ചിക്കാഗോ: പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷം അര്‍ഹരായ കുട്ടികളുമായി പങ്കുവച്ച് സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകരുകയാണ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ CML യൂണിറ്റ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന ‘Share with Joy, Prayer with Care’ പിറന്നാള്‍ ചാരിറ്റി പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് മാസത്തെ ആഘോഷം നാഗ്പൂരിലെ യുവജ്യോതി സ്ട്രീറ്റ് ബോയ്‌സ് ഹോമില്‍ സംഘടിപ്പിച്ചു. ഓഗസ്റ്റ് 30-നായിരുന്നു ആഘോഷ പരിപാടികള്‍.
അതേ ദിവസം ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ ഓഗസ്റ്റ് മാസത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്ന ഇടവകാംഗങ്ങള്‍ക്കായി പ്രത്യേക അനുഗ്രഹശുശ്രൂഷയും നടന്നു. ഇടവകാംഗങ്ങളുടെ പിറന്നാള്‍ സന്തോഷം അര്‍ഹരായ കുട്ടികളുമായി പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട കാരുണ്യപദ്ധതി നടപ്പാക്കുന്നത്.
ഇന്ത്യന്‍ ഡൊമിനിക്കന്‍ ഫാദേഴ്‌സിന്റെ നേതൃത്വത്തിലുള്ള സാമൂഹിക വികസന സംഘടനയായ Indian Centre for Integrated Development (ICID)-ന്റെ പ്രധാന സംരംഭമാണ് യുവജ്യോതി സ്ട്രീറ്റ് ബോയ്‌സ് ഹോം. പിന്നാക്ക സാഹചര്യങ്ങളില്‍ നിന്നുള്ള 40 സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും സ്‌നേഹപൂര്‍ണവുമായ താമസവും സംരക്ഷണവും വിദ്യാഭ്യാസവും ഇവിടെ ലഭ്യമാക്കുന്നു.
കുടുംബാന്തരീക്ഷത്തില്‍ വളരുന്നതിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യപരിചരണം, കൗണ്‍സലിംഗ്, ജീവിതനൈപുണ്യ പരിശീലനം, വ്യക്തിത്വ വികസനം എന്നിവയിലൂടെ കുട്ടികളെ ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും സ്വയംപര്യാപ്തതയും ഉള്ള വ്യക്തികളാക്കി വളര്‍ത്തുന്നതിനും സ്ഥാപനം ശ്രദ്ധിക്കുന്നു.
”Share with Joy, Prayer with Care’ പദ്ധതിയിലൂടെ സഹായം ലഭിക്കുന്ന പതിനൊന്നാമത്തെ സ്ഥാപനമാണ് നാഗ്പൂരിലെ യുവജ്യോതി സ്ട്രീറ്റ് ബോയ്‌സ് ഹോം. സ്വന്തം പിറന്നാള്‍ ആഘോഷത്തെ മറ്റൊരാളുടെ ജീവിതത്തില്‍ സന്തോഷവും പ്രതീക്ഷയും പകരുന്ന അവസരമാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രത്യേകത.
അടുത്ത മാസത്തോടെ പിറന്നാള്‍ ചാരിറ്റി പദ്ധതി സമാപിക്കും. പദ്ധതിയുടെ അവസാനഘട്ടം പുന്നത്തറയിലെ ബാലികാഭവനില്‍ നടത്തും. സ്വന്തം പിറന്നാള്‍ സന്തോഷത്തില്‍ മാത്രം ഒതുങ്ങാതെ, അത് മറ്റുള്ളവരുമായി പങ്കുവച്ച് സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശമാക്കുന്ന ഈ സംരംഭം ”സന്തോഷം പങ്കിടാം, കരുതലോടെ പ്രാര്‍ത്ഥിക്കാം” എന്ന മനോഹരമായ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.




