ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ മൂന്നാം തവണയും ഡോ. സിനോഷ് സ്‌കറിയാച്ചന്‍

രാജപുരം (കാസര്‍ഗോഡ്): ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇടം നേടി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിനോഷ് സ്‌കറിയാച്ചന്‍. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും എല്‍സിവിയര്‍ പ്രസാധക സ്ഥാപനവും സംയുക്തമായി പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ പട്ടികയിലാണ് ബയോമെഡിക്കല്‍ റിസര്‍ച്ച് വിഭാഗത്തിലെ മൈക്രോബയോളജി ഉപമേഖലയില്‍ ഡോ. സിനോഷ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റാങ്കിങ്ങില്‍ 1,186 സ്ഥാനങ്ങളുടെ പുരോഗതി കൈവരിച്ചാണ് അദ്ദേഹം ഇത്തവണ പട്ടികയില്‍ മുന്നിലെത്തിയത്. സെന്റ് പയസ് ടെന്‍ത് കോളേജ്, കാസര്‍ഗോഡ്, ഇന്ത്യ എന്ന പേരിലാണ് സിനോഷിന്റെ പേര് പട്ടികയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദീകരിച്ചത്. തുടര്‍ച്ചയായി മൂന്ന് തവണ ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടം നേടിയ കേരളത്തിലെ ശ്രദ്ധേയരായ യുവ ഗവേഷകരില്‍ ഒരാളാണ് ഡോ. സിനോഷ്. 150-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര നിലവാരമുള്ള ശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന് 3,000-ത്തിലധികം സൈറ്റേഷനുകളും ലഭിച്ചിട്ടുണ്ട്. ബയോഇന്‍ഫോര്‍മാറ്റിക്‌സ്, കംപ്യൂട്ടേഷണല്‍ ബയോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ പ്രയോജനപ്പെടുത്തി ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയായ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ എം ആര്‍ ) നിയന്ത്രിക്കുന്നതിനുള്ള നൂതന ഗവേഷണങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ക്കെതിരെ ദക്ഷിണേന്ത്യയില്‍ ലഭ്യമായ ഔഷധസസ്യങ്ങളില്‍ നിന്നും സമുദ്രത്തിലെ പ്രത്യേകതരം കടല്‍സ്‌പോഞ്ചുകളുമായി സഹജീവിതം പുലര്‍ത്തുന്ന സൂക്ഷ്മജീവികളില്‍ നിന്നും പുതിയ ബയോആക്റ്റീവ് സംയുക്തങ്ങള്‍ കണ്ടെത്തുന്നതിനും അവയുടെ ഔഷധസാധ്യതകള്‍ കംപ്യൂട്ടേഷണല്‍ രീതികളിലൂടെ വിലയിരുത്തുന്നതിനുമുള്ള പഠനങ്ങള്‍ അദ്ദേഹത്തിന്റെ ഗവേഷണരംഗത്ത് ശ്രദ്ധേയമാണ്. പ്രത്യേകതരം സൂക്ഷ്മജീവികളില്‍ നിന്നുള്ള എന്‍സൈമുകള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ജൈവനിര്‍മാര്‍ജനം, സമുദ്രപരിസ്ഥിതിയില്‍ കാണപ്പെടുന്ന ആക്ടിനോബാക്ടീരിയകളുടെ പ്രയോജനസാധ്യതകള്‍, പ്രോബയോട്ടിക്കുകള്‍, രോഗാണുക്കളുടെ ഔഷധപ്രതിരോധശേഷി എന്നിവയും അദ്ദേഹത്തിന്റെ ഗവേഷണ മേഖലകളില്‍ ഉള്‍പ്പെടുന്നു. കോവിഡ്-19, നിപ്പ, എബോള തുടങ്ങിയ പകര്‍ച്ചവ്യാധികളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കംപ്യൂട്ടേഷണല്‍ പഠനങ്ങളും നേരത്തെ ദേശീയതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബി.എസ്.സി. വിദ്യാര്‍ത്ഥികള്‍ നടത്തിയ ഗവേഷണത്തിലൂടെ പ്രത്യേക സവിശേഷതകളുള്ള നാല് പുതിയ ബാക്ടീരിയ ഇനങ്ങളെ കണ്ടെത്തിയതും ശ്രദ്ധേയമായ നേട്ടമാണ്.

കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് മൈക്രോബയോളജിയിലും ബയോഇന്‍ഫോര്‍മാറ്റിക്‌സിലും രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഡോ. സിനോഷ്, കര്‍ണാടകയിലെ വിശ്വേശ്വരയ്യ സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ബയോടെക്‌നോളജിയില്‍ ഡോക്ടറേറ്റ് നേടി. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലായി 300-ലേറെ സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുത്ത അദ്ദേഹം നിരവധി വേദികളില്‍ ക്ഷണിത പ്രഭാഷകനായും ഗവേഷണ പ്രബന്ധ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച മൈക്രോബയോളജി അധ്യാപകനുള്ള ദേശീയതല അംഗീകാരം, യുവശാസ്ത്രജ്ഞ പുരസ്‌കാരം, 25-ലേറെ മികച്ച ഗവേഷണ പ്രബന്ധ പുരസ്‌കാരങ്ങള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള നിരവധി ശാസ്ത്ര ജേണലുകളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും എഡിറ്ററായും പ്രവര്‍ത്തിക്കുന്ന അദ്ദേഹം 200-ലേറെ ശാസ്ത്രപ്രബന്ധങ്ങളുടെ പിയര്‍ റിവ്യൂവറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര അക്കാദമികളും ഉള്‍പ്പെടെ 25-ലേറെ ശാസ്ത്രസംഘടനകളില്‍ അംഗമായ അദ്ദേഹം വിവിധ ഗവേഷണ-അക്കാദമിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പരേതനായ വട്ടകുടിയില്‍ വി.വി. സ്‌കറിയാച്ചന്റെയും ജാന്‍സി സ്‌കറിയാച്ചന്റെയും മകനാണ് ഡോ. സിനോഷ് സ്‌കറിയാച്ചന്‍. ഫാമിലി കൗണ്‍സിലറും കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റുമായ ഡോ. ധന്യ പി. എലിസബത്താണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉജ്വലും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രജ്വലുമാണ് മക്കള്‍. ചെറുപനത്തടി സ്വദേശിയായ ഡോ. സിനോഷ് നിലവില്‍ കാഞ്ഞങ്ങാട് താമസിക്കുന്നു.

 

Previous Post

മാര്‍ തോമസ് ആനിമൂട്ടില്‍ പിതാവിന് കടുത്തുരുത്തി വലിയ പള്ളിയില്‍ സ്വീകരണം

Next Post

കായികരംഗത്ത് കല്ലറ സെന്റ് തോമസ് സ്‌കൂളിന് ഒരു പൊന്‍തൂവല്‍ കൂടി

Total
0
Share
error: Content is protected !!