ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം വെസ്റ്റേണ്‍ ഒന്റാറിയോയ്ക്ക് പുതിയ നേതൃത്വം; സുജില്‍ സാബു തറപ്പേല്‍ പ്രസിഡന്റ്, അഞ്ജന ആന്‍ റോബി ഈന്തുംകാട്ടില്‍ സെക്രട്ടറി

ലണ്ടന്‍ (ഒന്റാറിയോ): കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വെസ്റ്റേണ്‍ ഒന്റാറിയോയുടെ (KCCWO) പോഷക സംഘടനയായ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് വെസ്റ്റേണ്‍ ഒന്റാറിയോയുടെ (KCWFWO) 2026-2028 പ്രവര്‍ത്തനകാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവംബര്‍ 7 ശനിയാഴ്ച ലണ്ടനിലെ ക്‌നായി തൊമ്മന്‍ പാരിഷ് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വെസ്റ്റേണ്‍ ഒന്റാറിയോയുടെ 2024-2026 കാലയളവിലെ പ്രസിഡന്റ് ഫെബി തൈക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തോടനുബന്ധിച്ചാണ് വിമന്‍സ് ഫോറത്തിന്റെ പുതിയ നേതൃത്വത്തെയും തിരഞ്ഞെടുത്തത്.

പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി സുജില്‍ സാബു തറപ്പേല്‍, വൈസ് പ്രസിഡന്റായി ലിപ്‌സി ജിം തേരകതനാടിയില്‍, സെക്രട്ടറിയായി അഞ്ജന ആന്‍ റോബി ഈന്തുംകാട്ടില്‍, ജോയിന്റ് സെക്രട്ടറിയായി നീനു ബിനീഷ് എടാട്ട്കാലായില്‍, ട്രഷററായി ആനി ജിയ ജയിംസ് പീടികയില്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

2024-2026 കാലയളവില്‍ ജെസ്ലി പുത്തന്‍പുരയില്‍ പ്രസിഡന്റായും സിമി കളമ്പാംകുഴിയില്‍ വൈസ് പ്രസിഡന്റായും അഞ്ജന ഈന്തുംകാട്ടില്‍ സെക്രട്ടറിയായും ലിസ പെരുമാപ്പാടം ജോയിന്റ് സെക്രട്ടറിയായും ഷീബ മുള്ളൂര്‍ ട്രഷററായും എലിസബത്ത് കോറപ്പിള്ളില്‍ ജോയിന്റ് ട്രഷററായും പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വിമന്‍സ് ഫോറത്തിന്റെ വളര്‍ച്ചയ്ക്കും വിവിധ സാമൂഹിക, സാംസ്‌കാരിക, ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ മുന്‍ ഭരണസമിതിയിലെ എല്ലാ ഭാരവാഹികളുടെയും സേവനങ്ങളെ പൊതുയോഗത്തില്‍ അഭിനന്ദിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നല്‍കിയ പിന്തുണയ്ക്കും നേതൃത്വത്തിനും അര്‍പ്പണബോധത്തോടെയുള്ള സേവനങ്ങള്‍ക്കും അംഗങ്ങള്‍ ഹൃദയപൂര്‍വം നന്ദി അറിയിച്ചു.

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വെസ്റ്റേണ്‍ ഒന്റാറിയോയുടെ 2026-2028 കാലയളവിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മനു കോറപ്പിള്ളില്‍, വൈസ് പ്രസിഡന്റ് മെല്‍വിന്‍ കൊച്ചനയില്‍, സെക്രട്ടറി ആഷ്‌ലി അഴകുളം, ജോയിന്റ് സെക്രട്ടറി അരുണ്‍ പ്രാലയില്‍ പുത്തന്‍പുരയ്ക്കല്‍, ട്രഷറര്‍ ജിതിന്‍ ചേരോലിക്കല്‍, ജോയിന്റ് ട്രഷറര്‍ ഷിന്റോ സ്റ്റീഫന്‍ ഉള്ളാട്ടില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി വിമന്‍സ് ഫോറത്തിന്റെ പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നു.

ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ജോജോ നെടിയകാലായില്‍, ജെബിന്‍ ചെറുകാട്ടൂര്‍, കമ്മിറ്റി അംഗങ്ങളായ അജോ കുര്യന്‍, നിഖില്‍ പുലിവേലില്‍ എന്നിവരും പുതിയ വിമന്‍സ് ഫോറം നേതൃത്വത്തിന് ആശംസകള്‍ അറിയിച്ചു. വിമന്‍സ് ഫോറത്തിന്റെ പുതിയ നേതൃത്വത്തോടൊപ്പം ചേര്‍ന്ന് കാനഡയിലെ ക്‌നാനായ സമുദായത്തിന്റെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും ഐക്യത്തിനുമായി പ്രവര്‍ത്തിക്കുമെന്നും സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണങ്ങളും പിന്തുണയും നല്‍കുമെന്നും ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

 

Previous Post

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി നതാഷ ആന്‍ സഖറിയ

Next Post

ബേബി മുളവേലിപ്പുറത്ത് ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ്

Total
0
Share
error: Content is protected !!