ലോകത്ത് ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചും, സമാധാനപൂര്‍ണ്ണമായ സഹവാസത്തിന് ആഹ്വാനം ചെയ്തും പത്രോസിന്റെ സിംഹാസനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി ലിയോ പതിനാലാമന്‍ പാപ്പാ. ‘അനുണ്‍ച്യോ വോബിസ് ഗൗദിയും മാഞ്ഞും”: അബേമൂസ് പാപ്പാം’ നിങ്ങളോട് വലിയൊരു സന്തോഷവാര്‍ത്ത അറിയിക്കുന്നു: എന്ന, 2025 മെയ് എട്ടാം തീയതി, കര്‍ദ്ദിനാള്‍ സംഘത്തിന്റെ പ്രോട്ടോ ഡീക്കന്‍ കര്‍ദ്ദിനാള്‍ ഡൊമിനിക് മമ്പെര്‍ത്തിയുടെ വാക്കുകള്‍ അക്ഷരം പ്രതി പൂര്‍ത്തിയാക്കിക്കൊണ്ട്, ലോകത്ത് ആനന്ദത്തിന്റെയും അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും വക്താവായാണ്, ചിക്കാഗോയില്‍നിന്നുള്ള റോബെര്‍ട്ട് ഫ്രാന്‍സിസ് പ്രെവൊസ്റ്റ് എന്ന ലിയോ പതിനാലാമന്‍ പാപ്പാ തന്റെ ശുശ്രൂഷ തുടരുന്നത്.
യുദ്ധ, സംഘര്‍ഷ നിബിഡമായ ഒരു അന്താരാഷ്ട്രവ്യവസ്ഥിതിയില്‍ ക്രിസ്തുവചനങ്ങളില്‍ അടിസ്ഥാനമിട്ട സമാധാനത്തിന്റെ സന്ദേശമേകിയാണ് പരിശുദ്ധ പിതാവ് ഈയൊരു വര്‍ഷം പൂര്‍ത്തിയാക്കിയത്. ഏതാണ്ട് നാനൂറില്‍പ്പരം പ്രാവശ്യം, അതായത് ദിവസം ഒന്നിലധികം തവണയെങ്കിലുമാണ്, സമാധാനത്തിലധിഷ്ഠിതമായ ഒരു ലോകക്രമത്തിനായി ലിയോ പതിനാലാമന്‍ പാപ്പാ മാനവികതയെ ക്ഷണിച്ചത്.
ആക്രമണങ്ങളാലും അനീതിയാലും വേദനിക്കുന്ന മാനവികതയുടെ മുറിവുകളില്‍ ആശ്വാസതൈലം പകരാനും, പരസ്പരസംവാദങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് അനുരഞ്ജനത്തിലേക്കും സഹകരണമനോഭാവത്തോടെയുള്ള ജീവിത ശൈലി സ്വീകരിക്കാനും പാപ്പാ ക്രൈസ്തവരുള്‍പ്പെടെ ഏവരെയും ക്ഷണിച്ചു.
യുദ്ധം ഒരിക്കലും വിജയമേകുന്നില്ലെന്നും, അത് മാനവികതയുടെ പരാജയത്തിന്റെ അടയാളമാണെന്നുമുള്ള ഫ്രാന്‍സിസ് പാപ്പായുടെ ചിന്തകള്‍ പങ്കുവച്ച പാപ്പാ, യുദ്ധങ്ങളുടെ അനന്തരഫലം വെറുപ്പും വിദ്വേഷവും അനീതിയും അസമത്വങ്ങളും നിറഞ്ഞ ഒരു നാളെയാണെന്ന് ഓര്‍മ്മിപ്പിക്കുകയും, പകരം, അനുരജ്ഞനത്തിന്റെയും ക്ഷമയുടെയും പ്രാധാന്യവും അതിലുപരി മനുഷ്യാന്തസ്സ് മാനിക്കപ്പെടേണ്ടതിന്റെ ആവശ്യവും തിരിച്ചറിഞ്ഞ്, ചര്‍ച്ചകളും വെടിനിറുത്തലും അതുവഴി ഏവര്‍ക്കും ജീവിതയോഗ്യമായ ഒരു സാമൂഹ്യവ്യവസ്ഥിതി ഉറപ്പാക്കാന്‍ ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു.
യുദ്ധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുകയും, അവയുണ്ടാക്കുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രതിസന്ധികളും തിരിച്ചറിഞ്ഞ്, നിരായുധീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്‌ബോധിപ്പിക്കാനും പരിശുദ്ധ പിതാവ് ഏറെ സമയം കണ്ടെത്തി. ശക്തിയും ബലവും ഉപയോഗിച്ചുള്ള ഒരു സമാധാനസ്ഥാപനം എത്രമാത്രം ദുര്‍ബലവും അപേക്ഷികവുമാണെന്നതിലേക്കും പരിശുദ്ധ പിതാവ് വെളിച്ചം വീശി.
തന്റെ ശുശ്രൂഷയുടെ ആദ്യ വര്‍ഷം തന്നെ, ആദിമക്രൈസ്തവികതയുടെ വേരുകള്‍ ആഴത്തില്‍ പാകപ്പെട്ടിരുന്ന തുര്‍ക്കി, ലെബനന്‍ എന്നീ രാജ്യങ്ങളിലേക്കും, മൊണാക്കോയിലേക്കും, ആഫ്രിക്കയിലെ അല്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി എന്നീ രാജ്യങ്ങളിലേക്കും ഉള്‍പ്പെടെ മൂന്ന് അപ്പസ്‌തോലിക യാത്രകളും, ഇറ്റലിക്കുള്ളില്‍ നിരവധി അപ്പസ്‌തോലിക, ഇടയ സന്ദര്‍ശനങ്ങളും പരിശുദ്ധ പിതാവ് നടത്തിയിരുന്നു. തന്റെ സന്ദര്‍ശനങ്ങളില്‍ വയോധികര്‍ക്കും രോഗികള്‍ക്കും, യുവജനങ്ങള്‍ക്കും, സമര്‍പ്പിതര്‍ക്കും ഏറെ പ്രാധാന്യം കൊടുക്കുകയും അവര്‍ക്ക് പ്രത്യാശ പകരുകയും ചെയ്ത പാപ്പാ, അതേസമയം രാഷ്ട്രീയ, അധികാര നേതൃത്വങ്ങളിലുള്ളവരോട് ധാര്‍മ്മികമൂല്യങ്ങളോടെ ശുശ്രൂഷ ചെയ്യാന്‍ സധൈര്യം ആവശ്യപ്പെടുകയും ചെയ്തു.
മത മൗലികവാദം, തെറ്റായ പ്രത്യയശാസ്ത്രങ്ങള്‍ എന്നിവയ്ക്ക് അടിപ്പെട്ട് സമാധാനപൂര്‍ണമായ ജീവിതം അസാദ്ധ്യമാക്കുന്ന ചിന്താധാരകള്‍ക്കും നേതൃത്വങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താനും പാപ്പാ ധൈര്യം കാട്ടി.



