ഹൃദയത്തിനു വേണ്ടി ..ഹൃദയപൂര്‍വ്വം

റവ.ഡോ. ബിനു കുന്നത്ത്

ജീവന്റെ താളം

‘ഹൃദയത്തോട് ചേര്‍ന്നത്’ (close to heart) എന്ന് ഏറ്റവും പ്രിയപ്പെട്ടതിനെയാണ് നാം വിശേഷിപ്പിക്കുന്നത്. ഏറ്റവും മനോഹരമായതിനെ ഹൃദ്യം എന്നും ഏറ്റവും ആത്മാര്‍ത്ഥമായതിനെ ഹൃദയപൂര്‍വ്വം എന്നും. അതെ ഹൃദയമെന്നാല്‍ ജീവന്റെ ഏറ്റവും വിശിഷ്ടമായ പ്രതീകവും ശരീരത്തിന്റെ ഏറ്റവും വിശിഷ്ടമായ അവയവവുമാണ്.
സെപ്റ്റംബര്‍ 29 ലോക ഹൃദയാരോഗ്യദിനമാണ്. 1999 മുതലാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെയും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെയും സംയുക്ത തീരുമാനമായി ലോക ഹൃദയദിനം (World Heart Day) ആചരിക്കാന്‍ തുടങ്ങിയത്. ലോകത്താകമാനം പതിനേഴ് ദശലക്ഷം മനുഷ്യരാണ് പ്രതിവര്‍ഷം ഹൃദയസംബന്ധിയായ രോഗങ്ങള്‍ മൂലം മരണപ്പെടുന്നത് (Cardio Vascular Diseases /CVD). അര്‍ബുദം, HIV, AIDS തുടങ്ങി മാരകരോഗങ്ങള്‍ കാരണമുള്ള മരണസംഖ്യയെക്കാള്‍ എത്രയോ മുന്നിലാണ് ഈ കണക്കുകള്‍ എന്നത് ഈ വിഷയത്തിന്റെ ഗൗരവത്തെ ചൂണ്ടിക്കാട്ടുന്നുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ശാസ്ത്ര സാങ്കേതികരംഗവും ചികിത്സാരംഗവും നൂതന പദ്ധതികളും രീതികളും അവലംബിച്ച് രോഗങ്ങളെ വരുതിയിലാക്കുവാനും മരണസംഖ്യ കുറയ്ക്കുവാനും കഠിനമായി പ്രയത്‌നിക്കുന്നുണ്ട്. കുറഞ്ഞുവരുന്ന മരണനിരക്കുകളെയും ചികിത്സാ-ശാസ്ത്ര രംഗങ്ങളിലെ നൂതന ഇടപെടലുകളും ഇത്തരം പ്രയത്‌നങ്ങളുടെ വിജയത്തിലേക്ക് വിരല്‍ചൂണ്ടുന്നുമുണ്ട്. എങ്കിലും വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗനിരക്ക് ലോക ആരോഗ്യവിദഗ്ദ്ധരെ ആകമാനം ആശങ്കയിലാഴ്ത്തുന്നു എന്നതാണ് സത്യം. മാറിവരുന്ന ഭൗതിക സാഹചര്യങ്ങള്‍, ജീവിതരീതി, ഭക്ഷണക്രമം, ലഹരിഉപയോഗം എന്നിങ്ങനെ ആധുനിക സൗകര്യങ്ങളുടെ പ്രാപ്തി വരെ ഒട്ടേറെ ഘടകങ്ങള്‍ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് 90 കളെ അപേക്ഷിച്ച് ഇരട്ടിയാണ്. 2016 മുതലുള്ള കണക്കനുസരിച്ച് കേരളത്തില്‍ രോഗബാധിത-മരണനിരക്കില്‍ 28 ശതമാനം ഹൃദ്രോഗം മൂലമാണ്. കൂടാതെ അമിത രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ പ്രശ്‌നങ്ങളും പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗുരുതര വര്‍ദ്ധനവിലാണ്.
കൊറോണറി ആര്‍ട്ടറി മുതല്‍ രക്താതിമര്‍ദ്ദം, ഹൃദയാഘാതം എന്നിവ വരെയുള്ള വിവിധ രോഗങ്ങളെ അഥവാ അവസ്ഥകളെ പൊതുവായാണ് ഹൃദ്രോഗങ്ങള്‍ അഥവാ കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസസ് എന്നു വിളിക്കുന്നത്. ശരീരം യഥാസമയം നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കുന്നതും അനാരോഗ്യകരമായ ജീവിതശൈലി, പുതിയ ഭക്ഷണക്രമങ്ങള്‍ എന്നിവയും ഹൃദ്രോഗത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്.
ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും അതിന്റെ മുന്നറിയിപ്പ് സൂചനകള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചും ഉള്ള അവബോധം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ലോക ഹൃദയദിനം ആചരിക്കുന്നത്.

അറിയാം ഹൃദയത്തെ

മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്ന ആന്തരികാവയവമാണ് ഹൃദയം. മിനിറ്റില്‍ 70 മുതല്‍ 78 വരെ സ്പന്ദിക്കുന്ന ഹൃദയം ഓരോ സ്പന്ദനത്തിലും 72 മില്ലിലിറ്റര്‍ രക്തം പമ്പു ചെയ്യുന്നുണ്ട്. ഓരോ ദിവസവും ശരാശരി 9800 ലിറ്റര്‍ മുതല്‍ 12600 ലിറ്റര്‍ വരെ. ഏകദേശം 250 മുതല്‍ 300 ഗ്രാം വരെ തൂക്കമുള്ള ഇത് നെഞ്ചിന്റെറ മധ്യഭാഗത്തുനിന്നും അല്പം ഇടത്തേയ്ക്ക് മാറി സ്ഥിതിചെയ്യുന്നു. മുന്‍വശത്ത് നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകില്‍ നട്ടെല്ല്, വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയാല്‍ അത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

താളം തെറ്റുമ്പോള്‍

ഹൃദയപേശിയുടെ സഹായത്താലാണ് ഹൃദയത്തിന്റെ താളാത്മകമായ പ്രവര്‍ത്തനം സംജാതമാകുന്നത്.
ഹൃദയപേശികള്‍ക്കുണ്ടാകുന്ന തകരാറുകളും അണുബാധയും ജന്മനാലുള്ള വൈകല്യങ്ങളും എല്ലാം ഹൃദ്രോഗത്തിന്റെ പരിധിയില്‍ വരുന്നു.
പ്രധാനമായും ആറു വിധത്തിലാണ് ഹൃദ്രോഗം കാണപ്പെടുന്നത്.
1. രക്തക്കുഴല്‍ തകരാറ് (കൊറോണറി ആര്‍ട്ടറി ഡിസീസ്)
2. അസാധാരണമായ ഹൃദയമിടിപ്പ് (അരിത്മിയ)
3. ജനനസമയത്തെ ഹൃദ്രോഗം (കണ്‍ജനൈറ്റല്‍ ഹാര്‍ട്ട് ഡിഫക്ട്)
4. ഹൃദയവാല്‍വ് തകരാറ് (വാല്വിലാര്‍ ഡിസീസ്)
5. ഹൃദയപേശീ തകരാറ് (കാര്‍ഡിയോ മയോപ്പതി)
6. ഹൃദയ അണുബാധ (എന്‍ഡ്രോകാര്‍ഡിയക്‌സ്)

ഹൃദയസംബന്ധിയായ അസുഖങ്ങളുടെ വളര്‍ച്ചാനിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണ്. പണ്ട് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ ഹൃദ്രോഗനിരക്ക് കൂടുതലായിരുന്നു എങ്കില്‍ ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരിലും ഹൃദ്രോഗസാധ്യത കാണപ്പെടുന്നുണ്ട്.
ഹൃദയത്തിന്റെ താളപ്പിഴകള്‍ പലപ്പോഴും കൃത്യമായ ലക്ഷണങ്ങളിലൂടെ ശരീരം നമ്മെ അറിയിക്കാറുണ്ട്. എന്നാല്‍ വിദ്യാസമ്പന്നരായ ആള്‍ക്കാര്‍ പോലും ഈ ലക്ഷണങ്ങളെ അവഗണിക്കുകയോ അസിഡിറ്റിയെന്നോ മറ്റോ തെറ്റിദ്ധരിച്ച് തെറ്റായ മരുന്നുകളിലൂടെ സ്വയം ചികിത്സ നടത്തുകയോ ആണ് ചെയ്യുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടന പറയുന്നത് ഇത്തരം പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതും യഥാസമയം ചികിത്സ തേടുന്നതും ഹൃദ്രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ തന്നെ നിര്‍ണായകമായേക്കാം എന്നാണ്.

കാതോര്‍ക്കാം കരുതലോടെ

1. വിശ്രമിക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ നെഞ്ചിലേക്ക് പടരുന്ന വേദന, സമ്മര്‍ദ്ദം.
2. കൈകളിലേക്ക് പടരുന്ന വേദന (തോളില്‍ നിന്നും ഇടതു കൈയിലേക്ക്)
3. തലചുറ്റല്‍, പെട്ടെന്ന് ബാലന്‍സ് നഷ്ടമാവുക.
4. തളര്‍ച്ച
5. വിശ്രമാവസ്ഥയില്‍ പോലും അമിതമായ വിയര്‍പ്പ്.
6. ശരീരത്തിന്റെ പുറംഭാഗത്തുനിന്ന് പടരുന്ന വേദന.
7. അകാരണമായ ഓക്കാനം.
8. താടിയെല്ലിലും കഴുത്തിലും വേദന.
9. ക്രമരഹിതമായ ഹൃദയമിടിപ്പ്
10. ശ്വാസം മുട്ടല്‍

രോഗിയുടെ പ്രായം, ലിംഗം, ഭൗതികസാഹചര്യങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം.

ഹൃദയത്തോട് ചേര്‍ന്ന്

‘എല്ലാ ഹൃദയത്തിനും വേണ്ടി ഹൃദയം ഉപയോഗിക്കുക’ (Use heart for every heart) എന്നതാണ് ഈ വര്‍ഷത്തെ ലോക ഹൃദയദിനത്തിന്റെ സന്ദേശം. ഹൃദ്രോഗങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഹൃദയത്തിന്റെ പ്രസക്തിയും വിളിച്ചോതുന്ന സന്ദേശമാണിത്.
ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക എന്നതുപോലെ തന്നെ പ്രധാനമാണ് ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്ന ഒരു ജീവിതശൈലി കെട്ടിപ്പടുക്കുക എന്നുള്ളത്. ഹൃദയാരോഗ്യത്തില്‍ വ്യായാമത്തിനുള്ള സ്ഥാനം പ്രധാനമാണ്. എല്ലാ ദിവസവും കുറഞ്ഞത് 20 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന് ആരോഗ്യം നല്‍കും. ഇതുപോലെ തന്നെ പ്രധാനമാണ് നല്ല ഭക്ഷണശീലങ്ങള്‍. എല്‍ ഡി എല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്ന ബദാം പോലെയുള്ള ലഘുഭക്ഷണങ്ങളും ചെറു മത്സ്യങ്ങളും ആഹാരരീതിയുടെ ഭാഗമാക്കുക; അതേസമയം അമിത വണ്ണത്തിലേക്കും അനാരോഗ്യത്തിലേക്കും നയിക്കുന്ന ഫാസ്റ്റ് ഫുഡുകള്‍, അമിതമായ കൊഴുപ്പു നിറഞ്ഞ ആഹാരങ്ങള്‍, വറുത്തതും അമിത എരിവുള്ളതുമായവ എന്നിവ ഒഴിവാക്കുകയും വേണം.
ഹൃദയത്തെക്കുറിച്ചുള്ള അവബോധം കൃത്യമായി ഉള്‍ക്കൊള്ളുന്നതും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതും ജീവിതത്തെ സ്‌നേഹിക്കുന്ന നാമോരോരുത്തരുടെയും കടമയാണ്. ഹൃദയസ്പന്ദനത്തെ ജീവന്റെ തുടിപ്പായി കണ്ട് സ്‌നേഹത്തോടെ കാക്കുക. ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്ന ദുശ്ശീലങ്ങളെ ഉപേക്ഷിക്കുവാനുള്ള ഏറ്റവും നല്ല അവസരമാണ് ലോക ഹൃദയദിനം. ആരോഗ്യകരമായ ജീവിതം ഓരോ വ്യക്തിയും അര്‍ഹിക്കുന്നുണ്ട്. അതിനായുള്ള തയ്യാറെടുപ്പുകള്‍ ഹൃദയപൂര്‍വം തുടങ്ങുക. എല്ലാ ഹൃദയങ്ങള്‍ക്കും വേണ്ടി ഹൃദയം കൊണ്ട് സ്‌നേഹം ആശംസിക്കുന്നു.

Previous Post

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Next Post

വിശ്വാസ പരിശീലന പ്രവേശനോത്സവം ഒരുക്കി ന്യൂ ജേഴ്സി ഇടവക

Total
0
Share
error: Content is protected !!