ്വകാര്യ വിവരങ്ങളെ സംരക്ഷിക്കുന്നതില്‍നിന്ന് ഒരു പടികൂടി മുന്നോട്ട് പോയി, മനുഷ്യന്റെ ‘സ്വത്വത്തെ’ തന്നെ സംരക്ഷിക്കേണ്ട കാലമാണിത്. വ്യക്തിയുടെ മനസിന്റെ കടിഞ്ഞാണ്‍ AI ഏറ്റെടുക്കുന്ന കാലം വിദൂരമല്ല .ഒപ്പം അവന്റെ/അവളുടെ ബുദ്ധിയും ചിന്തശേഷി യും. ജാഗ്രതൈ
സഹായക വായന (Further Reading) 1. UNESCO. (2021). Recommendation on the Ethics of Artificial Intelligence. An important international framework dealing with AI ethics, human dignity, privacy, data protection, human autonomy and accountability.
2. Tabassi, E. (2023). Artificial Intelligence Risk Management Framework (AI RMF 1.0). National Institute of Standards and Technology (NIST). A useful reference for understanding the risks of AI, including privacy, identity, transparency and responsible AI development.
3. United Nations Office of Counter-Terrorism & UNICRI. (2024). Beneath the Surface: Terrorist and Violent Extremist Use of the Dark Web and Cybercrime-as-a-Service for Cyber-Attacks.
4. United Nations. Principles for the Ethical Use of Artificial Intelligence in the UN System. (Particularly relevant to ഔര്‍ discussion of privacy, human autonomy, transparency, accountability and responsible use of AI.)
5.Appadurai Arjun, ‘The next big commodity is the mineable self’ The Hindu, February 10, 2026.
6. കാരുണികന് മാസിക . ,’ വലയിലെ കെണികള്‍’ ജനുവരി 2026. ‘നിര്‍മിതബുദ്ധിയും വാര്‍ദ്ധക്യവും ‘ നവംബര്‍ 2025.
7. ഫാ.ബിനോയ് പാണാട്ട് , ‘അല്‍ഗോരിതങ്ങളുടെ തടവറയില്‍’, സത്യദീപം , ജൂണ്‍ 3, 2026.


